• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress |ഒരാഴ്ചയായിട്ടും കോവിഡ് പരിശോധന ഫലം വന്നില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്

Congress |ഒരാഴ്ചയായിട്ടും കോവിഡ് പരിശോധന ഫലം വന്നില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ഡിഎംഒ ഓഫീസ് ഉപരോധിച്ചു.

  • Share this:
ഒരാഴ്ചയായിട്ടും കോവിഡ് പരിശോധന ഫലം (Covid 19 test result) വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് (Congress). എറണാകുളം നെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധ റിപ്പോര്‍ട്ടാണ് ലഭിയ്ക്കാത്തത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ഡിഎംഒ ഓഫീസ് ഉപരോധിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് 260 പേരുടെ സാമ്പിളുകള്‍ ലബോറട്ടിറിയിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചത്. മരട് നഗരസഭയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പിളുകളും ഉണ്ടായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞിട്ടും പരിശോധന റിപ്പോര്‍ട്ട് ലഭിച്ചില്ല. പരിശോധന നടത്തുന്ന ലബോറട്ടറികളിലെ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായി. നേരത്തെ ചെയ്തിരുന്നതുപോലെ ഇപ്പോള്‍ ടെസ്റ്റുകള്‍ ചെയ്യാനാകുന്നില്ല. അതിനാലാണ് പരിശോധന ഫലം വൈകുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പരിശോധന ഫലം വൈകുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നുവെന്ന് മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു. പരിശോധന റിപ്പോര്‍ട്ട് ലഭിയ്ക്കാത്തതിനാല്‍ കോവിഡ് ഇല്ലാത്തവര്‍ പോലും ക്വാറന്റൈനില്‍ തുടരുകയാണ്. റിസള്‍ട്ട് ലഭിയ്ക്കാത്ത പലരും പുറത്തിറങ്ങി നടക്കുന്നു. ഇത് കോവിഡ് കേസുകള്‍ കൂടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധന ഫലം വൈകിയതിനെത്തുടര്‍ന്ന് പലരും സ്വകാര്യ ലബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തുകയാണ് ചെയ്തത്.

പരിശോധനാഫലം വൈകുന്നത് ഒഴിവാക്കാൻ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ലാബുകളിൽ സൗകര്യങ്ങളുടെ കുറവുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് 11000 കടന്ന് കോവിഡ്

എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 11,000 കടന്നു. 11,091 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ബെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ 50 ശതമാനത്തിനു മുകളിലാണ്. 56 ശതമാനം ആയിരുന്നു കഴിഞ്ഞദിവസത്തെ കണക്ക്. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 40000 കടന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഒഴിവുണ്ട്. സർക്കാർ ആശുപത്രികളിൽ 53 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 63 ശതമാനവും ബെഡ്ഡുകൾ ഒഴിവുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങളും കടുപ്പിച്ചിരുന്നു. പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ട്.  പരിശോധനയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയമിച്ചു. 56 സെക്ടറിൽ മജിസ്ട്രേറ്റുമാരെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് രോഗികൾക്ക് എല്ലാവിധ സൗകര്യവും ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജനപ്രതിനിധികളുടെ യോഗത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഓരോ സ്ഥലങ്ങളിലും പ്രത്യേകം സെന്ററുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമ്പലമുഗളിലെ സെന്ററിൽ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്.
Published by:Sarath Mohanan
First published: