നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റവന്യൂ സെക്രട്ടറിക്കെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടന; 'മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സൂപ്പർ മുഖ്യൻ ചമയുന്നു'

  റവന്യൂ സെക്രട്ടറിക്കെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടന; 'മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സൂപ്പർ മുഖ്യൻ ചമയുന്നു'

  ജയതിലക് കാട്ടു കള്ളന്മാർക്ക് കഞ്ഞിവച്ചയാളെന്നും മരംമുറി രേഖകൾ  വിവരാവകശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്നും കോണ്‍ഗ്രസ് സംഘടന വിമർശിക്കുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: റവന്യൂ സെക്രട്ടറി ജയതിലകിനെതിരേ  രൂക്ഷവിമർശനവുമായി കോൺഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഭരണ നായകനായ മുഖ്യമന്ത്രിയെ പോലും നോക്കുകുത്തിയാക്കി കൊണ്ട്  ജയതിലക് സെക്രട്ടേറിയറ്റിൽ സൂപ്പർ മുഖ്യൻ കളിക്കുന്നു എന്നാണ് വിമർശനം. ഗുരുതര ചട്ടലംഘനത്തിന് ഇദ്ദേഹത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

  സ്വന്തക്കാരും ബന്ധുക്കളുമായ കാട്ടുകള്ളന്മാർക്ക് കോടികളുടെ മരം വെട്ടി കടത്താൻ സഹായകമാകുന്ന ഉത്തരവിറക്കിയ ജയതിലക് കൈയോടെ പിടിക്കപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരുടെ  ചുമലിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഭരണ നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചാണ് ജയതിലകിൻ്റെ പ്രവർത്തനം.  വിവരാവകാശനിയമപ്രകാരം മറുപടി നൽകിയ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ച  ഉദ്യോഗസ്ഥ മാടമ്പിയായ ജയതിലക്  നിയമവ്യവസ്ഥ  തനിക്ക് പുല്ലാണെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത് എന്നും കോൺഗ്രസ് സംഘടന ആരോപിക്കുന്നു.

  മരം മുറി വിവാദത്തിന് ഇടയാക്കിയ ഉത്തരവിൻ്റെ ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥയെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതാണ് കോൺഗ്രസ് സംഘടനയെ ചൊടിപ്പിച്ചത്.
  ഉദ്യോഗസ്ഥയെ ജയതിലക് ക്രൂരമായി ശാസിച്ചെന്ന് പരാതി

  വിവരാവകാശ പ്രകാരം  അപേക്ഷ ലഭിച്ചാൽ അതിന് മറുപടി നൽകേണ്ട ബാധ്യത വിവരാവകാശ ഓഫീസർക്കുണ്ട്. വിവരം നൽകാതിരുന്നാൽ നടപടി ഉണ്ടാവുകയും ചെയ്യും. എന്നാൽ അത്തരത്തിൽ വിവരം നൽകിയ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥയെ  സഹപ്രവർത്തകർക്ക് മുന്നിൽ വച്ച് ക്രൂരമായി ശാസിച്ചു. തുടർന്ന് അവരെ മറ്റൊരു സീറ്റിലേക്ക് മാറ്റാനുള്ള ഉള്ള നടപടി ക്രമങ്ങൾ തുടങ്ങുകയും ചെയ്തു. തുടർന്ന് അപമാനം ഭയന്നാണ് ഉദ്യോഗസ്ഥ ദീർഘാവധിയിൽ പ്രവേശിച്ചതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.

  പൊതുവേ ആരും ജോലി ചെയ്യാൻ താല്പര്യം കാണിക്കാത്ത റവന്യൂ വകുപ്പിൽ അഞ്ചുവർഷം  നന്നായി പ്രവർത്തിച്ച ഉദ്യോഗസ്ഥയാണ്. മികച്ച സേവനത്തിന്  ഗുഡ് സർവീസ് എൻട്രി ലഭിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഉദ്യോഗസ്ഥയ്ക്കാണ് ഇത്തരം ദുരവസ്ഥ ഉണ്ടായത്. സെക്രട്ടേറിയറ്റ് ഓഫീസ് മാനുവൽ പ്രകാരം സെക്രട്ടറി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമനാധികാരി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും അവരുടെ സർവീസ് കാര്യങ്ങൾ ഇടപെടാനും വകുപ്പ് മേലധികാരികൾക്ക് അധികാരമില്ല. എന്നാൽ ഇവിടെ മുഖ്യമന്ത്രിയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥ പ്രമാണി തന്നിഷ്ടം കാട്ടിയെന്ന് സംഘടന കുറ്റപ്പെടുത്തി.

  ജയതിലക് അഴിമതിക്കാരനെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

  റവന്യൂ ഡെക്രട്ടറി ജയതിലകിനെതിരേ ഗുരുതര ആരോപണങ്ങളാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ നോട്ടീസിൽ ഉള്ളത്. ഈ ഉദ്യോഗസ്ഥൻ വകുപ്പിൻ്റെ തലപ്പത്ത് വന്നശേഷമാണ് സെക്രട്ടേറിയറ്റിനു പോലും നാണക്കേടുണ്ടാക്കുന്ന  അഴിമതികൾ കരാളരൂപം പൂണ്ടത്.  സമീപകാലത്ത് ഇരുന്ന കസേരകളിൽ എല്ലാം ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുകയും ക്രമക്കേടുകളിലൂടെയും അഴിമതിയിലൂടെയും സർക്കാരുകളെ വെട്ടിലാക്കും ചെയ്ത ഉദ്യോഗസ്ഥനാണ് ജയതിലക്. സർ സിപി യുടെ പ്രേതം ആവാഹിച്ച ഇയാളുടെ അഴിമതിക്കഥകൾ സെക്രട്ടേറിയറ്റിൻ്റെ ഇടനാഴികളിൽ പാണന്മാർ പാടാൻ തുടങ്ങിയിട്ട് നാളേറെയായി.

  കമ്മീഷണറേറ്റ് ഒഫ് റൂറൽ ഡെവലപ്മെൻ്റിൽ ഇദ്ദേഹം കമ്മീഷണർ ആയിരിക്കെ  സെക്രട്ടേറിയറ്റ് തസ്തികൾ വെട്ടി നിരത്തി. എറണാകുളത്ത് സ്പൈസസ് ബോർഡ് ചെയർമാൻ ആയിരിക്കെ  കോടികളുടെ അഴിമതി ആരോപണമാണ് ഉയർന്നത്. പാർലമെന്ററി സമിതി അന്വേഷണം വരെയുണ്ടായ അഴിമതി കേസ് ഇപ്പോഴും നിലവിലുണ്ട്. സ്പൈസസ് ബോർഡ്  വഴിയും അർഹമായ പലതും നേടിയ  വിവാദ വ്യക്തിയുടെ അടുത്ത ബന്ധുവാണ് കോളിളക്കം സൃഷ്ടിച്ച ഇപ്പോഴത്തെ മരം കള്ളക്കടത്തിൽ മുഖ്യപ്രതി പ്രതി എന്നത് യാദൃച്ഛികമല്ല.  ഈ സാഹചര്യത്തിൽ സത്യസന്ധവും നീതിപൂർവവുമായ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ്  ജീവനക്കാർക്ക് സംരക്ഷണം നൽകണം. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കവല ചട്ടമ്പിമാരെ നിലയ്ക്കുനിർത്താനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
  Published by:Rajesh V
  First published:
  )}