തിരുവനന്തപുരം: കൈകൾ ഇനി ചലിക്കില്ലെന്ന് മെഡിക്കൽ കൊളജിലെ ഡോക്ടർമാർ വിധിയെഴുതിയ അനിൽകുമാർ കൈകൾ ചെറുതായി ചലിപ്പിച്ചു തുടങ്ങി. പുഴുവരിച്ച മുറിവുകൾ ഉണങ്ങി. നന്നായി ഭക്ഷണം കഴിക്കും, സംസാരിക്കും. ചൊവ്വാഴ്ച പേരൂർക്കട ആശുപത്രിയിൽ നിന്ന് അനിൽകുമാറിനെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ആരോഗ്യാവസ്ഥ പരിശോധിക്കുന്നുണ്ട്.
ആശുപത്രിയിലെ ദുരിത ദിനങ്ങൾ ഓർത്തെടുക്കുകയാണ് അനിലിപ്പോൾ. തന്നോട് മെഡിക്കൽ കൊളജ് അധികൃതർ മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. കൊടും ക്രൂരതയ്ക്കും മുകളിൽ വാക്ക് വേണ്ടി വരും വിശേഷിപ്പിക്കാൻ എന്നാണ് പറയുന്നത്. ആശുപത്രിയിലെത്തി രണ്ട് ദിവസത്തിന് ശേഷം ഒർമ നഷ്ടപ്പെട്ട് തുടങ്ങി. ദേഹത്തിൽ മുറിവുകൾ ഉണ്ടായത് അറിഞ്ഞിരുന്നു. പറയാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും അനിൽകുമാർ പറയുന്നു.
Also Read-Gold Smuggling Case | ശിവശങ്കറിന് താല്‍ക്കാലിക ആശ്വാസം; NIA കേസിൽ പ്രതിയല്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ രക്ഷപെടില്ലെന്നുറപ്പിച്ച് ഉപേക്ഷിച്ചിടത്തു നിന്ന് പേരൂർക്കട ആശുപത്രിയിലെ ചികിൽസയിലൂടെയാണ് അനിൽ കുമാറിന്റെ അതിജീവനം. ദീർഘകാലം മികച്ച ചികിൽസ ലഭിച്ചാൽ ആരോഗ സ്ഥിതി ഇനിയും മെച്ചമാകുമെന്നാണ് പ്രതീക്ഷ. അർബുദ രോഗിയായ ഭാര്യയുടെ ചികിൽസയ്ക്കായും കുടുംബം ബുദ്ധിമുട്ടുകയാണ്. അതിനിടെയാണ് അനിൽകുമാറിന് ദുരിതം നേരിടേണ്ടി വന്നത്.
മെഡിക്കൽ കൊളജിനെതിരെ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ചികിത്സ പിഴവിന് കോടതിയിൽ ഹർജി നൽകും. സാമ്പത്തികം ഇല്ലെങ്കിലും നിയമപോരാട്ടം തുടരുമെന്നും ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allegation, Covid 19, Covid patient, Human rights commission, Kerala, Thiruvananthapuram medical college