കൊറോണ ഭീതിയോടെ സംസ്ഥാനത്തുണ്ടായ സാനിട്ടൈസർ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി തുടങ്ങി. വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്(കെഎസ് ഡിപി) ഹാൻഡ് സാനിട്ടൈസർ നിർമാണം ആരംഭിച്ചു.
മെഡിക്കൽ സർവീസസ് കോർപ്പേറേഷൻ വഴിയാകും ഇതിന്റെ വിതരണം. 10 ദിവസം കൊണ്ട് ഒരു ലക്ഷം ബോട്ടിൽ സാനിട്ടൈസർ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
ഇതിന്റെ ആദ്യപടിയായി അര ലിറ്ററിന്റെ 500 ബോട്ടിൽ സാനിട്ടൈസർ നിർമിച്ച് മെഡിക്കൽ സർവീസസ് കോർപ്പറേഷനു കൈമാറി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് സാനിട്ടൈസർ തയാറാക്കിയത്. കെഎസ് ഡിപി സാനിട്ടൈസർ നിർമിച്ചിരുന്നില്ല.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും സാനിട്ടൈസറിന് ക്ഷാമം നേരിട്ട സാചര്യത്തിലാണ് നിർമാണം തുടങ്ങിയത്. ശനിയാഴ്ചയോടെ രണ്ടായിരം ബോട്ടിൽ പൂർത്തിയാകും.
ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികള്‍ക്കു നൽകുന്ന സാനിട്ടൈസർ പിന്നീട് വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
സംസ്ഥാനത്തെ ഏക പൊതുമേഖലാ മരുന്ന നിർമാണ കമ്പനിയാണ് കെഎസ് ഡിപി. നേരത്തേ പാരസെറ്റാമോൾ മാത്രം നിർമിച്ചിരുന്ന സ്ഥാപനം അടുത്തിടെ 32.15 കോടി രൂപയുടെ ബീറ്റാലാക്ടം മരുന്ന് പ്ലാന്റ് കമ്മിഷൻ ചെയ്തിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.