• HOME
 • »
 • NEWS
 • »
 • kerala
 • »
 • Veena George| ഫോൺ എടുക്കാത്തതുമുതൽ കൂടിയാലോചനയില്ലായ്മ വരെ; വിവാദങ്ങളിൽ വീണ മന്ത്രി

Veena George| ഫോൺ എടുക്കാത്തതുമുതൽ കൂടിയാലോചനയില്ലായ്മ വരെ; വിവാദങ്ങളിൽ വീണ മന്ത്രി

മറ്റൊരു മന്ത്രിക്കുമില്ലാത്തതരം വിവാദങ്ങളാണ് വീണാ ജോർജിന് പിന്നാലെ. പ്രതിപക്ഷത്ത് നിന്നല്ല, ഭരണപക്ഷത്ത് നിന്നാണ് ആക്ഷേപങ്ങൾ എന്നതാണ് കൗതുകകരം. 

ആരോഗ്യമന്ത്രി വീണാ ജോർജ്

ആരോഗ്യമന്ത്രി വീണാ ജോർജ്

 • Share this:
  തിരുവനന്തപുരം: ഒന്നാം പിണറായി മന്ത്രിസഭയിലെ 'ലേഡീ സൂപ്പർസ്റ്റാർ' എന്ന് പ്രശംസയേറ്റു വാങ്ങിയ കെ കെ ശൈലജ ടീച്ചറിന്റെ പിൻഗാമിയായാണ് ആറന്മുള എംഎല്‍എ വീണാ ജോർജ് (Veena George) ആരോഗ്യ, ഭക്ഷ്യവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാകുന്നത്. കെ കെ ശൈലജ ടീച്ചറിന് (KK Shailaja) രണ്ടാമതൊരു അവസരം ലഭിക്കാത്തതിന്റെ നീരസം പാർട്ടിക്കുള്ളിലെ ചിലർ പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിനിടെയാണ് വീണാ ജോർജിന് ചുമതല ലഭിച്ചത്. എന്നാൽ മന്ത്രിക്കസേരയിൽ ഒരു വർഷം പൂർത്തിയായപ്പോൾ മറ്റൊരു മന്ത്രിക്കുമില്ലാത്തതരം വിവാദങ്ങളാണ് വീണാ ജോർജിന് പിന്നാലെ. പ്രതിപക്ഷത്ത് നിന്നല്ല, ഭരണപക്ഷത്ത് നിന്നാണ് ആക്ഷേപങ്ങൾ എന്നതാണ് കൗതുകകരം.

  വിളിച്ചാൽ ഫോണെടുക്കുന്നില്ല

  മന്ത്രി വീണക്കെതിരെ പ്രധാനമായും ഉയരുന്ന ആരോപണങ്ങളില്‍ ഒന്നാണ് ഫോണ്‍ എടുക്കുന്നില്ല എന്നത്. ജില്ലാ സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവർ വിളിച്ചാൽ എടുക്കാത്ത എംഎൽഎ എന്ന് മുമ്പ് പറഞ്ഞ് തുടങ്ങിയത് ഇപ്പോൾ മന്ത്രി എടുക്കുന്നില്ല എന്ന് മാറ്റമേയുളളു എന്നാണ് പാര്‍ട്ടിയിലെ സംസാരം.

  പത്തനംതിട്ട നഗരസഭയിലെ സീനിയറായ നേതാവ് പാര്‍ട്ടി ഘടകത്തിൽ പലപ്രാവശ്യം ഇത് സംബന്ധിച്ച് വിമർശനം ഉന്നയിച്ചിരുന്നു. ജില്ലാതല നേതാക്കളും മേൽഘടകങ്ങളിൽ പല പ്രാവശ്യം വിഷയം ചൂണ്ടിക്കാട്ടിയിട്ടും പ്രയോജനമില്ല. എംഎൽഎ ആയിരിക്കുമ്പോൾ ഓഫീസിൽ നിയമിച്ച ഓഫിസ് സെക്രട്ടറിമാർ മൂന്ന് പേരെയാണ് മാറ്റിയത്.

  ഇതു ശക്തമായത് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ പരസ്യ പ്രതികരണത്തോടെയാണ്. ഒരു 'മന്ത്രി' എത്ര വിളിച്ചാലും ഫോണ്‍ എടുക്കുന്നില്ലെന്ന് പൊതുവേദിയിൽ  യു പ്രതിഭ ആക്ഷേപം  ഉന്നയിച്ചതോടെ അത് വീണാ ജോര്‍ജിന് നേരെയുള്ള വിമർശനമാണെന്ന് പലകോണുകളിൽ നിന്നും അഭിപ്രായമുയർന്നു.

  ''എത്ര തവണ വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയല്ല വിളിക്കുന്നത്, മന്ത്രി അത് മനസ്സിലാക്കണം. തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. മറ്റു മന്ത്രിമാര്‍ തിരിച്ചു വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്''- പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി വേദിയില്‍ ഇരിക്കവെയായിരുന്നു  പ്രതിഭ എംല്‍എയുടെ വിമർശനം.

  എന്നാല്‍ ഏത് മന്ത്രിയാണ് ഫോണ്‍ എടുക്കാത്തത് എന്ന് എംഎൽഎ പറഞ്ഞതുമില്ല.  പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം എംഎല്‍എയ്‌ക്കെതിരെ പലരും രംഗത്തെത്തി. തുടര്‍ന്ന് വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാതെ എംഎല്‍എ മൗനം പാലിക്കുകയും ചെയ്തു.

  സന്ദീപ് വാര്യരുടെ അഭിനന്ദനം

  ഇതൊക്കെയാണെങ്കിലും കോൺഗ്രസ് , സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പല നേതാക്കളും വിളിച്ചാൽ മന്ത്രിയെ ഫോണിൽ കിട്ടും എന്ന് പറയപ്പെടുന്നു.

  ഫോണെടുക്കില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നതും ശ്രദ്ധേയമായി. ഷൊര്‍ണൂരിലെ ഒരു രോഗിയുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് നടത്തിയ ഇടപെടലാണ് ബിജെപി വക്താവിന്റെ പ്രശംസയ്ക്ക് കാരണം. സഹായം തേടി പകല്‍ വിളിച്ചെങ്കിലും വീണാ ജോര്‍ജ് എടുത്തില്ലെന്നും രാത്രി വൈകി തന്നെ ഫോണില്‍ തിരികെ വിളിച്ച് കാര്യം തിരക്കിയെന്നും സന്ദീപ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു. വീണാ ജോര്‍ജിനോട് രാഷ്ട്രീയം വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ മതിപ്പ് തോന്നിയെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സത്യം മറച്ചുവെക്കാനാവില്ലെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

  തെരഞ്ഞെടുപ്പ് സമയത്ത് സഹായിച്ച ഒരു വനിതാ കോൺഗ്രസ് നേതാവ് വിളിച്ചാൽ എടുക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യും എന്നും പറയപ്പെടുന്നു

  കൂടിയാലോചനയില്ലെന്ന് ചിറ്റയം ഗോപകുമാർ

  ഏറെ മാസങ്ങൾക്കു ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് പരസ്യമായി തന്നെ 'ഫോൺ' വിമർശനം ഉന്നയിച്ചത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എംഎല്‍എമാരുമായി ഒരു കാര്യവും കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നുമാണ് ചിറ്റയം കുറ്റപ്പെടുത്തിയത്. പ്രതിഭ പേര് പരാമർശിക്കാതെ നടത്തിയ വിമർശനം അദ്ദേഹം പേരെടുത്തു പറഞ്ഞു.

  അവഗണിക്കുന്നുവെന്ന് സിപിഐ

  രണ്ടാം പിണറായി  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ചിറ്റയം ഗോപകുമാറിനെ കണ്ടിരുന്നില്ല. ഈ ചടങ്ങില്‍ അധ്യക്ഷനായി ചിറ്റയത്തെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രി മാത്രമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

  'യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. തിരിച്ചുവിളിക്കാറുമില്ല. ഒരുപാട് തവണയായി ഇതേ അനുഭവമാണ്. അതിനാല്‍ ഞാന്‍ ഇപ്പോള്‍ മന്ത്രിയെ വിളിക്കാറില്ല. സര്‍ക്കാര്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാര്‍ഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എംഎല്‍എമാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിര്‍വഹിച്ചില്ല'-ചിറ്റയം പറഞ്ഞു.

  പരാതി സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ചിറ്റയത്തിന്റെ തുറന്നുപറച്ചിൽ. അടൂര്‍ മണ്ഡലത്തിലെ വികസനപദ്ധതികളിലും മന്ത്രിയുടെ അവഗണനയുണ്ടെന്നും ചിറ്റയം വ്യക്തമാക്കുന്നു. സ്ഥലം എംഎല്‍എ കൂടിയായ തന്നെയറിയിക്കാതെ മന്ത്രി അടൂരിലെ പരിപാടിയില്‍ സിപിഎം നേതാക്കളെയും കൂട്ടിയെത്തുന്നെന്നും ചിറ്റയം പറയുന്നു.

  വിവാദം ജില്ലയിൽ സിപിഎം-സിപിഐ പോരിനും വഴിവെച്ചു. വിഷയത്തിൽ വീണയും ചിറ്റയവും എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. പ്രശ്നം വഷളാകാതെ പരിഹരിക്കാനുള്ള ആലോചനയിലാണ് എൽഡിഎഫ് നേതൃത്വം

  'വേദി മാറിക്കയറി'

  ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വേദി മാറിക്കയറിയത്. മേയ് 12 ന് മാവേലിക്കര കൊറ്റാര്‍കാവിലെ പരിപാടിക്ക് പകരം 10 കിലോമീറ്ററകലെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലേക്കാണ് പൊലീസ് സംഘം മന്ത്രിയെ എത്തിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം പി അടക്കമുളള വേദിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് മന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ല എന്ന് അറിയുന്നത്. കാര്യം മനസ്സിലായതോടെ എല്ലാവരോടും സൗഹൃദം പങ്കിട്ട് മന്ത്രി വേദി വിട്ടു.പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണിതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

  ഷവർമ മരണവും മീനിലെ വിഷവും 

  ഷവർമ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് വ്യാപകമായ പരിശോധനയാണ് സംസ്ഥാനത്ത് നടക്കുന്നത്. ആഹാര സാധനങ്ങളിലെ മായം കണ്ടെത്താനും തടയാനും നിരന്തരമായ ജാഗ്രതയും നടപടിയുമില്ലെന്നും ദുരന്തങ്ങളുണ്ടാകുമ്പോള്‍ നടക്കുന്ന പരിശോധനകളും വഴിപാടുകളായി മാറുന്നുവെന്നുമാണ് ആരോപണം ഉയരുന്നത്. ഏകോപനമില്ലായ്മയില്‍ വകുപ്പുകൾ നോക്കുകുത്തികളായി മാറുന്നുവെന്നും വിമർശനം ഉയരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് പല ജില്ലയിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രവര്‍ത്തനം.

  പേഴ്സണൽ സ്റ്റാഫ് നിയമന വിവാദം

  ആര്‍എംപിഐ അനുഭാവം ആരോപിച്ച് വീണാ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫിന്റെ നിയമനം സിപിഎം തടഞ്ഞിരുന്നു. ഒരാഴ്ചയോളം  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്ന കൊയിലാണ്ടി സ്വദേശിനിയായ മാധ്യമപ്രവര്‍ത്തകയുടെ നിയമനമാണ് പാര്‍ട്ടി തടഞ്ഞത്. മുന്‍പ് എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗമായിരുന്ന യുവതിയുടെ ഭര്‍ത്താവ് ഏറാമലയിലെ സജീവ ആര്‍എംപിഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോഴിക്കോട് ജില്ലാനേതൃത്വമാണ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണാജോര്‍ജിന്റെ സോഷ്യല്‍മീഡിയ വിഭാഗം കൈകാര്യം ചെയ്തത് ഇതേ മാധ്യമപ്രവര്‍ത്തകയായിരുന്നു. തുടര്‍ന്ന് സിപിഎം സംസ്ഥാന സമിതി അംഗവും എകെജി സെന്റർ ഓഫീസ് സെക്രട്ടറിയുമായ കെ സജീവനെ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി നിയമിച്ചു.

  പാര്‍ട്ടിക്കുള്ളിലും

  സിപിഎം പ്രാദേശിക സമ്മേളനങ്ങളില്‍ മന്ത്രിക്കെതിരെ വിമർശനം ഉയർന്നുവെന്നത് വാർത്തയായിരുന്നു. എംഎല്‍എയായും പിന്നീട് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

  കുടിവെളളത്തിലെ അലംഭാവം

  ആറു പഞ്ചായത്തുകൾക്കായി കൊണ്ടുവന്ന ശുദ്ധജല പദ്ധതി രണ്ട് വർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തിൽ ഇരവിപേരൂർ ഏരിയ സെക്രട്ടറി പിലിപ്പോസ് തോമസ് തന്നെ രംഗത്തെത്തിയിട്ടും എംഎൽഎ ഒന്നും ചെയ്തില്ല എന്ന ആരോപണവും ശക്തമാണ്.

  മാറ്റിവെച്ച ഉദ്ഘാടനം

  വരട്ടാറിൽ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ പുതുക്കുളങ്ങര പാലം നിർമാണം ഉദ്ഘാടനം തലേദിവസം മാറ്റിവച്ചു. വീണാ ജോർജിനെ അധ്യക്ഷയാക്കിയില്ല എന്ന കാരണത്താലായിരുന്നു ഇത്. ചെങ്ങന്നൂർ മണ്ഡലത്തിലെ മംഗലത്തിലായിരുന്നു ചടങ്ങ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടകനും സ്ഥലം എംഎല്‍എ സജി ചെറിയാൻ അധ്യക്ഷനുമായ പരിപാടിയായിരുന്നു ഇത്.
  Published by:Rajesh V
  First published: