DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെയുള്ള സമര കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് കോടതി; സർക്കാരിന്റെ ഹർജി തള്ളി
DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെയുള്ള സമര കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് കോടതി; സർക്കാരിന്റെ ഹർജി തള്ളി
ഡോ. വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നാണ് പൊലീസ് കേസ്.
തിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരായ സമര കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ നൽകിയ അപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ നേതാവും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ എ എ റഹീം, മുൻ എസ് എഫ് ഐ പ്രവർത്തകരുമായ എസ് അഷിദ, ആർ അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു എസ് ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ, എം മിഥുൻ മധു വിനേഷ് വി എ, ദത്തൻ, ബി എസ് ശ്രീന തുടങ്ങിയവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. 2017 മാർച്ച് 30നാണ് സംഭവം.
ഡോ. വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നാണ് പൊലീസ് കേസ്. എ എ റഹീം അടക്കമുള്ള പ്രതികൾ ജൂൺ 14 ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. പരാതിക്കാരി അറിയാതെ രഹസ്യമായി കേസ് പിൻവലിക്കുന്നത് നീതിയുടെ നിഷേധമാകുമെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരിയുടെ ഭാഗം കേൾക്കാനായി വിജയലക്ഷ്മിക്ക് നോട്ടിസ് നൽകിയിരുന്നു.
തുടർന്നാണ് പ്രൊഫസർ സർക്കാരിന്റെ പിൻവലിക്കൽ ഹർജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സ ഹർജി സമർപ്പിച്ചിരുന്നത്. ഈ ഹർജി പരിഗണിച്ചാണ് കോടതി പിൻവലിക്കൽ അപേക്ഷ തള്ളിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.