• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വര്‍ണക്കള്ളകടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിന് തെളിവ് എവിടെയെന്ന് ആവര്‍ത്തിച്ച് NIA കോടതി

സ്വര്‍ണക്കള്ളകടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിന് തെളിവ് എവിടെയെന്ന് ആവര്‍ത്തിച്ച് NIA കോടതി

കേസെടുത്ത്  90 ദിവസം ആയിട്ടും അനുമാനം മാത്രമാണോ ഉള്ളതെന്നും അന്വേഷണ സംഘത്തോട് കോടതി ആരാഞ്ഞു

NIA Raid

NIA Raid

  • Share this:
    കൊച്ചി: സ്വര്‍ണക്കള്ളകടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിന് തെളിവെവിടെയെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ കോടതി.   കള്ളക്കടത്ത് കേസുകളിലെല്ലാം യുഎപിഎയാണോ പ്രതിവിധിയെന്നും ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. കൈവെട്ട് കേസില്‍ വെറുതെ വിട്ടയാളടക്കം സ്വര്‍ണ്ണക്കടത്തില്‍ പ്രതിയാണെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

    സ്വര്‍ണ്ണക്കള്ളക്കടത്ത് വഴി ലഭിച്ച പണം ഭീകരവാദത്തിനാണ് ഉപയോഗിക്കുന്നതെന്ന് സ്ഥാപിക്കുന്നതിനുള്ള എന്ത് തെളിവാണുള്ളതെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചു. കേസെടുത്ത്  90 ദിവസം ആയിട്ടും അനുമാനം മാത്രമാണോ ഉള്ളതെന്നും അന്വേഷണ സംഘത്തോട് കോടതി ആരാഞ്ഞു.

    വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചു, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ക്ക്  തെളിവുകള്‍ എവിടെയെന്നായിരുന്നു കോടതിയുടെ ചോദ്യം.

    കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ എന്‍ഐഎക്ക് ആയില്ല. 2019 ലെ കേന്ദ്ര സാമ്പത്തിക ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം വിമാനത്താവളങ്ങളില്‍ വന്‍ തോതില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുവെന്ന് വിവരമുണ്ട്. ഇത് രാജ്യത്ത് സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുന്നു. ഈ പണം ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നും എന്‍ഐഎ വാദിച്ചു.

    പ്രതികള്‍ക്ക് രാജ്യത്തും വിദേശത്തും വലിയ സ്വാധീനം ഉണ്ട്. മുബൈ സ്‌ഫോടനത്തിനായി ദാവൂദ് പണം കണ്ടെത്തിയത് സ്വര്‍ണ്ണകടത്തിലൂടെയാണെന്നും എന്‍ഐഎ അറിയിച്ചു. യുഎഇ സ്വര്‍ണ്ണകടത്തിനുള്ള സുരക്ഷിത കേന്ദ്രമാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും എന്‍ഐഎ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ  രഹസ്യ മൊഴി തിങ്കളാഴ്ച പരിശോധിച്ച ശേഷം  ചൊവ്വാഴ്ച ജാമ്യാപേക്ഷകളില്‍ വിധി പറയും.
    Published by:Anuraj GR
    First published: