തിരുവനന്തപുരം: പോത്തന്‍കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട് അന്ധാളിച്ച് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും രോഗിയും. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നല്‍കിയ മരുന്നിന്റെ കുറിപ്പടിയിലെ ആര്‍ക്കും വായിക്കാനാവാത്ത കയ്യക്ഷരം കണ്ട് ആദ്യം ബന്ധുക്കളാണ് അമ്പരന്നത്. ആദ്യം കുറിപ്പടിയിൽ ഡോക്ടർ കുത്തി വരച്ചു എന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീട് ആണ് ഇത് മരുന്ന് എഴുതിയത് ആണെന്ന് മനസ്സിലായത്.
എന്നാൽ ഇതുമായി മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോൾ ഏത് മരുന്ന് ആണ് രോഗിക്ക് നൽകേണ്ടത് എന്ന സംശയത്തിലായി ജീവനക്കാർ. വിവരം തിരികെ ആശുപത്രിയിൽ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടർ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറഞ്ഞതായി പറയുന്നു. ആശുപത്രിയിൽ നിന്ന് തന്നെ മരുന്നുകൾ നൽകിയെന്നും പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയതെന്തിനെന്നുമാണ് ഡോക്ടർ ഇവരോട് ചോദിച്ചത്.
കുറിപ്പടി ആരോഗ്യവകുപ്പ് മന്ത്രിക്ക് രോഗിയുടെ ബന്ധുക്കൾ പരാതിയായി അയച്ചു നൽകിയിട്ടുണ്ട്. മനസ്സിലാകുന്ന തരത്തിൽ മരുന്നിൻ്റെ കുറിപ്പടികൾ എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശങ്ങൾ മെഡിക്കൽ ഓഫീസർമാർക്ക് ബാധകമല്ല എന്ന അവസ്ഥയാണ്. ഡോക്ടർ എഴുതി നൽകിയ കുറിപ്പടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ജനുവരി 21 ന് ആശുപത്രിയിൽ ചികിത്സ നേടിയ മംഗലപുരം കാരമൂട് സ്വദേശി 68 വയസ്സുകാരൻ അബ്ദുൽ മജീദിന് നൽകിയ മരുന്നിന്റെ കുറിപ്പടിയാണ് ഇപ്പോൾ തരംഗമാകുന്നത്. സോഷ്യൽ മീഡിയകളിൽ വ്യത്യസ്തമായ കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. ഏതെങ്കിലും കുട്ടികൾ വരച്ചു കളിച്ചതാണോ എന്നും എന്തുകൊണ്ടാണ് കമ്പ്യൂട്ടർ പ്രിസ്ക്രിപ്ഷൻ കൊടുക്കാത്തത് എന്നും ഉൾപ്പെടെയുള്ള കമൻറുകൾ കാണാൻ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.