മതനിന്ദയാരോപിച്ച് അദ്ധ്യാപകൻ്റെ കൈവെട്ടിയ കേസിൻ്റെ രണ്ടാം ഘട്ട വിചാരണ ജൂലൈ 12ന് ആരംഭിക്കും. പ്രൊഫ: ടി. ജെ. ജോസഫിൻ്റെ മകൻ്റെ വിസ്താരമാണ് ആദ്യ നടക്കുക. ഇനി വിചാരണ നേരിടാനുള്ള പതിനൊന്ന് പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള നടപടികൾ കൊച്ചി എൻ.ഐ.എ. കോടതിയിൽ പൂർത്തിയായിരുന്നു.
കേസിൽ 13 പേർക്ക് കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഈ സമയം ഒളിവിലായിരിക്കുകയും 2015 ന് ശേഷം പിടിയിലാവുകയും ചെയ്ത 11 പ്രതികളുടെ വിസ്താരമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായ എം.കെ. നാസർ, ഷെഫീഖ്, നജീബ്, സജിൻ, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, മുഹമ്മദ് കുഞ്ഞ്, അയൂബ് എന്നിവരാണ് രണ്ടാം ഘട്ടത്തിൽ വിചാരണ നേരിടുന്നത്.
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായ പ്രൊഫ. ടി. ജെ. ജോസഫിൻ്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ ആക്രമണം നടത്തിയത്.
രണ്ടാം ഘട്ട വിചാരണയുടെ ഭാഗമായുള്ള സാക്ഷി വിസ്താരം നേരത്തെ മാറ്റി വച്ചതാണ്.
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 2010 മാര്‍ച്ച് 23 നടന്ന ബികോം ഇന്റേണല്‍ പരീക്ഷയാണ് പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ ജീവിത ഭാഗധേയം മാറ്റിമറിച്ചത്. ചോദ്യക്കടലാസില് ചിഹ്നങ്ങള്‍ ചേര്‍ക്കുന്നതിനായി നല്കിയ ഭാഗങ്ങള്‍ വന്‍ വിവാദമായി വളര്‍ന്നു.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയിലെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. വിഷയമേറ്റെടുത്ത വിവിധ സംഘടനകള്‍ കോളേജിന് നേരെ പ്രതിഷേധമാരംഭിച്ചു. കൊളേജ് തള്ളിപ്പറഞ്ഞതോടെ പ്രൊഫസര്‍ ഒളിവില്‍ പോയി. ചോദ്യപേപ്പറില്‍ പോലീസ് മതനിന്ദ കുറ്റം ചുമത്തി സ്വമേധയ കേസ് എടുക്കുകയും, പ്രൊഫസറെ കിട്ടാഞ്ഞ് മകന് മിഥുനെ ക്രൂരമായി പീഡിപ്പിയ്ക്കുകയും ചെയ്തു.
കുടുംബത്തിനെതിരായ പീഡനങ്ങള്‍ വര്‍ദ്ധിച്ചതോടെ പോലീസിന് മുന്നില്‍ കീഴടങ്ങി പ്രൊഫസര്‍ ജയിലിലായി. ഇതിന് ശേഷം ജൂലൈ നാലിന് പള്ളിയില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് ഓമ്നി വാനിലെത്തിയ തീവ്രവാദസംഘം കോടാലികൊണ്ട് വലതുകൈ വെട്ടിമാറ്റിയത്. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയായ സഹോദരിയെയും സംഘം മര്‍ദ്ദിച്ചു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റ പ്രൊഫസര്‍ ദീര്‍ഘ നാളത്തെ ചികിത്സയ്ക്കുശേഷം മനസാന്നിദ്ധ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
2013 നവംബറില്‍ മതനിന്ദയുടെ പേരില്‍ പോലീസ് സ്വമേധയ എടുത്ത കേസ് കോടതി തള്ളി. കേസ് കോടതി തള്ളിയെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ സഭാ നേതൃത്വം തയ്യാറായില്ല. ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് മനസ്സിലായതോടെ പ്രൊഫസറും ഭാര്യ സലോമിയും മാനസികമായി ഏറെ തകര്‍ന്നു. അതുവരെ അചഞ്ചലയായി ഭര്‍ത്താവിനൊപ്പം നിന്ന ഭാര്യ സലോമിയെ കോളേജ് അധികൃതരുടെ തീരുമാനം തകര്‍ത്തുകളഞ്ഞു. 2014 മാര്‍ച്ച് 19 ന് കുളിമുറിയിലെ ടവല്‍ റാഡില്‍ തോര്‍ത്തുകുരുക്കി സലോമി ജീവനൊടുക്കി.
പീഡാനുഭവ കാലത്തെ ഓര്‍മ്മകള്‍ വീണ്ടെടുത്ത് പ്രൊഫസര്‍ ടി.ജെ. ജോസഫ് എഴുതിയ അറ്റു പോകാത്ത ഓര്‍മ്മകളില്‍ തന്റെ കൈവെട്ടിയ തീവ്രവാദികളേക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ സഭയുടെ നടപടികളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.