• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silverline| 'പിണറായി വിജയന്റെ വാശി തീർക്കാനാണ് കെ റെയിൽ നടപ്പാക്കുന്നത്; പിന്നിൽ വമ്പൻ അഴിമതി': ചെന്നിത്തല

Silverline| 'പിണറായി വിജയന്റെ വാശി തീർക്കാനാണ് കെ റെയിൽ നടപ്പാക്കുന്നത്; പിന്നിൽ വമ്പൻ അഴിമതി': ചെന്നിത്തല

സർക്കാരിന്റെ സർവേ നടപടികൾ ജനങ്ങളിൽ ഭീതി ഉണ്ടാക്കുന്നു. ഈ സർവേ നടത്തുന്നത് വിദേശ വായ്പ വാങ്ങി എടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് - രമേശ് ചെന്നിത്തല

  • Share this:
കോട്ടയം: കെ റെയിൽ (K Rail) പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ ഒന്നാകെ ഉയർന്നു വരുന്നത്. പ്രതിപക്ഷത്തുനിന്ന് കോൺഗ്രസും ബിജെപിയും  സമരരംഗത്ത് ശക്തമായി നിൽക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ  സർക്കാരും അതിശക്തമായി  രംഗത്തുണ്ട്. ഇതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) പദ്ധതിയേയും  മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് രംഗത്ത് വരുന്നത്. പിണറായി വിജയന്റെ വാശി തീർക്കാൻ  ആണ് പദ്ധതി നടപ്പാക്കുന്നതെന്ന് രമേശ് ചെന്നിത്തല കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.  പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരം ആക്കുന്ന നടപടിയാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്.  ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട്
ഭൂമി ഏറ്റെടുക്കുന്ന നടപടി അംഗീകരിക്കാനാവില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റെ സർവേ നടപടികൾ ജനങ്ങളിൽ ഭീതി ഉണ്ടാക്കുന്നതായും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ സർവേ നടത്തുന്നത് വിദേശ വായ്പ വാങ്ങി എടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നും  രമേശ് ചെന്നിത്തല ആരോപിച്ചു. കെ റെയിൽ പദ്ധതികൊണ്ട് വൻ അഴിമതിയാണ് സർക്കാർ നടത്തുന്നത്. വാശിക്ക് വേണ്ടി ആണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 2000 കോടി കിഫ്ബി വഴി കഴിഞ്ഞ സർക്കാരിൻറെ  കാലത്ത് അനുവദിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. കെ റെയിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം പോലും നൽകുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിമോചനസമരത്തിന് ഉള്ള ശ്രമമാണ് നടക്കുന്നത് എന്ന സിപിഎം ആരോപണത്തെ രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. കോൺഗ്രസ് ഒരു വിമോചന സമരവും നടത്തുന്നില്ല എന്ന് രമേശ് ചെന്നിത്തല മറുപടി നൽകി. കെ റെയിൽ കാരണം ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങൾ ആണ് സമരത്തിന് എത്തുന്നത്. യുഡിഎഫ് അവർക്കൊപ്പം നിൽക്കുകയാണ് ചെയ്യുന്നത് എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Also Read- സിൽവർ ലൈൻ പദ്ധതി: ആരാണ് കല്ലിടുന്നത്? റവന്യൂ വകുപ്പോ കെ റെയിലോ? അവ്യക്തത തുടരുന്നു

കെ റെയിൽ സമരത്തിനെതിരെ സർക്കാർ എടുക്കുന്ന അച്ചടക്കനടപടികളെ  ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം രൂക്ഷമായി വിമർശിച്ചിരുന്നു. ചങ്ങനാശ്ശേരി രൂപത അദ്ധ്യക്ഷൻ  പറഞ്ഞ അഭിപ്രായം നൂറു ശതമാനം ശരിയാണ് എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. അദ്ദേഹം ജനങ്ങളോട് ഒപ്പം നിൽക്കുന്നതായും ചെന്നിത്തല അഭിപ്രായപ്പെട്ടു. ജനങ്ങൾ അനുഭവിക്കുന്ന കഷ്ടത കണ്ട് അവരോടൊപ്പം ചേർന്നു നിൽക്കുന്ന ചങ്ങനാശ്ശേരി രൂപതയുടെ നിലപാട് 100% ശരിയാണ് . ധിക്കാരത്തിൻ്റെ രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയണം. നാളെ ഉച്ചക്ക് 12 മണിക്ക്  കെ റെയിൽ കടന്നു പോകുന്ന ചെങ്ങന്നൂർ സന്ദർശിക്കും എന്നും ചെന്നിത്തല പറഞ്ഞു. അലൈൻമെൻ്റ് മാറ്റത്തെക്കുറിച്ച് അവിടെ എത്തി പൊതുജനങ്ങളുമായി സംസാരിക്കുകയും പരിശോധിക്കുകയും  ചെയ്യാനാണ് സന്ദർശനം എന്നും അദ്ദേഹം പറഞ്ഞു.

Also Read- K-Rail| കേരളം പദ്ധതി സമർപ്പിച്ചാലെ കേന്ദ്രത്തിന് അനുമതി നിഷേധിക്കാനാകൂ: കേന്ദ്രമന്ത്രി വി. മുരളീധരൻ

സമരത്തിൽ ചില തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ട് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായവും രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. ഏത് തീവ്രവാദി സംഘടനയാണ് പദ്ധതിക്ക് എതിരെ സമരം നടത്തുന്നതെന് റിയാസ് വ്യക്തമാക്കണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Published by:Rajesh V
First published: