• HOME
  • »
  • NEWS
  • »
  • kerala
  • »
  • സാംസ്കാരിക ലോകത്തെ ഒഴുക്കിനെതിരെ കോൺഗ്രസിനൊപ്പം നിന്ന ടി.പി.രാജീവനെ പാര്‍ട്ടി നേതാക്കൾ മറന്നോ?

സാംസ്കാരിക ലോകത്തെ ഒഴുക്കിനെതിരെ കോൺഗ്രസിനൊപ്പം നിന്ന ടി.പി.രാജീവനെ പാര്‍ട്ടി നേതാക്കൾ മറന്നോ?

ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം സഞ്ചരിച്ചിട്ടും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഒരു നേതാവും പോലും ടി പി രാജീവൻ അന്തരിച്ച വിവരം ഇന്ന് ഉച്ച കഴിയുന്നതുവരെ അറിഞ്ഞമട്ടുകാണിച്ചില്ല

  • Share this:
കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ ബുധനാഴ്ച രാത്രി 11.30ഓടെയാണ് അന്തരിച്ചത്. വൃക്ക- കരൾ രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. എന്നാൽ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം സഞ്ചരിച്ചിട്ടും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഒരു നേതാവും പോലും ടി പി രാജീവൻ അന്തരിച്ച വിവരം ഇന്ന് ഉച്ച കഴിയുന്നതുവരെ അറിഞ്ഞമട്ടുകാണിച്ചില്ല. എന്തിനും ഏതിനും പ്രതികരിക്കുന്നവർ സോഷ്യൽ മീഡിയയിൽ പോലും രണ്ടുവരി അനുശോചനം കുറിച്ചില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനോ, കെപിസിസി പ്രസിഡന്റ് കെ സുധാകരനോ ഉച്ചവരെ ഒരക്ഷരവും മിണ്ടിയില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ ഇതു ചർച്ചയായതോടെയാണ് കോണ്‍ഗ്രസ് നേതാക്കൾ അനുശോചവുമായി രംഗത്ത് വന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രി കെ സി ജോസഫിന്റെ ഉപദേഷ്ടാവിയിരുന്നു ടി പി രാജീവൻ. എക്കാലവും നോവലുകളിലും കവിതകളിലുമൊക്കെ തന്റെ രാഷ്ട്രീയ നിലപാട് രാജീവൻ പ്രകടമാക്കിയിരുന്നു. കിട്ടാവുന്ന വേദികളിൽ രാഷ്ട്രീയം തുറന്നുപറയുന്നതിനും അദ്ദേഹം മടിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാക്കൾ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മകളുടെ സംഘാടകനായും ടി പി രാജീവനെ കണ്ടിട്ടുണ്ട്. മലബാറിലെ സിപിഎം വിരുദ്ധരായ സാംസ്കാരിക പ്രവർത്തകരെ സംഘടിപ്പിക്കാനും അദ്ദേഹം മുൻകൈയെടുത്തിരുന്നു. കാലിക്കറ്റ് സർവകലാശാലയില്‍ ജോലി നോക്കുമ്പോൾ വൈസ് ചാൻസലർ കെ കെ എൻ കുറുപ്പിനും ഇടതുപക്ഷ സർവീസ് സംഘടനകൾക്കുമെതിരെ ഒറ്റയ്ക്ക് പൊരുതിയ ചരിത്രവും അദ്ദേഹത്തിനുണ്ട്.

Also Read- കവിയും നോവലിസ്റ്റുമായ ടി പി രാജീവന്‍ അന്തരിച്ചു

ടി പി രാജീവന്റെ നിര്യാണത്തിൽ സിപിഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം വരെ അനുശോചന കുറിപ്പ് ഇറക്കി. വിയോജിപ്പുകൾ മാറ്റിവച്ചുകൊണ്ട്‌ ഒട്ടെറെ സിപിഎം സഹയാത്രികരും എഴുത്തുകാരും സമൂഹമാധ്യമങ്ങളില്‍ അനുശോചന കുറിപ്പ് പങ്കുവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സാംസ്കാരിക മന്ത്രി വി എൻ വാസവനും ടി പി രാജീവനെ അനുസ്മരിച്ചു.

എന്നാൽ ഒരു അനുശോചനക്കുറിപ്പു പോലും എഴുതാതെ കോൺഗ്രസ് നേതാക്കൾ മാറി നിൽക്കുന്നതിനെകുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും ഫേസ്‌ബുക്ക്‌ പോസ്‌റ്റുകളിലും ഒരു കുറിപ്പ് പോലും വന്നില്ല. കോൺഗ്രസ് നേതാക്കൾ ടി പി രാജീവനെ അപമാനിക്കുകയാണോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ പി സി വിഷ്ണുനാഥും വി ഡി സതീശനും അടക്കമുള്ളവർ അനുശോചന കുറിപ്പുമായി വന്നത്.

എന്നാൽ കോഴിക്കോടുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിട്ടെത്തി ടി പി രാജീവന്റെ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
Published by:Rajesh V
First published: