തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പെയ്‌മെന്റ് സീറ്റ് ആണെന്ന ആരോപണവുമായി ആര്‍എസ്പി. ജെബി മേത്തര്‍ പണം കൊടുത്ത് സീറ്റ് വാങ്ങിയതാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. ഇതിലൂടെ ചെറുപ്പക്കാരിയായ ഒരു പെണ്ണിനും ന്യൂനപക്ഷ സമുദായത്തിനും സീറ്റ് കിട്ടിയെന്നും അസീസ് പരിഹസിച്ചു.
ആര്‍വൈഎഫിന്റെ സംസ്ഥാന സമ്മേളന വേദിയിലാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആക്ഷേപം ഉന്നയിച്ചത്. യുഡിഎഫിന്റെ ഘടകകക്ഷിയായ ആര്‍എസ്പിക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തിയുണ്ടെന്ന് പരസ്യമാക്കുന്നതായിരുന്നു അസീസിന്റെ പരാമര്‍ശം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് തന്റെ പേര് അംഗീകരിച്ചിരിക്കുന്നതെന്നും ഇത് സ്ത്രീകള്‍ക്കുള്ള അംഗീകാരമായാണ താന്‍ ഇത് കണക്കാക്കുന്നതെന്നും ജെബി മേത്തര്‍ പ്രതികരിച്ചു. അഭിപ്രായം പറയാനും വിമര്‍ശിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എ.എ.അസീസിന്റെ പരാമര്‍ശത്തിന് മറുപടിയായി അവര്‍ പറഞ്ഞു. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ ജെബി മേത്തര്‍ തയ്യാറായില്ല.
ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി മുന്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ് എന്നിവരടക്കമുള്ള പ്രമുഖരെ തള്ളിയാണ് ജെബി കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയായിരുന്നു തീരുമാനം. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. കെസി വേണുഗോപാലും ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്‍റില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നാണ് വിവരം.
'ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ഖേദമില്ല; എല്ലാവര്‍ക്കും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്'; ജെബി മേത്തര്‍
കൊച്ചി: നടന്‍ ദിലീപിനൊപ്പം(Actor Dileep) സെല്‍ഫിയെടുത്തതില്‍ ഖേദമില്ലെന്ന് കോണ്‍ഗ്രസ്(Congress) രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍(Jebi Mather). നഗരസഭാ കമ്മിറ്റി ക്ഷണിച്ച പരിപാടിക്ക് ദിലീപ് എത്തിയപ്പോഴാണ് താന്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ സെല്‍ഫി എടുത്തതെന്ന് ജെബി പറഞ്ഞു. അതില്‍ ദുഃഖമില്ല. കോടതിയിലിരിക്കുന്ന വിഷയമാണ്.
രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി പറഞ്ഞു. തന്റെ സ്ഥാനാന്‍ഥിത്വത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് അവര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പത്മജാ വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജെബി പറഞ്ഞു.
ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അതത് അംഗീകരിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
പരിഗണിച്ചവരെല്ലാം കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട, മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളാണ്. പല മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകാം എന്നിലേക്ക് എത്തിയതെന്ന് ജെബി കൂട്ടിച്ചേര്‍ത്തു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ നഗരസഭാംഗവുമായ ജെബി, അന്‍വര്‍ സാദത്ത് എംഎല്‍എക്ക് ഒപ്പം വോട്ടര്‍മാരെ കാണാനെത്തിയപ്പോഴാണ് വിമര്‍ശനങ്ങളില്‍ ജെബി മേത്തര്‍ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.