തനിക്കെതിരെ നടക്കുന്നത് അസത്യപ്രചരണങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. സഭയെ മോശമാക്കുന്ന വിധത്തിൽ ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല.
തന്നെ അന്യായമായിപുറത്താക്കാനുള്ള നടപടി ഒഴിവാക്കാൻ ഇടപെടണം. തുടർന്നും സന്യസ്ത സഭയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സിസ്റ്റർ ലൂസികളപ്പുരയ്ക്കൽ വത്തിക്കാന് നൽകിയ വിശദീകരണ കുറിപ്പിൽ പറയുന്നു. ഇതിന്റെ പകർപ്പ് ന്യൂസ് 18 ന് ലഭിച്ചു.
എഫ്.സി.സിഅസത്യ പ്രചരണങ്ങളാണ് നടത്തുന്നത്. താൻ സഭയ്ക്ക് നൽകിയ വിശദീകരണക്കുറിപ്പ് മറച്ചുവെക്കുകയാണ് ചെയ്തത്. കാർ വാങ്ങിയെന്നും പുസ്തം എഴുതിയെന്നും ചാനൽ ചർച്ചയിൽ പങ്കെടുത്തെന്നും പറഞ്ഞാണ് തനിക്കെതിരെ നടപടികൾ തുടങ്ങിയത്.താൻ പറഞ്ഞ കാര്യങ്ങളെ മറ്റൊരു രീതിയിൽ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. താൻ സഭയുടെ മുൻപിൽ തെറ്റുകാരിയായി ഇരയാക്കപ്പെട്ടത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതു കൊണ്ട് മാത്രമാണെന്നും സിസ്റ്റർ പറയുന്നു.
സിസ്റ്റർ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്നാവശ്യപ്പെട്ട് സന്യാസസഭ കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകണമെന്നാവശ്യപ്പെട്ട് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്റർ ലൂസി വത്തിക്കാന് കത്തയച്ചിരിക്കുന്നത്. സഭയ്‌ക്കെതിരെയുള്ള നിയമ നടപടിയും സിസ്റ്റർ ലൂസി ആരംഭിച്ചിട്ടുണ്ട്.
പീഡനക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് നേരത്തെ പുറത്താക്കിയത്. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും താക്കീതുകൾ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bishop Franco Mulackal, Catholic, Sr Lucy Kalappura, Sr Lucy Kalappura Women Wall