കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് കൈത്താങ്ങുമായി കോണ്‍ഗ്രസ്. ‘ഞങ്ങൾക്കുണ്ട് മനസാക്ഷി’ എന്ന പേരിൽ ഓൺലൈൻ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാമണ്ഡലം കമ്മിറ്റി. വാഹനാപകടത്തിൽ മരണപ്പെട്ട സഹോദരങ്ങളായ ജിൻസ് ജോൺ, ജിസ് ജോൺ എന്നിവരുടെ കുടുംബത്തിനുവേണ്ടി സഹായധനം സ്വരൂപിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
‘മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ഇടനിലക്കാരില്ലാതെ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കും. അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമൂഹം ചർച്ച ചെയ്യുമ്പോൾ തന്നെ ആ കുടുംബത്തിന് കൈത്താങ്ങാക്കുക എന്ന പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്താനാണ് ഈ എളിയ ഉദ്യമം സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യാപകമായ സാമൂഹ്യ മാധ്യമപ്രചാരണം സംഘടിപ്പിക്കും എന്നും ഔപചാരികമായി ഈ ക്യാമ്പയിൻ വിഷുദിനത്തിൽ ആരംഭിക്കും’ എന്നും മണ്ഡലം പ്രസിഡന്റ് തോമസ് ആർവി ജോസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.