കൊല്ലം: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മുൻ പ്രസിഡന്റായിരുന്നു. ഏറെ കാലം മിൽമയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട പ്രയാർ ഗോപാലകൃഷ്ണനെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓച്ചിറയിൽനിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ വരുമ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. 2001ൽ ചടയമംഗലം എംഎൽഎ ആയിരുന്നു.
പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രമുഖ സഹകാരിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും മുൻ എം എൽ എ യുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മിൽമയെയും നയിച്ച അദ്ദേഹം ദീർഘകാലമായി സഹകരണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രയാർ ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം
മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിൻ്റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. മിൽമ എന്ന പേരും മുന്നോക്ക വികസന കോർപറേഷന് സമുന്നതി എന്ന പേരും പ്രയാറിൻ്റെ സംഭാവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹത്തിൻ്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു. ഇത് വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചടയമംഗലം UDF നൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തിന്റെ വികസന നായകൻ എന്ന പേര് പ്രയാറിന് സ്വന്തമാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Updating...
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.