• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗൃഹോപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് കൺസ്യൂമര്‍ ഫെഡ്

ഗൃഹോപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് കൺസ്യൂമര്‍ ഫെഡ്

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ആദ്യപടിയായി ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചത്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോഴിക്കോട്:  കണ്‍സ്യൂമര്‍ ഫെഡ് ഗൃഹോപകരണങ്ങളുടെയും ഇലകട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണനത്തിലേക്ക്.  കോഴിക്കോട്, വയനാട് ജില്ലകളിലാണ് ആദ്യപടിയായി ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചത്. കോഴിക്കോട്ടെ കണ്‍സ്യൂമര്‍ ഫെഡ് റീജണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍   മേയര്‍ ബീന ഫിലിപ്പ്  ഓണ്‍ലൈന്‍ വിപണനത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു.

കണ്ണങ്കണ്ടി സെയില്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് കണ്‍സ്യൂമര്‍ ഫെഡ് ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണനം ആരംഭിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണനവും മരുന്നുകളുടെ ഹോം ഡെലിവറിയും നേരത്തെ തന്നെ കണ്‍സ്യൂമര്‍ ഫെഡ് ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തില്‍ നിന്നുള്‍ക്കൊണ്ട ഊര്‍ജമാണ് ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനെ പ്രേരിപ്പിച്ചതെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആളുകള്‍ക്ക് പഴയതുപോലെ പുറത്തിറങ്ങാന്‍ ആവുന്നില്ല. അസുഖം പടരാതിരിക്കാനും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി ഉത്പ്പന്നങ്ങള്‍ വീടുകളിലേക്കെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുള്‍ക്കൊണ്ടാണ് കണ്‍സ്യൂമര്‍ ഫെഡ് പ്രവര്‍ത്തിക്കുന്നത്. ഓണം പടിവാതിക്കലെത്തി. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആളുകള്‍ പ്രധാനമായും വാങ്ങുന്ന സമയമാണ് ഓണക്കാലം. കോവിഡിനെ ഭയക്കാതെ വീട്ടിലിരുന്ന് ഉത്പ്പന്നങ്ങൾ ഓര്‍ഡര്‍ ചെയ്യാനും വിശ്വാസ്യതയോടെ വാങ്ങാനും ഇനി സാധിക്കും. ചടങ്ങില്‍  കണ്‍സ്യൂമര്‍ ഫെഡ് റീജണല്‍ മാനെജര്‍ സുരേഷ് ബാബു.സി, അസിസ്റ്റന്റ് റീജണല്‍ മാനെജര്‍ പ്രവീണ്‍ വൈ.എം, മാര്‍ക്കറ്റിംഗ് മാനെജര്‍ ഗിരീഷ് കെ.പി, ഓണ്‍ലൈന്‍ കോ-ഓഡിനേറ്റര്‍ ജിതിന്‍ കെ.എസ്,  ബിസ്‌നസ് മാനെജര്‍ ബിജു കെ.പി, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Also Read-ട്രോളിങ് നിരോധനത്തിന് ശേഷം സജീവമായി തീരമേഖല; ഹാർബറുകളിൽ മത്സ്യ വില്പന ആരംഭിച്ചു

കേരളത്തിലെ പ്രാഥമിക ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് കൺസ്യൂമർഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്. കേരള സഹകരണ വകുപ്പിന് കീഴിലാണ് കൺസ്യൂമർഫെഡ് പ്രവർത്തിക്കുന്നത്.1965-ൽ രജിസ്റ്റർ ചെയ്യ്ത് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിന്റെ അടച്ചു തീർത്ത ഓഹരിമൂലധനത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനമാനവും നൽകിയിരിക്കുന്നത് കേരള സർക്കാരാണ്.

കേരളത്തിലെ ഉപഭോക്താക്കളെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിയ്ക്കുന്ന കൺസ്യൂമർഫെഡ്, ഇതിനായ് ത്രിവേണി എന്ന ബ്രാൻഡിൽ നിരവധി ചില്ലറ വില്പന കേന്ദ്രങ്ങൾ കേരളത്തിലെമ്പാടുമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന് പുറമെ കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭ്യമാക്കുന്ന നീതി മെഡിക്കൽ സ്റ്റോറുകളും നടത്തി വരുന്നു. നോട്ടുബുക്കുകളുടേയും മറ്റ് സ്റ്റേഷനറി വസ്തുക്കളുടേയും ഉത്പാദനം, വിദേശ മദ്യ വിൽപ്പന, പാചക വാതക വിതരണം എന്നീ മേഖലകളിലും കൺസ്യൂമർഫെഡ് പ്രവർത്തിയ്ക്കുന്നു.

Also Read-സംസ്ഥാനത്ത് 96 വിദേശ മദ്യ വില്പനശാലകള്‍ മാറ്റിസ്ഥാപിക്കും; എക്‌സൈസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എല്ലാ ജില്ലാ മൊത്ത വിതരണ സ്റ്റോറുകളിൽ നിന്നും ഓരോ പ്രതിനിധികളും(ആകെ 14), സഹകരണ സംഘങ്ങളുടെ റെജിസ്ട്രാർ ഉൾപ്പെടെ മൂന്ന് കേരള സർക്കാർ നോമിനികളും, മനേജിംഗ് ഡയറക്ടറും അടങ്ങുന പതിനെട്ട് അംഗ ഡയറക്ടർ ബോർഡിലാണ് കൺസ്യൂമർഫെഡിന്റെ ഭരണ ചുമതലകൾ നിക്ഷിപ്തമായിരിക്കുന്നത്.
Published by:Jayesh Krishnan
First published: