എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണത്തിൽ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേർക്കാൻ നിർദ്ദേശം. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്.
മകന് തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. ആത്മഹത്യ പ്രേരണ കുറ്റമാണ് മൂന്നുപേർക്കുമെതിരെയും ചുമത്തിയിരിക്കുന്നത്. മരിച്ച കെ.കെ മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയിലാണ് നടപടി. മഹേശന്റെ ആത്മഹത്യ കുറിപ്പിൽ മൂന്നുപേരുടെയും പേരുകൾ പരാമർശിച്ചിരുന്നു.
2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെകെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാദം. കേസ് സിബിഐ അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.