• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുലിന്റെ യാത്ര: കോണ്‍ഗ്രസ് ഓഫീസിന് കാവി പെയിന്‍റടിച്ചു; കുറ്റം തൊഴിലാളികളുടെതെന്ന് നേതാക്കള്‍

രാഹുലിന്റെ യാത്ര: കോണ്‍ഗ്രസ് ഓഫീസിന് കാവി പെയിന്‍റടിച്ചു; കുറ്റം തൊഴിലാളികളുടെതെന്ന് നേതാക്കള്‍

അബദ്ധം പറ്റിയെന്ന് മനസിലാക്കിയ തൊഴിലാളികള്‍ ഇന്ന് രാവിലെയെത്തി പെയിന്‍റ് മാറ്റിയടിച്ച് തുടങ്ങി

  • Last Updated :
  • Share this:
    തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് കാവിപെയിന്‍റടിച്ച തൊഴിലാളികള്‍ വെട്ടിലായി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വരവേല്‍ക്കുന്നതിന് മുന്നോടിയായി ഓഫീസിന് ത്രിവര്‍ണ പതാകയുടെ നിറം പെയിന്‍റ് ചെയ്യാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ തൊഴിലാളികളോട് നിര്‍ദേശിച്ചത്. എന്നാല്‍ പണിപൂര്‍ത്തിയായപ്പോള്‍ പച്ചയും കാവിയും നിറങ്ങളിലായി കോണ്‍ഗ്രസ് ഓഫീസിന്‍റെ നില്‍പ്പ്. ബിജെപി പതാകയുടെ നിറങ്ങള്‍ ഡിസിസി ഓഫീസിന് നല്‍കിയെന്ന് ആരോപിച്ച് പരാതികള്‍ പലയിടത്തുനിന്നായി ഉയര്‍ന്നു. ചൊവ്വാഴ്ചയാണ് പെയിന്‍റിങ് ജോലികള്‍ അവസാനിച്ചത്.

    അബദ്ധം പറ്റിയെന്ന് മനസിലാക്കിയ തൊഴിലാളികള്‍ ഇന്ന് രാവിലെയെത്തി പെയിന്‍റ് മാറ്റിയടിച്ച് തുടങ്ങി. കാവി നിറം കൂടുതലായി നല്‍കിയ ഇടങ്ങളില്‍ പച്ചയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് പെയിന്‍റിങ് പുരോഗമിക്കുന്നത്. തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണ് പരാതിക്കിടയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

    നേരത്തെയും ഇതേ നിറങ്ങളായിരുന്നെങ്കിലും ഇത്ര തെളിച്ചമുണ്ടായിരുന്നില്ല പെയിന്റിനെന്നും ഇപ്പോള്‍ പുതിയ പെയിന്റടിച്ചപ്പോള്‍ മാറ്റം ദൃശ്യമായെന്നും നേതാക്കള്‍ പറഞ്ഞു.രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിന് തൃശൂരില്‍ വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്.
    Published by:Arun krishna
    First published: