കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള ടിവി ചാനലാണ് 2020 ആഗസ്റ്റ് 17 ന്പ്രവർത്തനം ആരംഭിച്ച സഭാ ടിവി. ദേശീയതലത്തിലുള്ള രാജ്യസഭ ടിവി, ലോക്സഭ ടിവി എന്നിവയുടെ ചുവടുപിടിച്ചാണ് സഭാ ടിവി വരുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭാ നടപടികൾ നേരിട്ട് ചിത്രീകരിച്ചു സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി സഭാ ടിവിക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ സഭാ ടിവി നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രവർത്തനത്തെ പൂർണമായി അവഗണിക്കുന്നു എന്നു ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ പി അനിൽകുമാർ നിയമസഭാ സ്‌പീക്കർക്ക് നൽകിയ കത്ത്.
ബഹുമാനപ്പെട്ട സ്പീക്കർ
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭാ നടപടികൾ നേരിട്ട് ചിത്രീകരിച്ചു സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി സഭ ടിവിക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പ്രസ്തുത നിയന്ത്രണം കോവിഡ് സാഹചര്യങ്ങൾ മാറിയിട്ടും പിൻവലിക്കാത്തതിനെ തുടർന്ന് എല്ലാ ചാനലുകൾക്കും സഭാ നടപടികൾ ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് താങ്കൾക്ക് കത്ത് നൽകിയിട്ടുള്ളതുമാണ്. ഈ കാര്യത്തിൽ അടിയന്തരമായി അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ സഭാ ടി വി മുഖേന നിയമസഭാ നടപടികൾ സംപ്രേഷണം ചെയ്യുമ്പോൾ, ഏറെ പൊതു പ്രാധാന്യമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സഭയിൽ നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നില്ല. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ കാണിക്കാതെ മന്ത്രിമാരുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതും സഭ അധ്യക്ഷന്റെ ദൃശ്യം ഇല്ലാതെ സഭ നടപടികൾ സംപ്രേഷണം ചെയ്യുന്നതും ഉൾപ്പെടെ ചരിത്രത്തിൽ ഇല്ലാത്തതും പാർലമെന്ററി ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതുമായ നടപടികളാണ് നിലവിൽ സഭ ടിവി സ്വീകരിച്ചിരിക്കുന്നത്.
Also Read- പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദ് ചെയ്തു; ഒൻപത് മിനിറ്റിനുള്ളിൽ നിയമസഭ പിരിഞ്ഞു
ചട്ടം 36 പ്രകാരം 2002ൽ സഭാധ്യക്ഷൻ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നിലവിൽ നിയമസഭാ നടപടികളുടെ സംപ്രേഷണം ക്രമീകരിച്ചിരിക്കുന്നത്. 2004 ജനുവരി 1നാണ് സ്വകാര്യ ചാനലുകളിലൂടെ സഭാ നടപടികളുടെ തൽസമയ സംപ്രേഷണം ആരംഭിച്ചത്.
1994 ജൂൺ 22ന് ബഹു സ്പീക്കർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ലോക്സഭയിലെ സഭ നടപടികൾ ടെലികാസ്റ്റ് ചെയ്യുന്നത്. എന്നാൽ 2005 മെയ് മാസത്തിൽ സ്പീക്കറുടെ നിർദ്ദേശപ്രകാരം ലോക്സഭാ നടപടികളുടെ സംപ്രേഷണ കാര്യത്തിൽ താഴെപ്പറയുന്ന പ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ഭേദഗതി വരുത്തിയിട്ടുണ്ട്.
ലോകസഭ നടപടികളുടെ സംപ്രേഷണം സംബന്ധിച്ച മേൽപ്പറഞ്ഞ ഭേദഗതിയുടെ അന്ത:സത്ത കൂടി ഉൾക്കൊണ്ട് പാർലമെന്ററി ജനാധിപത്യ മര്യാദകൾ പാലിച്ചാണ് കഴിഞ്ഞകാലങ്ങളിൽ നിയമസഭാ നടപടികളുടെ സംപ്രേഷണം ക്രമീകരിച്ചിരുന്നത്.
എന്നാൽ നിലവിൽ സഭാ ടിവി സർക്കാർ നിയന്ത്രണത്തിലുള്ള ചാനൽ എന്ന രീതിയിൽ, പ്രതിപക്ഷ പ്രവർത്തനങ്ങളെയും പ്രതിഷേധങ്ങളെയും പൊതുസമൂഹത്തിൽ നിന്നും മറച്ചുവെക്കുന്നതിനുള്ള ഗൂഢ ലക്ഷ്യവുമായി പ്രവർത്തിക്കുകയാണ്. കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഫാസിസ്റ്റു പ്രവണതകൾ കേരളത്തിലെ പാർലമെന്ററി ജനാധിപത്യ പ്രക്രിയയെ വളരെയധികം ദുർബലപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല.
ആയതിനാൽ, സഭ ടിവി മുഖേന നിയമസഭാ നടപടികൾ സംപ്രേഷണം ചെയ്യുമ്പോൾ ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കറുടെ 2005 മെയ് മാസത്തിലെ നിർദ്ദേശത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ടും കീഴ് വഴക്കങ്ങൾ മാനിച്ചും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ കൂടി സംപ്രേഷണം ചെയ്യുന്നതിന് അടിയന്തര നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.