തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്ത പങ്കെടുത്തതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ അടങ്ങുന്നില്ല. ലോകായുക്തയുടെ മുന്നിലുള്ള ഒരു കേസിലെ പ്രതി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന വിമർശനങ്ങൾക്ക് ലോകായുക്ത തന്നെ കഴിഞ്ഞ ദിവസം മറുപടി നൽകി. കോൺഗ്രസ് നേതാക്കളടക്കം ഈ വിഷയത്തിൽ ലോകായുക്തക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ലോകായുക്തയെ പിന്തുണച്ച് കോൺഗ്രസിലെ മുതിർന്ന നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായി പി ജെ കുര്യൻ രംഗത്തെത്തി.
എല്ലാ ലക്ഷ്മണ രേഖയും ലംഘിച്ചാണ് ലോകായുക്തക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതെന്നും സർക്കാർ വിരുന്നിൽ പങ്കെടുത്താൽ സ്വാധീനിക്കപ്പെടുന്ന ദുർബലരാണോ നമ്മുടെ ജഡ്ജിമാരെന്നും പി ജെ കുര്യൻ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
Also Read- സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ചീന്തിയെറിഞ്ഞ് വിരുന്നില്‍ പങ്കെടുത്തതിന് എന്തു ന്യായീകരണം?’കെ. സുധാകരൻ
കുറിപ്പിന്റെ പൂർണരൂപം
ഇത്രയും വേണോ
മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് ലോകായുക്തയെ കുറെപേർ അധിക്ഷേപിച്ചു. ചാനലുകളിലും മറ്റും അധിക്ഷേപം തുടർന്നു. ലോകായുക്ത കാര്യം വിശദീകരിച്ചപ്പോൾ കീഴ് വഴക്കം ലംഘിച്ചെന്നായി. “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം”. വിമർശകർ എല്ലാ ലക്ഷ്മണ രേഖയും ലംഘിച്ചാണ് വ്യക്തിപരമായ അധിക്ഷേപം നടത്തിയത്.
ലോകായുക്തയെ നിയമിച്ചത് പിണറായി മന്ത്രിസഭയാണ്. ആ മന്ത്രിസഭയിലെ മന്ത്രിയ്ക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചല്ലോ?. അതിനുള്ള ആർജവം കാണിച്ച ലോകായുക്ത ഒരു വിരുന്നിൽ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തി സഹജമാണോ?.
മുഖ്യമന്ത്രി നടത്തിയത് സ്വകാര്യവിരുന്നായിരുന്നില്ല, മറിച്ച് സർക്കാർ ചിലവിലുള്ള ഔദ്യോഗിക വിരുന്നായിരുന്നു എന്നതും വിമർശകർ മറക്കുന്നു. സർക്കാർ വിരുന്നിൽ പങ്കെടുത്താൽ സ്വാധീനിക്കപ്പെടുന്ന ദുർബലരാണോ നമ്മുടെ ജഡ്ജിമാർ.
ഡൽഹിയിൽ കേന്ദ്ര മന്ത്രിമാർ നടത്തുന്ന പല വിവാഹ സൽക്കാരങ്ങളിലും, ഗവണ്മെന്റ് കേസുകൾ കേൾക്കുന്ന ജഡ്ജിമാർ പങ്കെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പ്രതിപക്ഷപാർട്ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്. അക്കാരണത്താൽ അവരെല്ലാം സ്വാധീനിക്കപ്പെടുമെന്നാണോ?. ലോകായുക്ത വിശദീകരണത്തിന് ശേഷവും വിമർശനം തുടരുന്നത് നീതികരിക്കാനാവില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.