നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പാര്‍ട്ടി പ്രസിഡന്റിനെ സ്ലോട്ട് വെച്ച് കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ല': കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും

    'പാര്‍ട്ടി പ്രസിഡന്റിനെ സ്ലോട്ട് വെച്ച് കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ല': കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും

    കെപിസിസി നേതൃത്വത്തിന് എതിരെ കടുത്ത പരാതിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്.

    മുല്ലപ്പള്ളി രാമചന്ദ്രൻ

    മുല്ലപ്പള്ളി രാമചന്ദ്രൻ

    • Share this:
      തിരുവനന്തപുരം: കഴിഞ്ഞ 50 വര്‍ഷത്തിനിടെ സ്ലോട്ട് വെച്ച് കെ പി സി സി പ്രസിഡന്റിനെ കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിക്ക് 20 മിനിറ്റ് സമയം അനുവദിച്ചെന്ന കെ പി സി സി പ്രസിഡന്റിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള സമവായ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

      മുല്ലപ്പള്ളി ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സീനിയര്‍ നേതാക്കന്മാര്‍ ആരും താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല എന്ന പരാതി പറയാറില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെ പി സി സി അധ്യക്ഷന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല.

      സുധീരന്‍ തന്റെ ആത്മ സുഹൃത്താണ്. ഒരുപാട് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്ന നേതാവാണ് വി എം സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് മാത്രമേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവുകയുള്ളു. എല്ലാ സീനിയര്‍ നേതാക്കളെയും പാര്‍ട്ടി ഉള്‍കൊള്ളണം. എല്ലാവരെയും ചേര്‍ത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് പോകണം. ഇതൊരു ജനാധിപത്യ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

      കെപിസിസി നേതൃത്വത്തിന് എതിരെ കടുത്ത പരാതി ഉന്നയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് പറഞ്ഞു. എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അൻവറിനോട് പറഞ്ഞു.

      എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചിട്ടും ഇന്നലെ താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ അതൃപ്തി അറിയിച്ചു. അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നൽകിയതോടെ താരിഖ് അൻവർ കൂടിക്കാഴ്ചക്ക് തയ്യാറായി എത്തുകയായിരുന്നു.

      Also Read- വി.എം. സുധീരൻ എ.ഐ.സി.സി. അംഗത്വം രാജിവെച്ചു; കൂടുതൽ കടുത്ത നിലപാടിലേക്ക്

      വി എം സുധീരനുമായും ചര്‍ച്ച നടത്തുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാര്‍ട്ടി മുന്നോട്ട് പോകും. മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച ചെയ്യും. മുല്ലപ്പള്ളിയുടെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് അനിവാര്യമാണെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

      മുതിർന്ന നേതാവ് വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തുടർന്ന് എഐസിസി അം​ഗത്വവും രാജിവച്ചത് കോൺ​ഗ്രസിന് തലവേദന ആയിരിക്കെയാണ് മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനും ഇടയുന്നത്. കെ പി സി സി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് മുതിർന്ന പാർട്ടി പ്രവർത്തകർ തന്നെ പാർട്ടി വിടുന്നതും കോൺ​ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിന് പിന്നാലെ കെ പി സി സി പുനഃസംഘടനയും കോൺ​ഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.
      Published by:Rajesh V
      First published:
      )}