നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്ന് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് ആ ഫോൺവിളി; ന്യൂസ് 18 മാധ്യമപ്രവർത്തകയ്ക്ക് നന്ദി പറഞ്ഞ് കൗൺസലർ

  അന്ന് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് ആ ഫോൺവിളി; ന്യൂസ് 18 മാധ്യമപ്രവർത്തകയ്ക്ക് നന്ദി പറഞ്ഞ് കൗൺസലർ

  "അറിയാതെ ആണെങ്കിലും ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാധ്യമജീവിതത്തിനിടയിൽ സാർത്ഥകമായ ഒരു നിമിഷമാണിത്. കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ ജോലി മുന്നോട്ടു കൊണ്ടുപോകാൻ ഇതൊരു പ്രചോദനമാണ്. കലയോട് സ്നേഹം" - സിമി ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

  കല, സിമി

  കല, സിമി

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മരണത്തിൽ നിന്നും തന്റെ ജീവിതം തിരിച്ചു പിടിക്കാൻ സഹായിച്ചതിന് നന്ദി പറയുകയാണ് കൗൺസലിംഗ് സൈക്കോളിസ്റ്റായ കല. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് 2018ലെ പ്രളയകാലത്ത് ഉണ്ടായ ഒരു സംഭവം കല ഓർത്തെടുത്തത്.

   ആത്മഹത്യ എന്നതിനെക്കുറിച്ച് അവസാനമായി ചിന്തിച്ചതിന് തൊട്ടുപിന്നാലെ തന്നെ തേടിയെത്തിയ ഒരു ഫോൺവിളിയെക്കുറിച്ചാണ് കല പറഞ്ഞത്. ന്യൂസ് 18 കേരളത്തിലെ മാധ്യമപ്രവർത്തകയായ സിമി സാബു ആയിരുന്നു
   പ്രളയത്തെ അതിജീവിക്കാൻ എന്ന വിഷയത്തിൽ ഒരു ചർച്ചയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ച് തന്നെ വിളിച്ചതെന്നും
   ശ്വാസം കിട്ടാതെ പിടഞ്ഞു കിടന്ന എനിക്ക് ഒരു കച്ചിതുമ്പു കിട്ടിയ പോലെയായിരുന്നു അതെന്നും കല ഓർത്തെടുത്തു.

   "സിമി, നിങ്ങൾക്ക് അറിയുമോ ഞാൻ വ്യക്തിപരമായി ആരാണെന്നോ എന്താണെന്നോ? പക്ഷേ, ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നു എന്നതിന്റെ കാരണമായ ഒരു ആൾ നിങ്ങളാണ്.." - തന്റെ പോസ്റ്റിൽ കല മനസു തുറന്നു. അതേസമയം, തന്റെ ജോലി ഒരാളുടെ ജീവിതത്തെ മാറ്റിയെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്ന് ന്യൂസ് 18 കേരളം ചീഫ് കോപ്പി എഡിറ്റർ സിമി സാബു പറഞ്ഞു. "അറിയാതെ ആണെങ്കിലും ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാധ്യമജീവിതത്തിനിടയിൽ സാർത്ഥകമായ ഒരു നിമിഷമാണിത്. കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ ജോലി മുന്നോട്ടു കൊണ്ടുപോകാൻ ഇതൊരു പ്രചോദനമാണ്. കലയോട് സ്നേഹം" - സിമി ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

   You may also like:ദുബായിൽ മലയാളി ബിസിനസുകാരൻ ആത്മഹത്യ ചെയ്തു [NEWS]പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ് [NEWS] ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 141 പേര്‍ക്ക് [NEWS]

   കലയുടെ ഫേസ്ബുക്ക് പോസ്റ്റ്,

   'ആത്മഹത്യ..മരിക്കാൻ തീരുമാനിക്കുക..
   അതൊരു വേറിട്ട അവസ്ഥ ആണ്..അനുഭവസ്ഥർക്കു മാത്രമേ അതിന്റെ കാഠിന്യം അറിയൂ..ജീവിച്ചിരിക്കുന്ന മറ്റുള്ളവരോട് തോന്നുന്ന പകയിൽ ആത്മഹത്യ ചെയ്തവരെ അറിയാം... എന്റെ കുടുംബത്തിൽ ആത്മഹത്യകൾ നടന്നിട്ടുണ്ട്...

   വിവാഹമോചന കേസിനു മുൻപ് മകളെ വിട്ടു കിട്ടാൻ എനിക്ക് അയച്ച നോട്ടീസ്,അതിൽ ഇതൊക്കെ പരാമർശിച്ചിരുന്നു..
   മരിച്ചവരെ പോലും വെറുതെ വിടില്ലല്ലോ എന്ന് ഓർത്തു...

   പലവട്ടം, ദാ, ഇന്നലെ പോലും എന്റെ മനസ്സ് തകർന്ന് തരിപ്പണം ആയ സംഭവങ്ങൾ ഉണ്ടായി..ചിന്തകളുടെ ഏറ്റവും അറ്റത് ഞാൻ വീണ്ടും ഉറപ്പിച്ചു,എന്റെ ആത്മഹത്യ ആഗ്രഹിക്കുന്നവർ, അവരെ ഞാൻ സന്തോഷിപ്പിക്കാൻ അവസരം തരില്ല..

   എന്നെ ഈ കൊറോണ കാലത്ത് അധികവും തേടി വന്നത്,
   ചാകാൻ തോന്നുന്നു എന്ന നിലവിളി ആണ്..പുരുഷന്റെയും സ്ത്രീയുടെയും...

   ഒരു ജന്മം മുഴുവൻ ഒറ്റയ്ക്കു യാത്ര ചെയ്തവളാണ് ഞാനും..
   എന്തൊക്കെയോ തിരഞ്ഞു കൊണ്ടിരുന്നു..താണ്ടിയ ദൂരങ്ങൾ, കണ്ട കാഴ്ചകൾ, ഭക്ഷിച്ച ദുരിതങ്ങൾ ഒക്കെ എനിക്ക് മാത്രമേ മനസ്സിലാകു..
   മറ്റുള്ളവർക്ക് പൊട്ടൻ പറയുന്ന ഭാഷ മനസ്സിലാക്കാതെ തലയാട്ടം എന്ന് മാത്രം...

   എന്റെ മാതാപിതാക്കൾ ഭയക്കുന്ന പോലെ കൊല്ലപ്പെടാനും, മറ്റുള്ളവർ കരുതും പോലെ ആത്മഹത്യ ചെയ്യാനും ഞാൻ ഇഷ്‌ടപ്പെടുന്നില്ല...

   ഭൂതകാലത്ത്, എന്റെ ജീവിതത്തിന്റെ ഏറ്റവും നിർണ്ണായകമായ ഒന്ന് പ്രളയം വന്ന ദിനങ്ങളിൽ ഒന്നായിരുന്നു... പതറിയ മനസ്സിൽ തോന്നിയത് ഫേസ്ബുക്കിൽ എഴുതി ഇട്ടു... മുറി അടച്ചു, കണ്ണടച്ച് കിടന്നു...ഒരു വിളി എന്നെത്തേടി എത്തി..
   പരിചയം അല്ലാത്ത നമ്പർ...

   എന്റെ പേര് സിമി, news 18 നിന്നാണ്, പ്രളയത്തെ അതിജീവിക്കാൻ എന്ന ഒരു ചർച്ച ചെയ്യാമോ? ശ്വാസം കിട്ടാതെ പിടഞ്ഞു കിടന്ന എനിക്ക് ഒരു കച്ചിതുമ്പു കിട്ടിയ പോലെ... യാത്ര ചെയ്യാം, എവിടെയും, ഏത് നേരവും എന്നത് ജീവിതത്തിൽ ഞാൻ നേടിയെടുത്ത സ്വാതന്ത്ര്യം ആണ്. അപ്പോൾ തന്നെ ഇറങ്ങി...

   ആ ചർച്ച... മാച്ചിങ് ബ്ലൗസ് ആയിരുന്നില്ല...  ഉണർന്നു ഉടനെ കണ്ണെഴുതുന്ന, ഞാൻ ലിപ്സ്റ്റിക്ക് ഇടാനും മറന്നു.. കൊല്ലം മുതൽ തിരുവനന്തപുരം വരെ ബസിൽ ഞാൻ യാത്ര ചെയ്തു...

   ചാനലിൽ ചർച്ച, പ്രളയത്തെ എങ്ങനെ അതിജീവിക്കാം എന്നതായിരുന്നു... ഞാൻ ആദ്യമായ്‌ കാണുക ആണ്.
   എന്നെ വിളിച്ച ആ സ്ത്രീയെ.. സിമി എന്ന് പേരുള്ള അവരെ എനിക്ക് വ്യക്തിപരമായ അടുപ്പം ഇല്ല.

   അവിടെ ഞാൻ പറഞ്ഞത് പ്രളയം മുക്കിയ എന്റെ ജീവിതം എങ്ങനെ പിടിച്ചു കേറാം എന്ന് കൂടിയാണ്.. എന്നോട് തന്നെ.. സത്യത്തിൽ സദസ്സിനോടല്ല...എനിക്ക് വേണ്ടി ഞാൻ പറയുക ആയിരുന്നു..
   എന്ത് വന്നാലും നമ്മൾ പിടിച്ചു നില്ക്കും, പതറരുത് എന്ന് ഞാൻ എന്നെ സാന്ത്വനിപ്പിക്കുക ആയിരുന്നു... Auto suggesstion എന്ന് വേണേൽ പറയാം..

   സത്യത്തിൽ ആത്മഹത്യ എന്നതിനെക്കുറിച്ച് അവസാനമായി ഞാൻ ചിന്തിച്ചത് ആ വ്യക്തി എന്നെ വിളിക്കുന്നതിന്‌ തൊട്ടു മുമ്പായിരുന്നു... സിമി, നിങ്ങൾക്ക് അറിയുമോ ഞാൻ വ്യക്തിപരമായി ആരാണെന്നോ എന്താണെന്നോ? പക്ഷെ ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നു എന്നതിന്റെ കാരണമായ ഒരു ആൾ നിങ്ങളാണ്..

   ആ യാത്രയിൽ ഞാൻ ശുദ്ധവായു ശ്വസിച്ചു.. തിരിച്ചു കൊല്ലത്തേക്കുള്ള യാത്രയിൽ, ഒറ്റയ്ക്കു ഇനി മുന്നോട്ട് എന്നും നാടും വീടും വിടണമെന്നും തീരുമാനമെടുത്തു.. ജീവിതം, ജീവിച്ചു തീർക്കാൻ ഉറച്ചു...

   കഴിഞ്ഞ വർഷം എന്റെ ലോകം മറ്റൊന്നായിരുന്നു... ഇന്ന് എന്റെ ചിന്തകളും രീതികളും പിന്നെയും മാറി...

   മരിക്കാൻ തീരുമാനിക്കുന്നവരെ, നിങ്ങളുടെ ആ ചിന്തകളുടെ മണം എനിക്ക് അപരിചിതമല്ല... ദൂരെ ഒരു പൊട്ടു വെളിച്ചം ഉണ്ട്...
   ഉറച്ചു വിശ്വസിക്കുന്നു, അങ്ങനെയൊന്ന് എല്ലാവർക്കും ഉണ്ട്... ഇങ്ങോട്ട് തേടി വരാത്ത വിളികളെ വെറുക്കേണ്ട...
   നമ്മുക്ക് അങ്ങോട്ട് വിളിക്കാനും ആരോ ഇല്ലേ?

   ഇന്നലെ എന്ന ദിവസം എന്നെ വീണ്ടും മാറ്റി...മാറ്റമൊഴികെ മറ്റെല്ലാം മാറുന്നു...ജീവിതം എനിക്ക് ഇഷ്‌ടമാണിപ്പോൾ... ഒറ്റയ്ക്ക് ഒരു ജീവിതം കൊണ്ട് പോകണമെന്ന് ഞാൻ ഉറപ്പിച്ച ആ യാത്ര. എനിക്ക് അതിനു അവസരം തന്ന ഒരു സ്ത്രീ...ഉറ്റവർക്കും ചിലപ്പോൾ താങ്ങാൻ പറ്റാത്ത ഭാരമാകും എന്റെ സങ്കടങ്ങൾ...

   അവിടെയാണ് നിങ്ങൾ എത്തിയത്... ഇന്നാ പിടിച്ചോ ഒരു കൈ എന്ന പോലെ നീട്ടി... സിമി, സ്നേഹം... പ്രാർത്ഥന... ഇത് പോലെ എത്രയോ പേരുണ്ട്..അവരറിയാതെ അവരെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്...നന്ദി, ഒരായിരം...

   (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, സഹായത്തിനായി ഈ നമ്പറിൽ ബന്ധപ്പെടുക: 1056)
   First published:
   )}