• HOME
  • »
  • NEWS
  • »
  • kerala
  • »
  • Court| ദുർബലരായ സാക്ഷികൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കണം; കോടതികളോട് കേരളാ ഹൈക്കോടതി നിർദ്ദേശം

Court| ദുർബലരായ സാക്ഷികൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കണം; കോടതികളോട് കേരളാ ഹൈക്കോടതി നിർദ്ദേശം

ഇത്തരം സാക്ഷികൾക്ക് ലൈവ് ലിങ്കിലൂടെ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരമുണ്ടാവും

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
ദുർബലരായ സാക്ഷികൾക്ക് (Vulnerable Witness) നിർഭയമായി തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിന് വേണ്ടി സുരക്ഷിതത്വമുള്ള അന്തരീക്ഷം ഒരുക്കുന്നതിൻെറ ഭാഗമായി എല്ലാ കോടതികളിലും പ്രത്യേക കേന്ദ്രങ്ങൾ (Vulnerable Witnesses Deposition Centres) ഒരുക്കാൻ കേരള ഹൈക്കോടതിയുടെ (Kerala High Court) നി‍‍ർദ്ദേശം. ജനുവരിയിൽ സുപ്രീം കോടതി (Supreme Court) എല്ലാ ഹൈക്കോടതികൾക്കും ഇക്കാര്യത്തിൽ നി‍ർദ്ദേശം നൽകിയിരുന്നു. ഇപ്പോൾ കേരളവും ഇത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികൾ, ലൈംഗികാതിക്രമത്തെ അതിജീവിച്ചവ‍ർ എന്നിവരെല്ലാം ദുർബല സാക്ഷികളുടെ ഗണത്തിൽ പെടുന്നവരാണ്.

കുട്ടികളുടെ മാനസിക സമ്മ‍ർദ്ദം കുറയ്ക്കുന്നതിനായി കളിപ്പാട്ടങ്ങൾ, പുതപ്പുകൾ, പുസ്തകങ്ങൾ എന്നിവയെല്ലാം ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ നി‍ർദ്ദേശങ്ങളിൽ പറയുന്നു. പ്രതികളുമായി മുഖാമുഖം ഇടപെടുന്നതിനുള്ള അവസരം ഒഴിവാക്കുന്നതിനായി വീഡിയോ - ഓഡിയോ സംവിധാനങ്ങളും ഒരുക്കും. ഇത്തരം സാക്ഷികൾക്ക് ലൈവ് ലിങ്കിലൂടെ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരമുണ്ടാവും.

സാക്ഷികൾക്കും ഒപ്പം വരുന്ന ബന്ധുക്കൾക്കും ഇരിക്കുന്നതിനായി ഒരു കാത്തിരിപ്പ് മുറി ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടാവും. സാക്ഷിയുടെ സുഹൃത്തുകൾക്കും സഹായത്തിനായി വരുന്നവ‍ർക്കുമെല്ലാം ഇവിടെ ഇരിക്കാവുന്നതാണ്. കാത്തിരിപ്പ് മുറിയിൽ ടിവി, പുസ്തകങ്ങൾ, ഗെയിമുകൾ, പെയ്ൻറിങ്ങുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഉണ്ടായിരിക്കും. സാക്ഷികളുടെ ഉത്കണ്ഠയും മാനസിക സമ്മ‍ർദ്ദവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. സാക്ഷികൾക്ക് ഇവിടെ സമാധാനത്തോടെ മറ്റ് സമ്മ‍ർദ്ദങ്ങളൊന്നും ഇല്ലാതെ ഇരിക്കാൻ സാധിക്കണം. പോലീസുകാ‍ർ, പ്രതികൾ, കേസുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരോടൊന്നും നേരിട്ട് ഇടപെടേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

കോടതിയിൽ നിലവിൽ നടക്കുന്ന കേസ് ഏതാണെന്നും മറ്റും അറിയിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനവും കാത്തിരിപ്പ് മുറിയിലുണ്ടാവും. സാക്ഷി ഉൾപ്പെടുന്ന കേസ് എപ്പോൾ വിളിക്കുമെന്ന് ഇതിലൂടെ അറിയാൻ സാധിക്കും. വിചാരണയ്ക്ക് മുമ്പായി സാക്ഷിക്ക് ആവശ്യമെങ്കിൽ സിവിൽ കോടതിയിലോ ജുവനൈൽ ജസ്റ്റിസ് ബോ‍ർഡിലോ പോയി കോടതി നടപടികൾ എങ്ങനെയെന്ന് പഠിക്കാനുള്ള അവസരമൊരുക്കും. കോടതി ഉദ്യോഗസ്ഥരുടെ റോളുകൾ, അവർ എവിടെ ഇരിക്കുന്നു, കോടതിയിൽ മറ്റാരൊക്കെയുണ്ട്, പ്രതികളെ എവിടെയാണ് നി‍ർത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സന്ദ‍ർശനത്തിലൂടെ സാക്ഷിക്ക് മനസ്സിലാക്കാനാവും.

സാക്ഷിമൊഴി കൊടുക്കുന്നതിന് മുമ്പ് എന്തെങ്കിലും തരത്തിലുള്ള ഭയമോ മാനസിക സമ്മ‍ർദ്ദമോ ഉണ്ടെങ്കിൽ അത് നേരത്തെ അറിയിക്കാവുന്നതാണ്. വിചാരണയ്ക്കിടയിൽ ഇടവേള വേണമെങ്കിൽ അനുവദിക്കുന്നതാണ്. ഒരു ലൈംഗിക കുറ്റകൃത്യത്തെ അതിജീവിച്ച വ്യക്തിയുടെ കാര്യത്തിൽ, തെളിവുകൾ രേഖപ്പെടുത്തുന്ന സമയത്ത് പ്രതിയുമായി മുഖാമുഖം സമ്പ‍ർക്കം വരാതെ നോക്കണമെന്നും നി‍ർദ്ദേശത്തിൽ പറയുന്നു. പ്രതിയുടെ സാന്നിധ്യത്തിൽ സാക്ഷിമൊഴി നൽകുന്നതിന് ദു‍ർബല സാക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അൽപനേരത്തേക്ക് പ്രതിയെ കോടതി മുറിയിൽ നിന്ന് മാറ്റുന്നതായിരിക്കും. നിർഭയമായി സ്വതന്ത്രമായി സംസാരിക്കാനുള്ള അന്തരീക്ഷം കോടതി ദു‍ർബല സാക്ഷിക്ക് ഒരുക്കിക്കൊടുക്കണം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചായിരിക്കും ഇത്തരം സാക്ഷികളുടെ വിചാരണ നടക്കുക.
Published by:user_57
First published: