തിരുവനന്തപുരം: കോവിഡ് 19 കേരളത്തിൽ സ്ഥിരീകരിച്ചതിനു പിന്നാലെ കടുത്ത ജാഗ്രതയിലാണ് ആറ്റുകാൽ പൊങ്കാല നടന്നത്. ഭക്തർ മാസ്ക് ധരിക്കണമെന്നത് അടക്കം കർശന നിർദേശങ്ങളും ആരോഗ്യ വകുപ്പ് നൽകിയിരുന്നു. നിലവിൽ ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്.
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ആരും നിരീക്ഷണത്തിൽ ഇല്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. ജില്ലയിൽ 112 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 16 പേർ ആശുപത്രികളിലും 96 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗ് നൽകുന്നുണ്ട്.
പേരൂർക്കട, ഫോർട്ട് ആശുപത്രികളിലും, സൗകാര്യ ആശുപത്രികളിലും നിരീക്ഷണത്തിനായി കൂടുതൽ സൗകര്യം ഒരുക്കും. വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ വിദേശികളും പരിശോധനക്ക് വിധേയമാകണം. പരിശോധനക്ക് വിധേയമാകാത്തവർക്കെതിരെ നടപടി സ്വീകരിക്കും.
രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ വിദേശികൾ താമസിക്കുന്ന ഇടങ്ങളിൽ നിരീക്ഷണമുണ്ടാകും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഹോട്ടൽ അധികൃതർക്കെതിരെയും നടപടിയുണ്ടാകും. വിമാനത്താവളത്തിൽ പരിശോധനയ്ക്കായി പ്രത്യേക സംഘങ്ങളെ നിയോഗിക്കും. കച്ചവടക്കാരെ ബാധിക്കുമെന്നതിനാൽ മാളുകൾ അടച്ചിടാൻ നിർദേശം നൽകില്ല. എന്നാൽ മൃഗശാലയും മ്യുസിയവും അടച്ചിടാൻ ഉടൻ നിർദ്ദേശം നൽകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.