തിരുവനന്തപുരം: മതം മാറിയ വ്യക്തികൾക്ക് ഔദ്യോഗിക രേഖകളിൽ മതം, പേര് എന്നിവ മാറ്റാനും അപേക്ഷ നൽകാനും ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും അംഗീകൃത മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. ഇത്തരം അപേക്ഷകൾ പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ, മതസംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ പാടില്ലെന്നും റവന്യു വകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതിയുടെ 2018 ജനുവരി 15ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകാണ് ഉത്തരവിറക്കിയത്. മതപരിവർത്തനം സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ചില സംഘടനകൾക്ക് അധികാരം നൽകിയിരുന്നു.
മതം, പേര് എന്നിവ മാറുന്നത് വ്യക്തി സ്വാതന്ത്ര്യം ആണെന്നും സർക്കാർ ചുമതലപ്പെടുത്തിയ മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ മാറ്റാനുള്ള അപേക്ഷ പരിഗണിക്കണമെന്നുമാണ് കോടതി ഉത്തരവ്. സംശയമുണ്ടെങ്കിൽ തഹസിൽദാർ വഴി അന്വേഷണം നടത്താമെന്നും കോടതി നിർദേശിച്ചു.
ഇതിനെതുടർന്ന്, അച്ചടി വകുപ്പ് ഡയറക്ടർ സർക്കാറിനോട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നത് മൗലികാവകാശമായതിനാൽ മതം മാറിയ വ്യക്തികൾ ഔദ്യോഗിക രോഖകളിൽ മതം, പേര് എന്നിവയിൽ മാറ്റം വരുത്താൻ മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ പാടില്ലെന്നാണ് പുതിയ ഉത്തരവ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.