'വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം തോറ്റിട്ടേയുള്ളൂ'; ഇതുപോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ലെന്ന് സുധീരന്‍

വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ അന്തകനെന്നും വിമർശനം

news18
Updated: March 25, 2019, 4:17 PM IST
'വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം തോറ്റിട്ടേയുള്ളൂ'; ഇതുപോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ലെന്ന് സുധീരന്‍
വി എം സുധീരനും വെള്ളാപ്പള്ളി നടേശനും
  • News18
  • Last Updated: March 25, 2019, 4:17 PM IST
  • Share this:
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരന്‍ വീണ്ടും രംഗത്ത്. വെള്ളാപ്പള്ളി പിന്തുണച്ച സ്ഥാനാര്‍ത്ഥികളെല്ലാം ആലപ്പുഴയില്‍ തോറ്റിട്ടേയുള്ളൂവെന്നും വെള്ളാപ്പള്ളി തനിക്കെതിരെ നടത്തുന്നത് അവസരവാദിയുടെ അധരവ്യായാമമെന്നും സുധീരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. ഗുരു സന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധര്‍മ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്‌എന്‍ഡിപി യോഗത്തിന്റെ അന്തകനാണെന്നും സുധീരൻ വിമർശിച്ചു.

സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഗുരുവിന്റെ ദര്‍ശനങ്ങളും ആദര്‍ശങ്ങളും പിന്തുടരുന്നതിനാലാണ് താന്‍ 22 വര്‍ഷമായി യോഗം ജനറല്‍ സെക്രട്ടറിയായി തുടരുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇക്കാലത്തെ ഏറ്റവും വലിയ തമാശയായിട്ടേ ആര്‍ക്കും കാണാനാകൂ. ശ്രീനാരായണ ഗുരുവിന്റെ ഏത് ദര്‍ശനങ്ങളാണ് താന്‍ പിന്തുടരുന്നതെന്ന് ജനങ്ങളോട് പറയാന്‍ വെള്ളാപ്പള്ളി തയ്യാറാകണം.

ഗുരു സന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധര്‍മ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്‌എന്‍ഡിപി യോഗത്തിന്റെ അന്തകന്‍ ആണ്.

യോഗം ജനറല്‍ സെക്രട്ടറിപദം സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാര്‍ഥത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങളെ ചവിട്ടി മെതിക്കുകയാണ്.

ശ്രീനാരായണഗുരുസ്വാമികള്‍ ഏതൊരു സന്ദേശമാണോ മാനവരാശിക്ക് നല്‍കിയത് അതിനെല്ലാം തീര്‍ത്തും എതിരായി മാത്രം പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ ഗുരു നിന്ദയാണ് നടത്തിവരുന്നത്.

തന്റെ പേരിലുള്ള സംസ്ഥാനത്തെ കേസുകളില്‍ നിന്നും രക്ഷനേടാനായി സിപിഎം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് രക്ഷനേടാന്‍ മകനെ ബിജെപിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല.

ആലപ്പുഴയില്‍ സിപിഎം സ്ഥാനാർഥി പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിന് വേണ്ടി പറഞ്ഞതാണെന്ന് മാറ്റി പറഞ്ഞ് പിന്നീട് തടിയൂരി സ്വയം പരിഹാസ്യനായി. താന്‍ പിന്തുണച്ച സ്ഥാനാര്‍ഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്. വൈകിവന്ന ആ തിരിച്ചറിവാണ് പതിവുപോലെ വാക്കുമാറ്റി പറയാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്.

തരത്തിന് അനുസരിച്ച്‌ നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടി വന്നത് സിപിഎം നേതൃത്വത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്.  വെള്ളാപ്പള്ളിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവര്‍ക്കും അറിയാം.

അതുകൊണ്ടുതന്നെ എനിക്ക് നേരെ അദ്ദേഹം നടത്തിയ പരാമര്‍ശത്തെ കേവലം അവസരവാദിയുടെ അധരവ്യായാമമായി കണക്കിലെടുത്ത് പൂര്‍ണമായി തള്ളിക്കളയുന്നു.

First published: March 25, 2019, 4:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading