• HOME
  • »
  • NEWS
  • »
  • kerala
  • »
  • 100 Days of Pinarayi 2.0| കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് തുടർഭരണത്തിന്റെ നൂറുദിനം; പിണറായി സർക്കാരിനെ വിടാതെ വിവാദങ്ങളും

100 Days of Pinarayi 2.0| കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് തുടർഭരണത്തിന്റെ നൂറുദിനം; പിണറായി സർക്കാരിനെ വിടാതെ വിവാദങ്ങളും

പരിമിതികൾക്കിടിയിലും സൗജന്യ കിറ്റും പെൻഷനും മുടക്കാതെയും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുമാണ് ജനങ്ങളെ ഒപ്പം നിർത്താൻ സർക്കാർ ശ്രമിച്ചത്.

Pinarayi 2.0

Pinarayi 2.0

  • Last Updated :
  • Share this:
തിരുവനന്തപുരം: പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃക ചോദ്യം ചെയ്യപ്പെട്ടു എന്നതു തന്നെയാണ് രണ്ടാം പിണറായി സർക്കാർ ആദ്യ 100 ദിനത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. മുട്ടിൽ മരം മുറിയും കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടും നിയമസഭാ കൈയാങ്കളി കേസും വരും നാളുകളിലും സർക്കാരിന് തലവേദനയുണ്ടാക്കാൻ പോന്നതാണ്. പരിമിതികൾക്കിടിയിലും സൗജന്യ കിറ്റും പെൻഷനും മുടക്കാതെയും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുമാണ് ജനങ്ങളെ ഒപ്പം നിർത്താൻ സർക്കാർ ശ്രമിച്ചത്.

പ്രതിസന്ധികളെ അവസരമാക്കി മാറ്റിയാണ് ആദ്യ പിണറായി സർക്കാർ ജനങ്ങളുടെ വിശ്വാസം നേടിയത്. അതിന് ഏറ്റവും സഹായിച്ചത് ആദ്യ തരംഗത്തിൽ കോവിഡിനെ നേരിട്ട രീതിയായിരുന്നു. ആഗോളതലത്തിൽ പോലും പ്രശംസിക്കപ്പെട്ട ആ മാതൃക രണ്ടാം തരംഗത്തിൽ ചോദ്യം ചെയ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും ജനജീവിതം സാധാരണ നിലയിലേക്കു നീങ്ങിക്കഴിഞ്ഞു. അപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് രോഗ  നിരക്കുമായി കേരളം ഭീതിയുടെ നിഴലിലാണ്. കോവിഡ് മരണം കണക്കാക്കുന്നതിലെ അശാസ്ത്രീയത ആരോഗ്യ വകുപ്പിനെ സംശയ നിഴലിലാക്കി. തുടർച്ചയായ അടച്ചിടലിൽ ജീവിതം വഴി മുട്ടിയ കച്ചവടക്കാർ തെരുവിലിറങ്ങി.  ജനം സർക്കാരിനെ പഴിച്ചു. പെറ്റി സർക്കാരെന്നു വിളിച്ച് പ്രതിപക്ഷം പരിഹസിച്ചു. ജീവനോപാധി നഷ്ടപ്പെട്ട പലരും ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തു.

Also Read- 100 Days of Pinarayi 2.0| 'നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കി മുന്നേറുകയാണ് നാം'

രാഷ്ട്രീയമായും തിരിച്ചടികളുടെ കാലമായിരുന്നു പിണറായി സർക്കാരിന്. റവന്യൂ, വനം വകുപ്പുകളെ പ്രതിസ്ഥാനത്തു നിർത്തിയ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തമായ മറുപടി പറയാൻ ഇനിയും സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ധർമടം ബന്ധം വെളിവായതോടെ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചായി മരംകൊള്ളയിലെ ആരോപണങ്ങൾ. പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെട്ടെന്ന ആരോപണത്തിൽ നിന്ന് കഷ്ടിച്ചാണ് സർക്കാർ തടിതപ്പിയത്. പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ  അധ്യക്ഷയെ രാജിവയ്പിച്ചാണ് ആ പ്രശ്നം ഒത്തുതീർത്തത്.

ഐഎൻഎല്ലിലെ തമ്മിലടിയിൽ മന്ത്രി പോലും കൈയറ്റം ചെയ്യപ്പെട്ടത് സർക്കാരിന് നാണക്കേടായി. നിയമസഭാ കൈയാങ്കളി കേസിന്റെ മുന്നോട്ടു പോക്ക് സർക്കാരിനെ തെല്ലൊന്നുമല്ല, ആശങ്കപ്പെടുത്തുന്നത്. തുടർച്ചയായ സ്ത്രീപീഡന മരണങ്ങൾ സംസ്ഥാനത്തിന്റെ യശസ്സിടിച്ചു. ചരിത്രത്തിലാദ്യമായി ഗവർണറുടെ ഉപവാസത്തിനും കേരളം സാക്ഷിയായി.

Also Read- Chef Noushad Passes Away| സിനിമാ നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

ജൂൺ 11 മുതൽ സെപ്തംബർ 19 വരെയാണ് സർക്കാരിന്റെ 100 ദിന കർമപരിപാടി. അതു കൊണ്ടു തന്നെ സർക്കാരിൻ്റെ നൂറാം ദിനാഘോഷവും അടുത്ത മാസമാകും. 100 ദിന കർമപരിപാടിയിലെ പദ്ധതികളുടെ പൂർത്തീകരികണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. കെ-റെയിലും നോളജ് എക്കോണമി മിഷനും പോലുള്ള ഫ്ളാഗ് ഷിപ് പദ്ധതികൾ സിപിഎമ്മിനെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇവയുൾപ്പെടെയുള്ള അഭിമാന പദ്ധതികളുടെ തുടക്കവും പൂർ‌ത്തീകരണവും വലിയ കടമ്പയായി സർക്കാരിനു മുന്നിലുണ്ട്.

ഓണക്കിറ്റും ഓണസമ്മാനമെന്ന നിലയിൽ നൽകിയ 5650 കോടിയുടെ പാക്കേജും സർക്കാരിന് കൈയടി നേടിക്കൊടുത്തു. കോവിഡ് രോഗം നിയന്ത്രിക്കാനായില്ലെങ്കിലും ശ്വാസം കിട്ടാതെ രോഗികൾ പിടഞ്ഞു മരിച്ച ഇതര സംസ്ഥാനങ്ങളിലെ ദയനീയത കേരളത്തിലുണ്ടായില്ല. ഇത് ആരോഗ്യരംഗത്തെ ആസൂത്രണ മികവിന് തെളിവായി മാറി. വികസന കാര്യങ്ങളിൽ രാഷ്ട്രീയം മറന്നു കേന്ദ്രവുമായി യോജിച്ചുള്ള മുന്നോട്ടു പോക്ക് വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കു നൽകുന്നത്.

കോവിഡിനെ പിടിച്ചു കെട്ടുകയെന്നതു തന്നെയാണ് വരും മാസങ്ങളിൽ സർക്കാരിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. പിന്നെ വികസന സ്വപ്നങ്ങളുടെ പൂർത്തീകരണവും. താരതമ്യേന പുതുമുഖങ്ങൾ നിറഞ്ഞ മന്ത്രിസഭയാണ് ഇത്. കഴിഞ്ഞ തവണത്തേതിലും മൂർച്ചയുണ്ടെന്നു തോന്നിപ്പിക്കുന്ന പ്രതിപക്ഷവും സർക്കാരിൻ്റെ ഓരോ ചുവടും നിരീക്ഷിക്കുന്നുണ്ട്.  പ്രതിബദ്ധങ്ങൾ നിരവിധിയാണ് പിണറായിക്കു മുന്നിലെന്നു ചുരുക്കം.
Published by:Rajesh V
First published: