കൊച്ചി: രാജ്യാന്തരയാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം തുടർച്ചയായി മുന്നാം മാസവും ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി. ഒക്ടോബറിൽ നിരവധി രാജ്യാന്തര സർവീസുകൾക്ക് കൊച്ചിയിൽ നിന്ന് ആരംഭിക്കുന്നുണ്ട്. ശ്രീലങ്കൻ എയർലൈൻസിന്റെ യു.എൽ 165/166 വിമാനസർവീസ് തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ 9.45 ന് കൊളംബോയിൽ നിന്ന് കൊച്ചിയിലെത്തുകയും 10.45 ന് മടങ്ങുകയും ചെയ്യും. ഞായറാഴ്ച രാവിലെ 8:45 ന് വിമാനമെത്തുകയും 9:45 ന് മടങ്ങും.
സെപ്റ്റംബറിൽ രാജ്യാന്തര വിമാനയാത്രക്കാരുടെയും സർവീസുകളുടേയും എണ്ണത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുള്ളതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു. ' ഒക്ടോബറിൽ നിരവധി പ്രതിദിന സർവീസുകൾക്ക് തുടക്കമിടും. നവമ്പറോടെ കോവിഡ് പൂർവകാലത്തിന്റെ എഴുപത് ശതമാനമെങ്കിലും രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് തുടങ്ങാൻ കഴിയും. ചെയര്‍മാന്റെയും ബോർഡിന്റേയും നിർദേശാനുസരണം, കൂടുതൽ രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു ' -സുഹാസ് പറഞ്ഞു.
രാജ്യാന്തര എയർലൈൻ കമ്പനികളുമായി കഴിഞ്ഞ മൂന്നുമാസമായി സിയാൽ നടത്തിവരുന്ന ഏകോപിത ശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി. ജൂലായിൽ 85,395 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലുണ്ടായിരുന്നത്. തുടർന്ന് വിമാന സർവീസുകൾ വർധിച്ചു. ഓഗസ്റ്റിൽ 1,57,289 പേരും സെപ്റ്റംബറിൽ 1,94,900 സിയാൽ രാജ്യാന്തര ടെർമിനലിലൂടെ കടന്നുപോയി.
തുടർച്ചയായി മൂന്നാം മാസവും രാജ്യാന്തര ട്രാഫിക്കിൽ സിയാൽ, ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്. സെപ്റ്റബറിൽ മൊത്തം 3.70 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി യാത്രചെയ്തത്. നിലവിൽ പ്രതിദിനം 106 സർവീസുകളാണ് സിയാലിൽ നിന്ന് പ്രവർത്തിക്കുന്നത്. ശരാശരി 14,500 പേരാണ് പ്രതിദിനം യാത്രക്കാർ.
മഹാവ്യാധിയുടെ പ്രത്യാഘാതം കുറയുന്നതോടെ കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഒക്ടോബറിൽ തുടക്കമാകുന്നു. കേരളത്തിൽ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സർവീസുകളിൽ ഒന്നായിരുന്ന കൊളംബൊ വിമാനം ഞായറാഴ്ച മുതൽ കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് തുടങ്ങി. ഒന്നരവർഷത്തിനുശേഷമാണ്, ആഴ്ചയിൽ ഏഴ് സർവീസുകൾ ശ്രീലങ്കൻ എയർലൈൻസ് കൊച്ചിയിൽ നിന്ന് തുടങ്ങുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ചെലവ് കുറഞ്ഞ യാത്ര നടത്താൻ സൗകര്യമൊരുക്കുന്ന കൊളംബൊ സർവീസ് എല്ലാദിവസവും തുടങ്ങുന്നത് പ്രവാസി മലയാളികൾക്ക് ആശ്വാസം പകരും.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ കൊച്ചി വിമാനത്താവളത്തിനും വലിയ തിരിച്ചടികൾ നേരിട്ടിരുന്നു. എങ്കിലും കൃത്യമായ പദ്ധതികളിലൂടെ സിയാൽ അതിൻറെ ആകാശം തിരിച്ചുപിടിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി ഇതിനുവേണ്ട വലിയ മുന്നൊരുക്കങ്ങൾ നടത്തി വരികയായിരുന്നു. കോവിഡ് മുക്തമാക്കുന്നതിനൊപ്പം തന്നെ പുതിയ വിമാനക്കമ്പനികളും കൊച്ചി കേന്ദ്രീകരിച്ച് സർവീസുകൾ തുടങ്ങും. ഇതോടെ പുതിയ ഉയരങ്ങളിലേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും എത്തിച്ചേരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.