• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോൺഗ്രസ് സാമ്പത്തിക നയത്തിന് പരോക്ഷ വിമർശനം; കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് പിന്തുണയുമായി കെ.വി തോമസിന്‍റെ ലേഖനം

കോൺഗ്രസ് സാമ്പത്തിക നയത്തിന് പരോക്ഷ വിമർശനം; കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് പിന്തുണയുമായി കെ.വി തോമസിന്‍റെ ലേഖനം

ഫ്രാൻസിസ് മാർപ്പാപ്പയുടെ ലേഖനത്തിൻ്റെ ചുവടുപിടിച്ചാണ് കെ.വി.തോമസിൻ്റെ ലേഖനമെങ്കിലും കോൺഗ്രസ് പിന്തുണയ്ക്കുന്ന സാമ്പത്തിക നയത്തിൻ്റെ വിമർശനമാണ് ലേഖനത്തിലുടനീളം

kv thomas

kv thomas

 • Last Updated :
 • Share this:
  കൊച്ചി: സമ്പന്നൻ കൂടുതൽ സമ്പന്നനും ദരിദ്രൻ കൂടുതൽ ദരിദ്രനുമാകുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെയും ആശയങ്ങളെയും എതിർത്തുകൊണ്ടാണ് മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിൻ്റെ ലേഖനം. ഫ്രാൻസിസ് മാർപ്പാപ്പയുടെ എല്ലാവരും സഹോദരൻ എന്ന ലേഖനത്തിൻ്റെ ചുവടുപിടിച്ചാണ് കെ.വി.തോമസിൻ്റെ ലേഖനമെങ്കിലും കോൺഗ്രസ് കൂടി പിന്തുണയ്ക്കുന്ന സാമ്പത്തിക നയത്തിൻ്റെ വിമർശനമാണ് ലേഖനത്തിലുടനീളം. എന്നാൽ നെഹ്റു വിൻ്റെ സാമ്പത്തിക നയങ്ങളെ ലേഖനം പിന്തുണയ്ക്കുന്നുമുണ്ട്.

  'ഇന്ത്യയുടെ വളർച്ചയിലെ നട്ടെല്ലായ കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുത്ത് പൊതു-സ്വകാര്യ- സഹകരണ സംവിധാനത്തിലുടെ രാജ്യം മുന്നേറണമെന്ന ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ സാമ്പത്തിക കാഴ്ചപ്പാടുകളും അവഗണിക്കപ്പെട്ടു' എന്ന് കെ.വി.തോമസ് ചൂണ്ടിക്കാണിക്കുന്നു. മൻമോഹൻ സിങ്ങ് കൊണ്ടുവന്ന സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള രൂക്ഷമായ പരോക്ഷ വിമർശനമാണ് ഇത്. എന്നാൽ ലേഖനത്തെക്കുറിച്ചുള്ള പ്രഫ.കെ.വി.തോമസിൻ്റെ പ്രതികരണം ലഭ്യമായിട്ടില്ല.

  Also Read: 'നന്നായി ആലോചിച്ചിട്ടാണോ പദ്ധതി'; കെഎസ്ആർടിസി ജനതാ സർവ്വീസിന് വിമർശനവുമായി മുഖ്യമന്ത്രി

  ലേഖനത്തിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ:

  പാവപ്പെട്ടവരുടെ പാപ്പ എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഫ്രാൻസീസ് മാർപാപ്പ തൻ്റെ പേരു കാരനായ അസിസിയിലെ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരുനാൾ ദിനത്തിൽ പുറപ്പെടുവിച്ച "എല്ലാവരും സഹോദരർ" എന്ന ചാക്രിക ലേഖനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

  ലോകത്ത് വലിയ പുരോഗമനവും വികസനവും കൊണ്ടു വരുന്നു എന്ന് ക്യാപിറ്റലിസ്റ്റ് ചിന്താഗതിക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ലോകസമ്പത്തിൻ്റെ ഏറിയ പങ്കും ഏതാനും രാജ്യങ്ങളിലും വ്യക്തികളിലും മാത്രം ഒതുങ്ങി കിടക്കുകയാണ്. ലോകവ്യാപകമായി സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. എന്നാൽ വികസനത്തിൻ്റെ ഫോർമുല ക്യാപിറ്റലിസമാണ് എന്നവകാശപ്പെടുന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണ നടപടികളും രോഗപ്രതിരോധ പ്രവർത്തനങ്ങളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. കോവിഡു പകർന്ന ദരിദ്ര രാജ്യങ്ങൾ നിസ്സഹയരായി നില്ക്കെ, കുത്തക മുതലാളിത്ത രാജ്യങ്ങളിലെ ദരിദ്രർക്കാകട്ടെ സമ്പത്തില്ലാത്തതിൻ്റെ പേരിൽ ചികിത്സ അപ്രാപ്യവുമായിരിക്കുന്നു.

  ഈ സാഹചര്യത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ''എല്ലാവരും സഹോദരർ'' എന്ന ചാക്രിക ലേഖനം പ്രസക്തമാവുന്നത്. ലോകത്തിലുണ്ടാകുന്ന പുരോഗതിയും വികസനവും എല്ലാവരിലും എത്തേണ്ടതുണ്ട്‌. കോവിഡു വ്യാപനത്തെ നേരിടുവാനും പ്രതിസന്ധി പരിഹരിക്കാനും ലോകസമൂഹം ഒന്നിച്ചു പോരാടണം.

  കോവിഡിൻ്റെ വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തി നില്ക്കുന്ന ഇന്ത്യയിൽ മരണനിരക്കും പട്ടിണിയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. സർക്കാർ ഏറ്റെടുക്കുന്ന പ്രതിരോധ നടപടികൾ ഒന്നൊന്നായി പരാജയപ്പെടുകയുമാണ്. കഴിഞ്ഞ അഞ്ചു മാസക്കാലമായി പല ഘട്ടങ്ങളിലായി നടപ്പിലാക്കിയ പൂട്ടിയിടൽ തൊഴിൽ നഷ്ടവും ദാരിദ്രവും വർദ്ധിപ്പിച്ചു എന്നു മാത്രമല്ല രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി ശോഷിപ്പിക്കുകയും ചെയ്തു. രണ്ടു മാസം രാജ്യം പൂർണ്ണമായി അടച്ചു ചെണ്ടകൊട്ടിയും വിളക്കു കത്തിച്ചും കൊറോണയെ പിടിച്ചുകെട്ടുമെന്ന് വീമ്പിളക്കിയവർ ഇനി ജൂലൈ മാസത്തിൽ വരുമെന്നു പറയുന്ന വാക്സിനു വേണ്ടി കാത്തിരിക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്.

  അതേ സമയത്തു തന്നെ നമ്മുടെ അയൽ രാജ്യങ്ങളുമായുള്ള ശത്രുത മൂലം ചിലവഴിക്കപ്പെടേണ്ടി വരുന്നത് കോടികളാണ് .ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ലോകത്തെല്ലായിടത്തും വിധ്വംസക പ്രവർത്തനങ്ങളും യുദ്ധസാഹചര്യങ്ങളും അനുദിനം വർദ്ധിച്ചുവരുകയാണ്. ജനങ്ങളുടെ പട്ടിണിക്കറുതിയും സമാധാന പാലനവും ലക്ഷ്യം വച്ചുള്ള മാർപാപ്പയുടെ ചാക്രിക ലേഖനത്തിൻ്റെ പ്രസക്തി ഈ ഘട്ടത്തിൽ ഉയർന്നു നില്ക്കുന്നു.

  Also Read COVID 19| മന്ത്രി എം.എം മണിക്ക് കോവിഡ്; സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ അംഗം

  ഈ ദുർഘട സാഹചര്യത്തിൽ ലോക സാമ്പത്തിക മേഖലയുടെ തകർച്ച പോലും പരിഗണിക്കാതെ അമേരിക്ക, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ മുതലാളിത്ത രാജ്യങ്ങൾ ആയുധകച്ചവടങ്ങൾക്കു കോപ്പുകൂട്ടുകയാണ്. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ മഹാത്മാഗാന്ധിയുടെ ആയുധ രഹിത -അഹിംസാ പോരാട്ടം മാർപാപ്പയുടെ ഈ ചാക്രിക ലേഖനത്തിൻ്റെ വെളിച്ചത്തിൽ കൂടുതൽ പ്രഭാ പൂരിതമാവുന്നുണ്ട്.

  ഇന്ത്യയുടെ വളർച്ചയിലെ നട്ടെല്ലായ കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുത്ത് പൊതു-സ്വകാര്യ- സഹകരണ സംവിധാനത്തിലുടെ രാജ്യം മുന്നേറണമെന്ന ആദ്യ പ്രധാനമന്ത്രിയായിരുന്നപണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ സാമ്പത്തിക കാഴ്ചപ്പാടുകളും അവഗണിക്കപ്പെട്ടു. 1947 ആഗസ്ത് 15 നു രാജ്യം സ്വതന്ത്രമായ സന്ദർഭത്തിൽ ഇന്ത്യയിലെ 37 കോടി ജനങ്ങൾക്കു ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. എന്നാൽ 72 വർഷത്തിനിപ്പുറം ഭക്ഷ്യോത്പാദനത്തിൽ നാം ലോകത്തിനു മാതൃകയായത് നെഹ്രുവിൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമായിരുന്നു. ഭക്രാനംഗൽ ഉൾപ്പടെയുള്ള അണക്കെട്ടുകൾ ഇന്ത്യയുടെ പുതിയ ക്ഷേത്രങ്ങളായി വിശേഷിക്കപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്
  നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു ശേഷം മുതലാളിത്ത വ്യവസ്ഥിതിക്കും സ്വകാര്യവത്ക്കരണത്തിനും ആക്കം കൂടി.

  പൊതുമേഖലാ ഉടമസ്ഥതയിലുണ്ടായിരുന്ന ബി.പി.സി.എൽ,. ബി.എസ്, എൻ.എൽ ഉൾപ്പടെയുള്ള ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളിലേറെയും കോവിഡു കാലത്തെ അശാസ്ത്രീയ നിയന്ത്രണങ്ങൾക്കു മറവിൽ കുത്തകകൾക്ക് വിറ്റ് സമ്പൂർണ്ണ മുതലാളിത്തത്തിനു രാജ്യത്തെയും ജനങ്ങളെയും സർക്കാർ പൂർണ്ണമായും അടിയറ വച്ചു കഴിഞ്ഞു.കാർഷിക മേഖലയിൽ ആര്,എന്ത്, എപ്പോൾ ഉത്പാദിപ്പിക്കണം എന്നു ഇനി മുതൽ തീരുമാനിക്കുന്നതും അംബാനി- അദാനി മാരാണ്.ഫെഡറലിസത്തിൻ്റെ ഭാഗമായ പ്ലാനിംഗ് കമ്മീഷൻ തച്ചുടച്ച് ധനവകുപ്പിനു കീഴിൽ നീതി ആയോഗിനു രൂപം നല്കി.

  ചോര ചിന്തി നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ തൊഴിലാളികൾക്കന്യമായിത്തീർന്നു. ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം തൊഴിൽ സ്ഥാപനങ്ങളിലും പുതിയ തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പിലായിക്കഴിഞ്ഞു. 300 ൽ താഴെ തൊഴിലാളികളുള്ള ഏതൊരു സ്ഥാപനത്തിലെയും തൊഴിലാളികളെ പിരിച്ചുവിടുന്നതിനു ഒരു നിയമ വ്യവസ്ഥകളും ബാധകമല്ല എന്ന മുതലാളിത്ത അനുകൂല സാഹചര്യമാണ് നിലവിലുണ്ടായിരിക്കുന്നത്.

  ജനാധിപത്യത്തിൻ്റെ നെടും തൂണുകളിലൊന്നായ മാധ്യമങ്ങൾ മിക്കവയും സർക്കാർ കടിഞ്ഞാണിനകത്തായി. സ്വത്ത് മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള മുതലാളിത്ത ഇടപെടലിൻ്റെ ഫലമാണ് വികസ്വര രാജ്യമായ ഭാരതത്തിൽ പോലും പ്രകടമാവുന്നത്. മനുഷ്യ സാഹോദര്യത്തേക്കാളേറെ ധനം ആർജിക്കുക എന്ന മുതലാളിത്ത കാഴ്ചപ്പാട് കോവിഡ് കാലത്ത് ശക്തിയാർജിച്ചതിൻ്റെ പ്രതിരോധമാണ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ചിന്താസരണിയിലധിഷ്ഠിതമായ "ഏവരും സഹോദരർ" എന്ന ചാക്രിക ലേഖനം. ഞാൻ വളരുന്നതിനൊപ്പം മനുഷ്യസമൂഹം ഒന്നാകെ വളരണം എന്ന കാഴ്ചപ്പാടാണ് മാർപാപ്പ തൻ്റെ ചാക്രിക ലേഖനത്തിലൂടെ വെളിവാക്കുന്നത്. മഹാമാരിയിൽ കമ്പോള മുതലാളിത്തം പരാജയപ്പെട്ടു എന്നു വ്യക്തമാക്കുന്നതാണ് ഈ ലേഖനം.

  ദരിദ്രരോടൊപ്പം പാപികളാടും ഒപ്പം ജീവിച്ച ക്രിസ്തു സന്ദേശത്തിൻ്റെ സ്പന്ദനങ്ങളും ഈ ചാക്രിക ലേഖനം ലോകത്തെമ്പാടും അനുഭവവേദ്യമാക്കുന്നുണ്ട്. അംബരചുംബികളായ ദേവാലയങ്ങളിലും മണി മന്ദിരങ്ങളിലുമല്ല തന്നെ തിരയേണ്ടത് എന്ന് പഠിപ്പിച്ച യേശുക്രസ്തുവിൻ്റെ ദരിദ്രനോടുള്ള പക്ഷം ചേരൽ കൂടിയാണ് മാർപാപ്പ മുന്നോട്ടുവയ്ക്കുന്നത്.

  " ഞാൻ വിശക്കുന്നവനായിരുന്നു.... നീ എനിക്കു ഭക്ഷിപ്പാൻ തന്നുവോ...''
  ''ഞാൻ നഗ്നനായിരുന്നു.... രോഗിയായിരുന്നു.... കാരാഗ്രഹവാസിയായിരുന്നു...
  ആധുനിക കാലത്തെ ഏറ്റവും പ്രസക്തമായ ''ഞാൻ അഭയാർത്ഥിയായിരുന്നു" എന്ന ചോദ്യത്തിനുത്തരം കൂടിയാണ് '' Fratelli Tutti അഥവാ എല്ലാവരും സഹോദരർ എന്ന ചാക്രിക ലേഖനം.
  Published by:user_49
  First published: