വയനാട് : നടുറോഡിൽ സ്ത്രീക്കും ഭർത്താവിനും ക്രൂരമർദ്ദനം. വയനാട് അമ്പലവയല്‍ ടൗണിൽ വച്ചാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റത്. ടൗണിൽ വച്ച് ദമ്പതികൾ തമ്മിൽ എന്തോ കാര്യത്തെച്ചൊല്ലി തർക്കമുണ്ടായി. ഇതിൽ ഇടപെടാൻ ചെന്ന ജീവാനന്ദൻ എന്നായാളാണ് ഇവരെ മർദ്ദിച്ചത്. ടിപ്പർ ഡ്രൈവറായ ജീവാനന്ദന് ഇവിടുത്തെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവാണ്.
ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്നതിനാണ് ഭാര്യക്ക് മർദ്ദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയൽ സ്വദേശിയായ ജീവാനന്ദനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് വിട്ടയച്ചിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ മർദ്ദന ദൃശ്യങ്ങൾ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് ദൃശ്യങ്ങളിൽ ഇയാൾ സ്ത്രീയോട് സംസാരിക്കുന്നത്. കൂടെയുള്ളത് ആരാണ് എന്ന് അവരോട് ചോദിച്ചു കൊണ്ടായിരുന്നു മർദനം. ജനക്കൂട്ടത്തിന് നടുവിൽ നിസഹയായി ആ സ്ത്രീ നിന്നിട്ടും ഒരാൾ പോലും സഹായിക്കാൻ മുന്നോട്ട് വരുന്നില്ല എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ കേസെടുക്കാതെ പൊലീസ് അനാസ്ഥ കാട്ടിയെന്ന് ആരോപണം ഉയരുന്നുണ്ട്. വിഷയത്തിൽ പരാതിയില്ലെന്ന് ദമ്പതികളോട് എഴുതി വാങ്ങി വിട്ടയച്ചുവെന്നാണ് ആരോപണം. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.