• HOME
  • »
  • NEWS
  • »
  • kerala
  • »
  • KV Thomas | ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ കഴിവെന്ന് കെ.വി തോമസ്; മറുപടി നല്‍കി വി.ഡി സതീശന്‍

KV Thomas | ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ കഴിവെന്ന് കെ.വി തോമസ്; മറുപടി നല്‍കി വി.ഡി സതീശന്‍

ഗെയിൽ വാതക പൈപ്പ് ലൈൻ ഭൂമിക്ക് അടിയിലെ ബോംബാണെന്ന് പറഞ്ഞ ഒരാൾ പിണറായി മന്ത്രി സഭയിലുണ്ട്. അതൊക്കെ തോമസ് മാഷിനോട് ചോദിച്ചാൽ മതിയെന്നായിരുന്നു  പ്രതിപക്ഷ നേതാവിൻ്റെ പരിഹാസം

  • Share this:
കൊച്ചി: കെ റെയിൽ പദ്ധതിയുടെ പേരിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫ് കക്ഷികൾ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിൻറെ പ്രതികരണം. നിരവധി മുഖ്യമന്ത്രിമാരുടെ കാലഘട്ടത്തിൽ നടപ്പിലാക്കാൻ നോക്കിയിട്ടും മുടങ്ങിക്കിടന്ന ഗെയിൽ വാതക പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത് പിണറായി വിജയനെ കൊണ്ടാണെന്ന് കെ.വി തോമസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിൻ്റേതായ ശൈലിയുണ്ട്. എന്നാൽ ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് വേണം കെറെയിൽ പോലെയുള്ള വലിയ പദ്ധതികൾ നടപ്പിലാക്കേണ്ടത്. കൊച്ചി മെട്രോ, നെടുമ്പാശ്ശേരി വിമാനത്താവളം പോലെയുള്ള വൻകിട പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായ സമരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അന്ന് സമരത്തിന് നേതൃത്വം കൊടുത്തവർ പിന്നീട് വിമാനത്താവളത്തിന് നിർണായകമായ ചുമതലയും വഹിച്ചിട്ടുണ്ട്.

വൻകിട പദ്ധതികൾ ഉണ്ടാകുമ്പോൾ വലിയ എതിർപ്പുകൾ ഉണ്ടാകും. അവരെ വിശ്വാസത്തിലെടുത്തു വേണം സർക്കാരുകൾ മുൻപോട്ടു പോകുവാൻ, കെ കരുണാകരൻ്റെ ഇച്ഛാശക്തി കൊണ്ടാണ് അന്ന് നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമായത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രയത്നഫലമായാണ് കൊച്ചി മെട്രോ യാഥാർഥ്യമായത്. കൊച്ചി വിമാനത്താവളത്തിനായി വിദേശ രാജ്യങ്ങളിൽ താനും, പി ജെ കുര്യനും സന്ദർശനം നടത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ടെന്നും കെ വി തോമസ് പറഞ്ഞു.

സി.പി.എം പാർട്ടി കോൺഗ്രസ് സർക്കാർ പരിപാടിയല്ല. അതിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടിയുമായി ഈ കാര്യം കൂടിയാലോച്ചിട്ടുണ്ട്. പങ്കെടുക്കേണ്ടെന്ന് പാർട്ടി അന്തിമമായി തീരുമാനിച്ചിട്ടില്ല. ഈ കാര്യം കെ. പി. സി. സി പ്രസിഡൻ്റ്  കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി. സതീശനുമായി കൂടിയാലോചിക്കുമെന്നും കെ. വി. തോമസ് വ്യക്തമാക്കി.

അതേസമയം, പിണറായി വിജയനെ സ്തുതിച്ച് കെ.വി തോമസ് നടത്തിയ പരാര്‍ശനത്തിന് പരിഹാസ രൂപത്തിലാണ്  വി.ഡി.സതീശൻ മറുപടി നൽകിത്. ഗെയിൽ വാതക പൈപ്പ് ലൈൻ ഭൂമിക്ക് അടിയിലെ ബോംബാണെന്ന് പറഞ്ഞ ഒരാൾ പിണറായി മന്ത്രി സഭയിലുണ്ട്. അതൊക്കെ തോമസ് മാഷിനോട് ചോദിച്ചാൽ മതിയെന്നായിരുന്നു  പ്രതിപക്ഷ നേതാവിൻ്റെ പരിഹാസം.
യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുവാൻ ശ്രമിക്കുന്നത്. നിയമ സഭയിൽ തൻ്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുവാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

സർക്കാർ ഈ കാര്യത്തിൽ പിടിവാശി വെടിയണം.പൊലീസ് വലിച്ചിഴച്ച യുവതിക്കെതിരെ കേസെടുത്ത സംഭവം അംഗീകരിക്കുവാൻ കഴിയില്ല. ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കും.കേസെടുത്ത് ഭയപ്പെടുത്താൻ പിണറായി വിജയൻ നോക്കണ്ട. അവരെ വലിച്ചിഴച്ചപ്പോൾ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും വി. ഡി. സതീശൻ ചോദിച്ചു.

കെ റെയിലിൽ സർക്കാരുണ്ടാക്കിയത് തട്ടിക്കൂട്ടിയ  അബദ്ധ പഞ്ചാംഗമായ ഡിപിആർ ആണ്. കല്ല് സ്ഥാപിക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ അത് പിഴുതെറിയുവാനാണ് പ്രതിപക്ഷ തീരുമാനമെന്നു സതീശൻ വ്യക്തമാക്കി.
Published by:Arun krishna
First published: