• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഉത്ര കൊലക്കേസ്: എലിയെ പിടിക്കാൻ പാമ്പിനെ നൽകി എന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം; എതിർത്ത് പ്രോസിക്യൂഷൻ

ഉത്ര കൊലക്കേസ്: എലിയെ പിടിക്കാൻ പാമ്പിനെ നൽകി എന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രതിഭാഗം; എതിർത്ത് പ്രോസിക്യൂഷൻ

പ്രതിഭാഗം വാദം ഇന്നും കോടതിയിൽ തുടരും

uthra murder case

uthra murder case

 • Share this:
  ചാത്തന്നൂർ സ്വദേശി സുരേഷ് പണം വാങ്ങി സൂരജിന് പാമ്പിനെ നൽകി എന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന പ്രതിഭാഗത്തിൻ്റെ വാദത്തെ എതിർത്ത് പ്രോസിക്യൂഷൻ. ഉത്ര കേസിൽ അന്തിമവാദം പുരോഗമിക്കുന്നതിനിടെയാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വാദമുഖങ്ങൾ നിരത്തിയത്. എലിയെ പിടിക്കാൻ പാമ്പിനെ നൽകി എന്ന തരത്തിലെ അവിശ്വസനീയ മൊഴികൾ തന്നെയാണ് കേസിൽ പ്രസക്തമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗം വാദം ഇന്നും കോടതിയിൽ തുടരും.

  കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുള്ള കൊലക്കേസിലാണ് വിധി എന്തെന്ന് തീരുമാനിക്കാനുള്ള അന്തിമവാദം പുരോഗമിക്കുന്നത്. എലിയെ പിടിക്കാൻ പാമ്പിനെ വാങ്ങിയെന്ന തരത്തിലെ മൊഴി വിശ്വാസയോഗ്യം അല്ലെന്നും പാമ്പ് വിൽപ്പന നടന്നിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

  അതേസമയം കൊലപാതകത്തിന് ആണെങ്കിൽപോലും അക്കാര്യം പറഞ്ഞ് ആരും പാമ്പിനെ വാങ്ങില്ലെന്നും അവിശ്വസനീയ കാരണങ്ങൾ പാമ്പു വിൽപ്പനയ്ക്ക് പറയുന്നു എന്നതുമാണ് കേസിൽ പ്രസക്തമെന്ന് പ്രോസിക്യൂഷൻ മറുവാദം ഉന്നയിച്ചു.

  2020 ഫെബ്രുവരി 18നും ഏപ്രിൽ 24നും ഏനാത്ത് വച്ച് സൂരജും പാമ്പ് പിടുത്തക്കാരൻ സുരേഷും തമ്മിൽ കണ്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച ഫോൺ രേഖകൾ തെളിവായി സ്വീകരിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. രണ്ടാമത് പാമ്പ് കടിയേറ്റതല്ലെന്നും പാമ്പിൻ വിഷത്തിന് ചികിത്സ തേടിയതിൻ്റെ മറുഫലമായാണ് ഉത്രയ്ക്ക് വീണ്ടും ചികിത്സ ആവശ്യമായി വന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇന്നും വാദം തുടരുമെങ്കിലും സൂരജിനെ നേരിട്ട് ഹാജരാക്കേണ്ടതില്ലെന്ന് കോടതി നിർദ്ദേശിച്ചു. വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുപ്പിക്കും.

  ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച ദിവസം, കേസിൽ പ്രതിയായ ഭർത്താവ് സൂരജ്, സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇന്റർനെറ്റിൽ അണലിയെ കൊണ്ട് കടിപ്പിക്കുന്ന രീതിയെക്കുറിച്ച് തിരഞ്ഞിരുന്നു. അണലിയെ കൊണ്ട് കടിപ്പിക്കുന്ന രീതി പത്തു തവണയും മൂർഖനെ കൊണ്ട് കിടപ്പിക്കുന്ന വിധം അഞ്ചു തവണയുമാണ് കൊലയ്ക്കു മുൻപ് പ്രതി ആകെ ഇന്റർനെറ്റിൽ കണ്ടത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന അന്തിമ വാദത്തിൽ ഈ തെളിവുകൾ പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.  ഉത്രയുടെ കൊലപാതകം കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും അതിന്മേൽ ഉയർത്തിയ വാദവും. കൊലപാതകത്തിന് മുൻപ് 15 തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതി സൂരജ് ഇന്റർനെറ്റിൽ കണ്ടത്. മരണത്തിൽ സംശയം തോന്നി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മടങ്ങിയ സൂരജ് സ്വന്തം ഫോൺ ഒഴിവാക്കി സുഹൃത്ത് എൽദോസിൻ്റെ ഫോണിൽ നിന്ന് പാമ്പുപിടുത്തക്കാരൻ ചാത്തന്നൂർ സ്വദേശി സുരേഷിനെ വിളിച്ചു.

  പാമ്പിനെ താൻ വില നൽകി വാങ്ങിയ കാര്യം ആരോടും പറയരുത് എന്നായിരുന്നു ആവശ്യം. എന്നാൽ പിന്നീട് മാപ്പ് സാക്ഷിയായ സുരേഷ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സുരേഷിന്റെ മകളും സൂരജിനെതിരെ നൽകിയ മൊഴി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പാമ്പിനെ സൂക്ഷിക്കാൻ സുഷിരങ്ങളിട്ട് സുരേഷ് നൽകിയ ജാറാണ് പ്രതിയുമായുള്ള തെളിവെടുപ്പിൽ പിന്നീട് കണ്ടെത്തിയത്.

  ഭിന്നശേഷിക്കാരിയായ ഭാര്യ ഉത്രയെ കൊലപ്പെടുത്തി സ്വത്തുക്കൾ കൈവശപ്പെടുത്തുകയായിരുന്നു സൂരജിൻ്റെ ലക്ഷ്യം. സാധാരണനിലയിൽ മുതിർന്ന സ്ത്രീയുടെ തലച്ചോറിന്റെ ഭാരം 1250 ഗ്രാം മുതൽ 1350 ഗ്രാം വരെയാണ്. ഉത്രയ്ക്ക് ആകട്ടെ 720 ഗ്രാം ഭാരമാണുണ്ടായിരുന്നത്. ഭിന്നശേഷിയുള്ള ഭാര്യയെ കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ സംരക്ഷിക്കാൻ സ്വത്തുവകകൾ വേണമെന്നാണ് സൂരജ് ഉത്രയുടെ വീട്ടുകാരോട് പറഞ്ഞത്.

  കൊലപാതകം നടക്കുന്ന സമയത്ത് ഉത്രയുടെ വീടിനുമുന്നിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. തകരാർ പരിഹരിക്കാൻ നേരത്തെ സൂരജിനോട് പറഞ്ഞിരുന്നെങ്കിലും പ്രതി അങ്ങനെ ചെയ്തിരുന്നില്ലെന്ന് ഉത്രയുടെ അച്ഛൻ മൊഴി നൽകിയിരുന്നു. സാഹചര്യം ഇതായിരിക്കെ ഉത്രയുടെ വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു എന്ന് പ്രതിഭാഗം പറയുന്നത് കളവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

  സ്വന്തം വീട്ടിൽ ഉത്രയ്ക്ക് പാമ്പു കടിയേൽക്കുമ്പോൾ തങ്ങളുടെ മകനും മുറിയിൽ ഉറങ്ങുന്നുവെന്നാണ് സൂരജ് പറഞ്ഞിരുന്നത്. എന്നാൽ അതും തെറ്റാണെന്ന് ഉത്രയുടെ മാതാപിതാക്കളുടെ മൊഴി മുൻനിറുത്തി പ്രോസിക്യൂഷൻ വാദിച്ചു. കുട്ടി തങ്ങളുടെ മുറിയിലായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. 2020 മേയ് 7നാണ് ഉത്ര പാമ്പുകടിയേറ്റ് മരിക്കുന്നത്. സർപ്പശാപത്തെ തുടർന്ന് ഉത്രയെ തുടർച്ചയായി പാമ്പുകടിച്ചുവെന്ന് വരുത്തിത്തീർക്കാനായിരുന്നു സൂരജിൻ്റെ ശ്രമം.
  Published by:user_57
  First published: