• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID VACCINATION KERALA CREATES RECORD MORE THAN FOUR LAKH FIFTY THOUSAND PEOPLE GOT VACCINATED IN A DAY NAV

കോവിഡ് വാക്സിൻ: റെക്കോർഡ് തിരുത്തി കേരളം, സംസ്ഥാനത്ത് ഇന്ന് നാലര ലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു

കേരളത്തിന് നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് പുതിയ റെക്കോർഡ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: വാക്സിനേഷനിൽ റെക്കോർഡ് തിരുത്തി കേരളം. വൈകീട്ട് ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. കേരളത്തിന് നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് പുതിയ റെക്കോർഡ്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

ഞായറാഴ്ച കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചുരുക്കത്തിൽ മാസ് വാക്സിനേഷനിലൂടെ കേന്ദ്രത്തിന് മറുപടി നൽകിയിരിക്കുകയാണ് കേരളം.

ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്. എല്ലാ ജില്ലകളിലും 10000 ന് പുറത്ത് വാക്സിനേഷൻ നടന്നു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. മികച്ച രീതിയില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഒരു ദിവസം നാല് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണെന്നും ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.

വാക്സിൻ നൽകുന്നതിൽ റെക്കോർഡിട്ട സംസഥാനത്ത് പക്ഷെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ആശങ്ക കൂട്ടുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകൾ തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
Published by:Naveen
First published:
)}