• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസ്ലീം ലീഗ് പതാകയെ അപമാനിച്ചെന്ന വിവാദം; പരാതിക്കാരനെ തള്ളി ലീഗ് നേതൃത്വം

മുസ്ലീം ലീഗ് പതാകയെ അപമാനിച്ചെന്ന വിവാദം; പരാതിക്കാരനെ തള്ളി ലീഗ് നേതൃത്വം

മുസ്ലിം ലീഗിന്റെ പതാക വലിച്ചെറിഞ്ഞന്നും മോശമായ പരാമർശം നടത്തിയുമെന്നുള്ള വാർത്ത വസ്തുത വിരുദ്ധമാണെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ലീഗ് പതാകയെ അപമാനിച്ചെന്ന വിവാദത്തിൽ പരാതിക്കാരനെ തള്ളി മുസ്ലിംലീഗ് നേതൃത്വം. ആരോപണം അടിസ്ഥാനരഹിതമാണെന്നും, പരാതിക്കാരൻ ആയ വെമ്പായം നസീർ പാർട്ടി ഭാരവാഹി അല്ലെന്നുമാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതേസമയം പാർട്ടി പതാകയെ അപമാനിച്ചിട്ടും, കോൺഗ്രസ് നേതാക്കൾക്കെതിരെ നിലപാട് എടുക്കാത്ത നടപടിയിൽ ലീഗിനകത്ത് തന്നെ വലിയ എതിർപ്പുണ്ട്.

    കോൺഗ്രസ് - ലീഗ് ബന്ധം തന്നെ മോശമാക്കുന്ന തരത്തിൽ വിവാദം ഉയർന്നത്തോടെയാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അടിയന്തര യോഗം ചേർന്നത്. മുസ്ലിം ലീഗിന്റെ പതാക വലിച്ചെറിഞ്ഞന്നും മോശമായ പരാമർശം നടത്തിയുമെന്നുള്ള വാർത്ത വസ്തുത വിരുദ്ധമാണെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. യുഡിഎഫിന്റെ യോഗമല്ല, കോൺഗ്രസ് പരിപാടിയാണ് നടന്നത്. പരാതിക്കാരൻ ആയ വെമ്പായം നസീർ മുസ്ലിംലീഗിന്റെ ഭാരവാഹി അല്ലെന്നും നേതാക്കൾ വിശദീകരിക്കുന്നു.

    അതേസമയം, വിഷയത്തിൽ ലീഗ് നേതൃത്വം എടുത്ത നിലപാടിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ട്. സംഘപരിവാർ നേതാക്കൾ പോലും നടത്താത്ത രൂക്ഷമായ പരാമർശം നടത്തിയിട്ടും, മുന്നണിക്കകത്ത് പരാതി ഉന്നയിക്കാൻ പോലും ലീഗ് തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വവും വിഷയത്തിൽ ഇടപെട്ടിരുന്നു. പ്രാദേശിക തർക്കം ആണെന്നും, വിഷയം പറഞ്ഞവസാനിപ്പിക്കണമെന്നും ഉള്ള ധാരണയിലാണ് മുസ്ലിം ലീഗ് നേതൃത്വം ഈ നിലപാടെടുത്തതെന്നാണ് സൂചന.

    കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോൺഗ്രസ് നേതാവ് മുസ്ലിംലീഗ് കൊടി എടുത്തെറിഞ്ഞതായി പരാതി ഉയർന്നത്. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ആണ്ടൂർക്കോണം സനൽ കുമാർ ലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടു പോയി കെട്ടാൻ പറഞ്ഞതായി ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിന് വെമ്പായം നസീർ പരാതി നൽകി.

    ലീഗിന്റെ കൊടി യുഡിഎഫ്‌ പരിപാടിയിൽ കെട്ടാൻ സമ്മതിക്കില്ല, വേണമെങ്കിൽ പാകിസ്ഥാനിലോ മലപ്പുറത്തോ കൊണ്ട്‌ കെട്ടിക്കോ എന്നുപറഞ്ഞ് വലിച്ചെറിയുകയായിരുന്നുവെന്ന് വെമ്പായം നസീർ പരാതിയിൽ പറയുന്നു. താനും പ്രവർത്തകരും ചേർന്ന്‌ കൊടികെട്ടാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് നേതാവ് ഓടിയെത്തി കൊടി എടുത്തെറിഞ്ഞതായി വെമ്പായം നസീർ പറഞ്ഞു.

    എന്നാൽ വെള്ളിയാഴ്ച രാവിലെ പത്തോടെ നടന്ന സംഭവത്തിൽ പ്രതികരിക്കാൻ മുസ്ലിംലീഗ്‌ ജില്ലാ, സംസ്ഥാന നേതാക്കളോ കോൺഗ്രസ്‌ നേതാക്കളോ ഇതുവരെ തയാറായിട്ടില്ല.
    Published by:Anuraj GR
    First published: