• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇതാണോ സ്ത്രീ സുരക്ഷയുടെ പുതിയ മോഡൽ ?'; KSRTC ബസ് സ്റ്റാൻഡുകളിൽ മദ്യവിൽപന ശാലകള്‍ തുടങ്ങുന്നതിനെതിരെ ബിന്ദു കൃഷ്ണ

'ഇതാണോ സ്ത്രീ സുരക്ഷയുടെ പുതിയ മോഡൽ ?'; KSRTC ബസ് സ്റ്റാൻഡുകളിൽ മദ്യവിൽപന ശാലകള്‍ തുടങ്ങുന്നതിനെതിരെ ബിന്ദു കൃഷ്ണ

''സ്ത്രീകളും വിദ്യാർഥികളും കുട്ടികളും എത്തുന്ന ഡിപ്പോകളിൽ മദ്യശാലകൾ തന്നെ തുടങ്ങണം എന്നത് സർക്കാരിന്റെ തല തിരിഞ്ഞ മദ്യനയമായും ജനദ്രോഹ നടപടിയായും മാത്രമേ കാണാൻ കഴിയൂ''

ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ

  • Share this:
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ മദ്യവിൽപന ശാലകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സ്ത്രീകളും വിദ്യാർഥികളും ഇനി കെഎസ്ആർടിസി ഡിപ്പോകളിലും ബസുകളിലും കയറേണ്ട എന്നാണോ തീരുമാനമെന്നും ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡലെന്നും ബിന്ദു കൃഷ്ണ ചോദിക്കുന്നു. സ്ത്രീകളും വിദ്യാർഥികളും കുട്ടികളും എത്തുന്ന ഡിപ്പോകളിൽ മദ്യശാലകൾ തന്നെ തുടങ്ങണം എന്നത് സർക്കാരിന്റെ തല തിരിഞ്ഞ മദ്യനയമായും ജനദ്രോഹ നടപടിയായും മാത്രമേ കാണാൻ കഴിയൂ. അത്തരം തീരുമാനങ്ങളിൽ നിന്നും അടിയന്തിരമായി പിന്മാറാൻ സർക്കാർ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സർക്കാരിന് നല്ല ബുദ്ധി ഉപദേശിച്ച് നൽകാൻ ആരുമില്ലേ ?
സ്ത്രീകളും, വിദ്യാർത്ഥികളും, കുട്ടികളും ഇനി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ബസ്സുകളിലും കയറണ്ട എന്നാണോ ?
ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡൽ ?
കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ എന്ന വ്യാജേന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനല്ലേ സർക്കാർ ശ്രമിക്കുന്നത് ?
കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ ജനോപകാരപ്രദമായ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ?
യുഡിഎഫിൻ്റെ മദ്യനയം തെറ്റാണെന്ന് പ്രസ്താവിച്ച് സെലിബ്രിറ്റികളെക്കൊണ്ട് പരസ്യമാമാങ്കം നടത്തിയ എൽഡിഎഫിൻ്റെ മദ്യനയം ഇതാണോ ?
മദ്യപിക്കുന്ന ഒരാളെ പോലും കുറ്റം പറയാൻ ഞാൻ ആളല്ല. ഓരോരുത്തർക്കും അവരവരുടേതായ അവകാശങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ എന്ന വ്യാജേന ഡിപ്പോകളിൽ മദ്യശാലകൾ തുറക്കാൻ ആലോചിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാനാണെങ്കിൽ എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ എത്രയോ മാർഗ്ഗങ്ങളുണ്ട്.
അതിന് മദ്യശാല തന്നെ തുടങ്ങണമെന്ന് നിർബന്ധമുണ്ടോ ?
കൺസ്യൂമർ ഫെഡിൻ്റെയോ, സപ്ലൈകോയുടേയോ ഔട്ട്ലെറ്റുകൾ തുടങ്ങിയാൽ പോരേ? ഒരു റേഷൻ കട തുടങ്ങിയാൽ പോലും ജനങ്ങൾ എത്തും.
ഇനി അതും പോരായെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകിയാൽ പോരേ.
സ്ത്രീകളും, വിദ്യാർത്ഥികളും, കുട്ടികളും എത്തുന്ന ഡിപ്പോകളിൽ മദ്യശാലകൾ തന്നെ തുടങ്ങണം എന്നത് സർക്കാരിൻ്റെ തല തിരിഞ്ഞ മദ്യനയമായും, ജനദ്രോഹ നടപടിയായും മാത്രമേ കാണാൻ കഴിയൂ.
അത്തരം തീരുമാനങ്ങളിൽ നിന്നും അടിയന്തിരമായി പിന്മാറാൻ സർക്കാർ തയ്യാറാകണം.കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷനും ബെവ്കോയും കൈ കോർക്കുന്നുവെന്നാണ് റിപ്പോർട്ട്. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു. കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നത്.

മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണ ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഇത്തരമൊരു നിർദേശം വെച്ചത്. കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകി ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാം.

തിരുവനന്തപുരം ഇഞ്ചയ്ക്കലിൽ കെട്ടിടം ഉൾപ്പെടെ നിർമിച്ചു നൽകാമെന്ന് ബെവ്കോയെയും കൺസ്യൂമർഫെഡിനെയും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വിൽ‍പനശാലകൾ പ്രവർത്തിക്കുന്നത്. ഉയർന്ന വാടകയാണ് നൽകുന്നത്. ഈ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുമെന്നതിന് പുറമെ മദ്യം വാങ്ങുന്നവർക്കും സൗകര്യപ്രദമാകുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.

കെഎസ്‌ആർടിസി സ്‌റ്റാൻഡുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആൻറണി രാജു

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി നൽകുമെന്ന്‌ ഗതാഗത മന്ത്രി ആൻറണി രാജു. യാത്രക്കാർക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധമാണ്‌ മദ്യക്കടകൾ ക്രമീകരിക്കുക. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‌ അനുമതി നൽകും. കെഎസ്‌ആർടിസിയുടെ കെട്ടിടങ്ങൾ ലേലത്തിനെടുത്ത്‌ മദ്യക്കടകൾ തുറക്കാം. ഇതിലൂടെ കെഎസ്‌ആർടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്.

ടിക്കറ്റ്‌ ഇതര വരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആർടിസി സ്വീകരിക്കും. സ്‌റ്റാൻഡിൽ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.
Published by:Rajesh V
First published: