• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കരയിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്‌; പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസും പരിഗണനയിൽ

തൃക്കാക്കരയിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്‌; പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസും പരിഗണനയിൽ

കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും  ഉമാ തോമസുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു.

  • Share this:
കൊച്ചി:  പി. ടി തോമസിന്‍റെ (P. T. Thomas)വിയോഗത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് (Thrikkakara bye election)ചൂടിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി ചർച്ചകൾക്ക് കോൺഗ്രസ് പാർട്ടി തുടക്കം കുറിച്ച് കഴിഞ്ഞു. പി. ടി. തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും സജീവമായി  ഉയർന്ന് കേൾക്കുന്നത്. ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും  ഉമാ തോമസുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു.

രാവിലെ 10 മണിയോടെ വീട്ടിലെത്തുമെന്നറിയിച്ചതിനെ തുടർന്ന് ജോലിക്ക് പോവാതെ നേതാക്കളുടെ വരവും പ്രതീക്ഷിച്ച് ഉമാ തോമസ് കാത്ത് നിന്നു. കൃത്യ സമയത്ത് തന്നെ എത്തിയ നേതാക്കൾ അര മണിക്കൂറോളം ഉമയുമായി കൂടിക്കാഴ്ച്ച നടത്തി. തൃക്കാക്കര തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ പ്രധാനമായും ഉയർന്നത്.

തൃക്കാക്കരയിൽ ഉമയെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കൾ സൂചിപ്പിച്ചപ്പോൾ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താൽപ്പര്യമില്ലെന്ന സൂചനയാണ് ഉമ നൽകിയത്. പ്രധാനമായും  കുടുംബത്തിലെ സാമ്പത്തിക ബാദ്ധ്യതകളാണ് ഇതിന് കാരണമായി ഉമ പറഞ്ഞത്. എന്നാൽ നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും, തൃക്കാക്കര മണ്ഡലം നില നിർത്തേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ഉമയെ ധരിപ്പിച്ചു. മത്സരിക്കുവാനുള്ള മാനസികാവസ്ഥയിലേക്ക് എത്തണമെന്ന നിർദേശമാണ് നേതാക്കൾ ഉമയ്ക്ക് നൽകിയത്.


Also Read-കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയില്‍ അപകടം; 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി

വി. ഡി. സതീശന്റേയും കെ. സുധാകരന്റേയും സന്ദർശനത്തിന് പിന്നാലെ ഇന്നലെ തന്നെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പി. ടി യുടെ വീട്ടിലെത്തി ഉമാ തോമസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ. സി യുടെ സന്ദർശനത്തിലും തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊണ്ടുള്ള ചർച്ചകളാണ് പ്രധാനമായും ഉയർന്നുവന്നത്. അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കാനിരികെ നേതാക്കൾ തിരക്കിട്ട് പി. ടി തോമസിന്റെ വീട്ടിലെത്തി ഉമയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

നിലവിൽ എറണാകുളം ജില്ലയിൽ കോൺഗ്രസിന് ഏറ്റവുമധികം വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് തൃക്കാക്കര. അതുകൊണ്ടു തന്നെ പി. ടിയുടെ അഭാവത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ മണ്ഡലത്തിൽ കണ്ണുവെച്ച്‌ സ്ഥാനാർഥി മോഹികളായ നിരവധി കോൺഗ്രസ് നേതാക്കളാണ് രംഗത്തുള്ളത്. ഈ സാഹചര്യത്തിൽ ഉമയ്ക്ക് പകരം മറ്റൊരാളെ സ്ഥാനാർഥി ആക്കിയാൽ അത് പാർട്ടിയിൽ തർക്കത്തിന് ഇടയാകുമെന്ന വിലയിരുത്തലാണ് നേതൃത്വം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ പാർട്ടിയിൽ തർക്കങ്ങൾ ഉടലെടുത്താൽ അത് മുന്നണിക്കും കോൺഗ്രസിനും നാണക്കേട് ഉണ്ടാകുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ എല്ലാ എതിർപ്പുകളും ഒഴിവാക്കാനുള്ള ഒറ്റമൂലി എന്ന നിലയിൽ ഉമയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ആണ് നേതാക്കൾ സജീവമായി ആലോചിക്കുന്നത്.

Also Read-സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും

ഉമയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെ സുധാകരൻ തൃക്കാക്കരയിലെ പ്രചരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് എന്നും സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് പാർട്ടി തുടക്കം കുറിച്ചതായും വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥി നിർണയ വേളയിൽ പി. ടിയുടെ ഭാര്യ എന്ന നിലയിൽ ഉമയുടെ പേരും സജീവമായി പരിഗണിക്കേണ്ടിവരുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

അങ്ങനെ വരുമ്പോൾ കഴിവും, കാര്യശേഷിയും, വിജയസാധ്യതയുള്ള ഒരാളെ കോൺഗ്രസ് സ്ഥാനാർഥിയാക്കുമെന്ന അദ്ദേഹം വ്യക്തമാക്കി.  യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ മാനസികമായി തയാറെടുക്കാൻ ഉമയ്ക്ക് കോൺഗ്രസിന്റെ നിർദ്ദേശം. ഇതിന് പിന്നാലെ ഉമ തോമസ് ബന്ധുക്കളെ കണ്ട് പാർട്ടിയുടെ നിർദ്ദേശം അറിയിച്ചിട്ടുണ്ട്. മത്സരിക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉമ തോമസ് ഇതുവരെയും കൈകൊണ്ടിട്ടില്ല.
Published by:Naseeba TC
First published: