HOME » NEWS » Kerala » COVID CRISIS WILL NOT AFFECT KITCHENS DISTRIBUTION OF FOOD KITS WILL CONTINUE IN JUNE SAYS CM PINARAYI VIJAYAN

‘കോവിഡ് പ്രതിസന്ധി അടുക്കളകളെ ബാധിക്കില്ല’; ഭക്ഷ്യകിറ്റ് വിതരണം ജൂണ്‍ മാസത്തിലും തുടരുമെന്ന് മുഖ്യമന്ത്രി

മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 823.23 കോടി രൂപയാണ് വിതരണം പെന്‍ഷന്‍ ആയി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും.

News18 Malayalam | news18-malayalam
Updated: May 14, 2021, 7:32 PM IST
‘കോവിഡ് പ്രതിസന്ധി അടുക്കളകളെ ബാധിക്കില്ല’; ഭക്ഷ്യകിറ്റ് വിതരണം ജൂണ്‍ മാസത്തിലും തുടരുമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നമ്മുടെ അടുക്കളകളെയാകും കോവിഡ് ആദ്യം ബാധിക്കുക എന്നതിനാല്‍ അതിനെ മറികടക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്.

അതിന്‍റെ ഭാഗമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അത് എല്ലാ കുടുംബങ്ങള്‍ക്കും ആയി വിതരണം ചെയ്തു. 85 ലക്ഷത്തോളം കുടുംബങ്ങള്‍ ഭക്ഷ്യക്കിറ്റിന്‍റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയും ഭക്ഷ്യ വകുപ്പിന്‍റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി വിതരണവും ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തി. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ അരി വിതരണം ചെയ്തു. അഗതിമന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധിയെ തരണം ചെയ്യാനായിരുന്നു ശ്രമിച്ചത്. പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കി. അന്ന് നടത്തിയ കാര്‍ഷിക മേഖലകളിലെ ഇടപെടല്‍, സുഭിക്ഷ കേരളം പദ്ധതി, എത്രത്തോളം വിജയമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമായി കുടുംബശ്രീ ഹോട്ടലുകള്‍ക്ക് തുടക്കമിട്ടു. ഈ കുടുംബശ്രീ ഹോട്ടലുകളാണ് രണ്ടാം ലോക് ഡൗണില്‍ നമ്മുടെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത് എന്നു കൂടി കാണണം. കുടുംബശ്രീ വഴി നടപ്പാക്കിയ പലിശരഹിത വായ്പാ പദ്ധതിയും ആ ഘട്ടത്തില്‍ സഹായകരമായി. ഇത്തരം ഇടപെടലുകള്‍ തുടരണം എന്നാണ് ഉദ്ദേശിക്കുന്നത്.

എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. രോഗം നിയന്ത്രണ വിധേയമാകാത്ത, രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം വേണ്ടി വരും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16-ാം തീയതി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോഗവ്യാപനം കുറച്ചു കൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Also Read- പിപിഇ കിറ്റിന് 273 രൂപ; ട്രിപ്പിൾ ലെയർ മാസ്കിന് 3.90 രൂപ; അവശ്യസാധന നിയന്ത്രണ നിയമപ്രകാരം വില നിശ്ചയിച്ച് സർക്കാർ

ലോക്ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഒന്നാം ഘട്ടത്തിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്.
അവശ്യസാധന കിറ്റുകള്‍ 2021 ജൂണിലും തുടര്‍ന്ന് വിതരണം ചെയ്യും.

മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 823.23 കോടി രൂപയാണ് വിതരണം പെന്‍ഷന്‍ ആയി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും. ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും.

Also Read- ലോക്ക് ഡൗൺ 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വര്‍ഷത്തെ പലിശ സബ്സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും.
കുടുംബശ്രീയുടെ റീസര്‍ജന്‍റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും. കുടുംബശ്രീ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ക്കു കൂടി ഇത് ബാധകമാകും. വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Rajesh V
First published: May 14, 2021, 7:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories