കാസര്‍കോട്: പെരിയ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പേനത്തുമ്പിലോ നാവിന്‍തുമ്പിലോ തകര്‍ന്നുപോകുന്നതല്ല സിപിഎമ്മെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. കുപ്രചാരണങ്ങള്‍ കൊണ്ട് സിപിഎമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശനങ്ങളോട് പ്രതികരിച്ചു.
പെരിയയിലേത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റാത്ത കൊലപാതകമാണെന്ന് പറഞ്ഞുകൊണ്ടാണ് വിഷയം മുന്‍നിര്‍ത്തി പാര്‍ട്ടിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് പിണറായി മറുപടി പറയുന്നത്. പെരിയയിലേതുപോലുള്ള കൊലപാതകങ്ങളും അക്രമങ്ങളും ഒരുതരത്തിലും പൊറുക്കപ്പെടാന്‍ പാടില്ലാത്തതാണെന്നും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനും അവസരം നല്കിയ ആ പ്രവൃത്തിയെ ഒരുതരത്തിലും ന്യായീകരിക്കാനും അംഗീകരിക്കാനും ആവില്ലെന്നും പിണറായി പറഞ്ഞു.
Also Read: 'പ്രവാസികൾക്ക് ഓൺലൈൻ വോട്ട്' വ്യാജ പ്രചാരണം; നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻവിഷയത്തില് കര്‍ക്കശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. 'കുറ്റം ചെയ്തത് ആരായാലും നിയമത്തിനു മുന്നില്‍ ഉത്തരം പറയേണ്ടിവരും. ശക്തമായ നടപടി വേണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് പൊലീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം. അത്തരം ദുരുപയോഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്ന് ഉണ്ടാകില്ല. പൊലീസ് പൊലീസിന്റെ പണി ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും.' മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം പ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ ആക്രമിച്ചതും കൊലപ്പെടുത്തിയതും കോണ്‍ഗ്രസാണെന്ന് പറഞ്ഞ പിണറായി കോണ്‍ഗ്രസിനെ സമാധാനത്തിന്റെ മാലാഖമാര്‍ ആക്കാനുള്ള ശ്രമം ചില മാധ്യമങ്ങള്‍ നടത്തുന്നു എന്നത് അത്യന്തം ജുഗുപ്സാവഹമാണെന്നും കൂട്ടിച്ചേര്‍ത്തു.
'വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാമെന്നുള്ള വ്യാമോഹത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള പ്രചാരണം. ഇതിനേക്കാള്‍ കടുത്ത ആക്രമണം നേരിട്ടും അതിജീവിച്ചും ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സിപിഐഎം'. അദ്ദേഹം പറഞ്ഞു. എത്ര വലിയ ആക്രമണം ആയാലും അതിനെ പ്രതിരോധിച്ച് ഉയര്‍ന്നുവന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്ന് പറഞ്ഞ പിണറായി കേരളത്തിലെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ആ ആഗ്രഹത്തിനൊപ്പം ആണ് സിപിഎമ്മെന്നും കൂട്ടിച്ചേര്‍ത്തു. അതിനു വിരുദ്ധമായ ഏത് പ്രചാരണത്തെയും അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.