'അബ്ദുള്ളക്കുട്ടി അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ട്'; വഴിയിൽ ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് മുഖപത്രം

'സിപിഎമ്മില്‍ നിന്ന് തോണ്ടിയെറിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നല്‍കിയ കോണ്‍ഗ്രസിനെ അയാള്‍ തിരിഞ്ഞുകൊത്തുകയാണ്'

news18
Updated: May 30, 2019, 10:25 AM IST
'അബ്ദുള്ളക്കുട്ടി അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ട്'; വഴിയിൽ ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് മുഖപത്രം
എ പി അബ്ദുള്ളക്കുട്ടി
  • News18
  • Last Updated: May 30, 2019, 10:25 AM IST
  • Share this:
തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ നരേന്ദ്രമോദിയെ പ്രകീർത്തിച്ച് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹമെന്നും വീക്ഷണം എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശാടനപക്ഷി പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഒരിക്കല്‍ വേലി ചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടിക്കടക്കും. അതേപോലെയാണ് അബ്ദുള്ളക്കുട്ടി വീണ്ടും വേലിചാടാനൊരുങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടുന്ന അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. ഇത്തരം ജീര്‍ണതകളെ പേറിനടക്കുന്ന കോണ്‍ഗ്രസിന് എത്രയും വേഗം അവറ്റകളുടെ പിരിഞ്ഞുപോകലിന് അവസരമുണ്ടാക്കുന്നതാണ് ഉത്തമം. കോണ്‍ഗ്രസില്‍ അയാളെ തുടരാന്‍ അനുവദിക്കരുത്. സിപിഎമ്മില്‍ നിന്ന് തോണ്ടിയെറിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നല്‍കിയ കോണ്‍ഗ്രസിനെ അയാള്‍ തിരിഞ്ഞുകൊത്തുകയാണ്. ഇത്തരം അഞ്ചാം പത്തികളെ ഇനിയും വെച്ചുപൊറുപ്പിക്കരുതെന്ന് മുഖപ്രസംഗത്തില്‍‌ പറയുന്നു.

First published: May 30, 2019, 10:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading