തിരുവനന്തപുരം വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ (Vizhinjam fishing harbour) വഴി മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. തമിഴ്നാട് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. മുഹമ്മദ് ഹനീഫ (57), അൻവർ (43), മീരാ സാഹിബ് (52) എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ നാലരയോടയൊണ് ഇവർ മൂന്നുപേരും മത്സ്യബന്ധനത്തിന് പോയത്.
കോസ്റ്റ് ഗാർഡാണ് കടലിൽ ഷജീറ എന്ന ബോട്ട് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ നിർദ്ദേശം അനുസരിച്ചാണ് കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ നടത്തിയത്. അസി. കോംഡിറ്റ് രമൺദീപ് സിങ്ങിന്റെ നേതൃത്വത്തിൽ ഇന്റർസെപ്റ്റർ ബോട്ട് 8.10ഓടെയാണ് കടലിൽ കുടുങ്ങിയ ബോട്ട് കണ്ടെത്തിയത്.
കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡ് കപ്പൽ മൂന്ന് മത്സ്യത്തൊഴിലാളികളെയും കപ്പലിൽ കയറ്റി വിഴിഞ്ഞത്തേക്ക് കൊണ്ടുവരുന്നുണ്ട്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അഗ്നിഷാമാനസേന കണ്ട്രോൾ റൂം തുറന്നു -0471 2333101, 9497920015, 101 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
പെയ്തൊഴിയാതെ മഴ: സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തെക്കൻ ജില്ലകളിൽ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. കനത്ത മഴ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇന്നും നാളെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കാണ് സാധ്യത. അലർട്ട് നൽകിയിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Also Read-
Heavy Rain| കനത്ത മഴ: 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു; കരുതൽ നടപടികൾ ശക്തിപ്പെടുത്താൻ കളക്ടർമാർക്ക് നിർദേശം
തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും നാളെയും പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത.
തിങ്കളാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും തെക്കുകിഴക്കന്‍ അറബിക്കടലിലും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.