• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢനീക്കം; ജാഗ്രത വേണമെന്ന് CPM

സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢനീക്കം; ജാഗ്രത വേണമെന്ന് CPM

2.5 ലക്ഷം കോടിയോളം നിക്ഷേപം നിലവിൽ സഹകരണ മേഖലയിലുണ്ട്. അത്രത്തോളം തന്നെ വായ്പയും ഈ സംഘങ്ങള്‍ നല്‍കിയിട്ടുണ്ട്

  • Last Updated :
  • Share this:
    തിരുവനന്തപുരം : കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാൻ ഗൂഢ നീക്കം നടക്കുന്നതായും അതിനെതിരെ കനത്ത ജാഗ്രതയുണ്ടാകണമെന്നും സിപിഎം. ഗ്രാമീണ മേഖലയെ ഹുണ്ടിക വ്യാപാരികളുടെ വ്യവഹാരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി പുതിയ പാത വെട്ടിത്തുറന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. കേരളത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചു നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വമ്പിച്ച സേവനങ്ങളാണ് അവ നല്‍കികൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

    2.5 ലക്ഷം കോടിയോളം നിക്ഷേപം നിലവിൽ സഹകരണ മേഖലയിലുണ്ട്. അത്രത്തോളം തന്നെ വായ്പയും ഈ സംഘങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരും സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച് ജീവിക്കുകയാണ്. നാടിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും നിറഞ്ഞ്‌ നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കം ആഗോളവല്‍ക്കരണ നയങ്ങളാരംഭിച്ചതോടെ രാജ്യത്ത്‌ സജീവമായതാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

    രാജ്യത്തിന്റെ ധനകാര്യ മേഖല ധനമൂലധന ശക്തികള്‍ക്ക് വിട്ട് കൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ അപകടാവസ്ഥയാക്കുന്ന തരത്തില്‍ കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുന്ന നിലവരെ ഉണ്ടായിരിക്കുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക്‌ കുഴലൂത്ത്‌ നടത്തുന്ന പ്രവര്‍ത്തനമാണ്‌ ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും സിപിഎം പറഞ്ഞു.

    സഹകരണ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്‌. ഒറ്റ പൈസ പോലും നിക്ഷേപകര്‍ക്ക്‌ നഷ്ടമാകില്ലെന്നും അവ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ആശങ്കകള്‍ വാരിയെറിഞ്ഞ്‌ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
    Published by:Anuraj GR
    First published: