കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലൻ, താഹ എന്നിവർക്ക് രാഷ്ട്രീയ പിന്തുണ നല്‍കേണ്ട കാര്യമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടിസിദ്ദീഖ്. ഇരുവരുടെയും വിഷയം മനുഷ്യാവകാശ ലംഘനമായാണ് കാണുന്നത്. അലനും താഹയും സിപിഎം പ്രവര്‍ത്തകരായിരുന്നിട്ട് കൂടി അവരെ പാര്‍ട്ടി കൈവിടുക മാത്രമല്ല വേട്ടയാടുകയും ചെയ്യുന്നു. ഈ നിലപാടിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്ന് സിദ്ദീഖ് പറഞ്ഞു.
മനുഷ്യാവകാശ പ്രശ്നമെന്ന രീതിയിലാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചതും അലന്റെയും താഹയുടെ വീടുകള്‍ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചതും. ഇക്കാര്യത്തില്‍ യുഡിഎഫിനൊരു നിലപാടുണ്ട്. അതനുസരിച്ച് മുന്നോട്ട് പോകുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് പറയുന്നതാണോ കോടിയേരി ബാലകൃഷ്ണന് പറയുന്നതാണോ ശരിയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സിദ്ദീഖ് ആവശ്യപ്പെട്ടു.
പി.മോഹനന് പറയുന്നു, പാര്‍ട്ടി തെളിവെടുപ്പ് പൂര്‍ത്തിയായില്ലെന്ന്. എന്നാൽ കോടിയേരി പറയുന്നു ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന്. ഇതില്‍ ഏതാണ് വിശ്വാസയോഗ്യമെന്ന് സിപിഎം പറയണം.
ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം തുടങ്ങിയ വേളയില്‍ത്തന്നെ മുഖ്യമന്ത്രി പറഞ്ഞത് അലനും താഹയും മാവോയിസ്റ്റുകളാണെന്നാണ്. പിണറായിയുടെ പരാമര്‍ശം ഏറ്റുപാടുകയാണ് കോടിയേരി ചെയ്തിരിക്കുന്നതെന്നും ടി സിദ്ദീഖ് വ്യക്തമാക്കി.
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് എടുത്ത നിലപാട് തന്നെയാവും അലന്റെയും താഹയുടെയും വിഷയത്തിലും ഉണ്ടാകുകയെന്നും ടി സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.