• HOME
  • »
  • NEWS
  • »
  • kerala
  • »
  • CONGRESS LEADER KS SABARINADHAN WANTS CASE AGAINST CPM FOR INSULTING NATIONAL FLAG

'ദേശീയ പതാകയെ സിപിഎം അപമാനിച്ചു'; കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. എസ് ശബരീനാഥൻ

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നതെന്ന് കെ എസ് ശബരീനാഥൻ

cpm-national-flag1

cpm-national-flag1

  • Share this:
    തിരുവനന്തപുരം: ആദ്യമായി സ്വാതന്ത്ര്യദിനം ആചരിച്ച സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥൻ രംഗത്തെത്തി. മറ്റൊരു പതാകയും ദേശീയപതാകയേക്കാൾ ഉയരത്തിലോ ഒപ്പമോ ഉയർത്തരുതെന്ന ഇന്ത്യൻ ഫ്ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശബരീനാഥൻ ചൂണ്ടിക്കാട്ടി. സി.പി.എമ്മനെതിരെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കെ എസ് ശബരീനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

    എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag"- ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. CPM എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.

    എകെജി സെന്‍ററിൽ ദേശീയ പതാക; സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം

    ചരിത്രത്തിൽ ആദ്യമായി സിപിഎം ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. 1947 ൽ പി കൃഷ്ണപിള്ള പതാക ഉയർത്തിയിട്ടുണ്ട്. ത്യാഗനിർഭര പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇടതുപക്ഷം. കാർഷിക പരിഷ്കരണമായിരുന്നു സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയർത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

    പതാക ഉയർത്തലിൽ സ്വാതന്ത്ര്യദിന ആഘോഷം അവസാനിപ്പിക്കില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിൽ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച്‌ അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രന്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ. കെ ബാലന്‍. പി കെ ശ്രീമതി, എം. സി ജോസഫൈന്‍ സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.






    കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങളെക്കുറിച്ച് സിപിഎമ്മിൻ്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഓഗസ്റ്റ് 15ന് രാത്രി 7 മണിക്ക് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.

    വിവിധ ജില്ലാ കമ്മിറ്റി ഓഫീസുകളിൽ ജില്ലാ സെക്രട്ടറിമാർ പതാക ഉയർത്തി. പാര്‍ട്ടിരൂപീകരണത്തിനു ശേഷം ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും മറ്റു വിപുലമായ പരിപാടികളും നടത്തുന്നത്.

    Also Read- സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത്; പൊതുയോഗങ്ങള്‍ ഒഴിവാക്കും; ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍

    1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് ലഭിച്ചത് പൂര്‍ണ സ്വാതന്ത്ര്യമല്ല എന്ന നിലപാടിലായിരുന്നു ഇത്രയും കാലം ദിനാചരണത്തിൽ നിന്ന് സിപിഎം വിട്ടുനിന്നത്. എന്നാൽ ഈ വിഷയത്തിൽ ബംഗാളിൽ ഉൾപ്പടെ എതിരാളികളിൽനിന്ന് വലിയ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്.

    ചരിത്രത്തിലാദ്യമായി ഔദ്യോഗികമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിഞ്ഞ ആഴ്ച സമാപിച്ച കേന്ദ്ര കമ്മിറ്റിയിലാണ് സിപിഎം തീരുമാനിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്താനാണ് തീരുമാനിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടാകുമ്പോഴാണ് സിപിഎം കേന്ദ്ര കമ്മിറ്റി ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. പശ്ചിമ ബംഗാൾ ഘടകമാണ് ഈ തീരുമാനത്തിന് മുൻകൈ എടുത്തത്.
    Published by:Anuraj GR
    First published:
    )}