തിരുവനന്തപുരം: കണ്ടെയ്നർ ബോക്സ് ലോറിയുമായി ഘടിപ്പിക്കുന്നതിലെ പാളിച്ച അവിനാശി ബസ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്ന് വിലയിരുത്തൽ. മോട്ടോർ വാഹനവകുപ്പ് നടത്തിയ ഉന്നതതല അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലോറിയിൽ കണ്ടെയ്നർ ഘടിപ്പിച്ചശേഷം ലോക്കുകൾ മുറുക്കേണ്ടതുണ്ട്. പലപ്പോഴും ഡ്രൈവർമാരും ലോറി ജീവനക്കാരും ഇത് പാലിക്കാറില്ല. അപകടമുണ്ടാകുമ്പോൾ ലോറി മറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഭാരം കാരണം കണ്ടെയ്നർ മറിഞ്ഞാലും ലോറി മറിയില്ല. എന്നാൽ അവിനാശിയിൽ ലോക്കുകൾ മുറുക്കാതിരുന്നതിനാൽ ലോറി നിയന്ത്രണംവിട്ടപ്പോൾ വേർപെട്ടുപോയ കണ്ടെയ്നർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 19 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഇങ്ങനെയാണെന്നാണ് മോട്ടോർവാഹനവകുപ്പ് അന്വേഷണത്തിൽ വ്യക്തമായത്.
ഫെബ്രുവരി 19ന് രാത്രി 9.41നാണ് വൈപ്പിനിലെ ടെർമിനലിൽനിന്ന് ലോറി പുറപ്പെട്ടത്. 12.41ന് തമിഴ്നാട്ടിലെ കന്നാഡിയിൽ എത്തിയ ലോറി 27 മിനിട്ട് അവിടെ നിർത്തിയിട്ടതായി ജിപിഎസ് വിശകലറിപ്പോർട്ട് വ്യക്തമാക്കുന്നു. 1.12ന് അവിടെനിന്ന് പുറപ്പെട്ട ലോറിയാണ് പുലർച്ചെ 3.20ന് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയത് അപകടകാരണമായിരിക്കാമെന്നാണ് വിലയിരുത്തൽ.
അപകടം നടക്കുമ്പോൾ ലോറിയുടെ വേഗത 63.4 കിലോമീറ്ററായിരുന്നു. യാത്രയിൽ ഉടനീളം ലോറിയുടെ വേഗത ശരാശരി 64 കിലോമീറ്ററായിരുന്നു. യാത്രയിൽ 75 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ലോറി സഞ്ചരിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
കണ്ടെയ്നർ ലോറികൾ അപകടത്തിൽപ്പെടുന്നത് കുറയ്ക്കാനായി ശക്തമായ ഇടപെടൽ നടത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ടെർമിനലിൽനിന്ന് ലോറികൾ പുറപ്പെടുന്നതിന് മുമ്പ് കണ്ടെയ്നർ ലോക്കുകൾ മുറുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല വാഹന പരിശോധന ഊർജിതമാക്കും. ഇതിനായി മോട്ടോർവാഹനവകുപ്പും പൊലീസും ചേർന്ന് സംയുക്ത സ്ക്വാഡ് രൂപികരിക്കും. നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ രണ്ടു ഡ്രൈവർമാരെ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.