തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടേതെന്നു തോന്നിക്കുന്ന വ്യാജ വീഡിയോ നിർമിച്ച കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു വ്യക്തി നടത്തുന്ന കലാസൃഷ്ടിയുടെ പരിധി ഏതു മാനദണ്ഡം ഉപയോഗിച്ചാണ് പോലീസ് തീരുമാനിക്കുന്നതെന്ന് കോടതി ചോദിച്ചു. വ്യക്തിമായ തെളിവ് ശേഖരിക്കുന്നതിനു മുൻപ് പോലീസ് നടത്തിയ അറസ്റ്റിനെ കോടതി രൂക്ഷമായി വിമർശിച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് പ്രതിക്കു ജാമ്യം അനുവദിച്ചത്.
പത്തനംതിട്ട ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോൺസൺ ആയിരുന്നു കേസിലെ പ്രതി. തമാശരൂപത്തിൽ മറ്റൊരാൾ നിർമിച്ച വീഡിയോ പൊതുമാധ്യമത്തിൽ കൈമാറ്റം ചെയ്ത കുറ്റമാണ് പ്രതി ചെയ്തതെന്ന് പ്രതിഭാഗത്തിന്റെ വാദം. പ്രതിക്കു വേണ്ടി മൃദുൽ ജോൺ മാത്യു ഹാജരായിരുന്ന കേസില്‍ മുഖ്യമന്ത്രിക്കെതിരായി തമാശ പറഞ്ഞാൽ ജയിലിലാക്കുമെന്ന സന്ദേശമാണ് കേസിലൂടെ പോലീസ് നൽകുന്നതെന്ന് പ്രതിഭാഗം വാദിച്ചത്.
ഷുക്കൂർ, ഷൂഹൈബ്, കൃപേഷ്, ശരത്ലാൽ എന്നിവരുടെ കൊലക്കേസിൽനിന്നു പ്രതികളെ രക്ഷിച്ചെടുക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഈ വർഷത്തെ സക്കാത്ത് അടക്കം ഉദാരമായ സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെടുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലാണ് പ്രതിയെ സൈബർ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.