നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • PT Thomas| സ്‌മൃതിയാത്ര നാളെ; പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും 

    PT Thomas| സ്‌മൃതിയാത്ര നാളെ; പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും 

    തുറന്ന വാഹനത്തിലായിരിക്കും ചിതാഭസ്മം കൊണ്ടുപോകുക. ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്‌ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

    • Share this:
    കൊച്ചി: കെ പി സി സി വർക്കിങ്ങ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന പി.ടി. തോമസിന്റെ ചിതാഭസ്മം നാളെ (തിങ്കളാഴ്ച)  അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യും. ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്‌മൃതിയാത്ര നാളെ രാവിലെ  ഏഴ് മണിക്ക് പാലാരിവട്ടത്തെ വീട്ടിൽ നിന്നാരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ കുടുംബാംഗങ്ങളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും.

    തുറന്ന വാഹനത്തിലായിരിക്കും ചിതാഭസ്മം കൊണ്ടുപോകുക.  ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്‌ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 7.30ന്  കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ ചിതാഭസ്മം എത്തിക്കും. തുടർന്ന് ആലുവ റയിൽവേ സ്റ്റേഷൻ, തടിയിട്ടപറമ്പ് ജംഗ്‌ഷൻ,  പെരുമ്പാവൂർ യാത്രിനിവാസ്, കോതമംഗലം ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലാണ് കൊണ്ടുവരുന്നത്.

    ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് നിന്ന് സ്മൃതിയാത്രയെ ഇടുക്കി ഡി സി സിയുടെ നേതൃത്വത്തിൽ അനുഗമിക്കും. വൈകിട്ട് നാല് മണിക്ക് ഉപ്പുതോട് പള്ളിയിൽ സ്‌മൃതിയാത്ര സമാപിക്കും. കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ‌ചാണ്ടി, രമേഷ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ  കുര്യാക്കോസ് എം.പി തുടങ്ങിയവർ പങ്കെടുക്കും.

    കളമശേരി പ്രീമിയർ ജംഗ്‌ഷൻ : 7.30
    ആലുവ റയിൽവേ സ്റ്റേഷൻ        : 8.00
    തടിയിട്ടപറമ്പ് ജംഗ്‌ഷൻ                : 8.30
    പെരുമ്പാവൂർ യാത്രിനിവാസ്     : 9.00
    കോതമംഗലം ഗാന്ധിസ്ക്വയർ : 10.00
    നേര്യമംഗലം                                       : 11.00
    ഇരുമ്പ് പാലം                                       : 11.45
    അടിമാലി                                             : 12.15
    കല്ലാർകുട്ടി                                          : 1.30
    പാറത്തോട്                                          : 2.00
    മുരിക്കാശേരി                                    : 3.00
    ഉപ്പുതോട്                                              : 4.00



    തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ്? 

    പി ടി തോമസിന്റെ  മരണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭ  ഉപതിരഞ്ഞെടുപ്പ് നേരത്തെയാകുമെന്നു സൂചന. സാധാരണ നിലയിൽ ആറു മാസത്തിനുള്ളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തി ഒഴിവ് നികത്തിയാൽ മതി. എന്നാൽ മാർച്ച് ആദ്യം നടത്തുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം  ഇതര സംസ്ഥാനങ്ങളിൽ ഒഴിവുള്ള മുഴുവൻ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പും നടത്തുവാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്.

    പി ടി. തോമസിന്റെ ഒഴിവിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ കോൺഗ്രസിൽ തുടക്കം കുറിച്ച് കഴിഞ്ഞു.  ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ വിഷ്ണു തോമസിനെയോ, ഭാര്യ ഉമ തോമസിനെയോ മത്സരിപ്പിക്കണമെന്ന  ആവശ്യം  കോൺഗ്രസിൽ  ഉയരുന്നുണ്ട്. പി ടി തോമസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളോടുള്ള ജനങ്ങളുടെ മതിപ്പ് വിളംബരം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങിനെത്തിയ ജനസഞ്ചയം. ആ ജനാഭിലാഷത്തോട് നീതി പുലർത്തുന്ന സ്ഥാനാർത്ഥി വേണമെന്ന ചർച്ചയിലാണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ളവരുടെ പേര് സജീവമായി ഉയർന്നുവരുന്നത്.
    Published by:Rajesh V
    First published:
    )}