തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സിപിഐ. ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമവിരുദ്ധമാണെന്നും ലേഖനം എഴുതാൻ ആരാണ് അനുമതി നൽകിയതെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ചോദിച്ചു. നിയമസഭ സമ്മേളനം നടക്കുമ്പോള്‍ അങ്ങനെ എഴുതാന്‍ പാടില്ല. നിയമപരമായി തെറ്റാണ്. ചീഫ് സെക്രട്ടറി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല. അങ്ങനെ പറയാനുള്ള അവകാശവുമില്ല. കേരളത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാരില്ലേ എന്നും സിപിഐ നേതാക്കള്‍ ചോദിച്ചു.
മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണെന്നും മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതിയെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞത്. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. പൗരന്മാരെ മാവോയിസ്റ്റ് തീവ്രവവാദികളില് നിന്ന് പൊലീസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു.
ഇതിനിടെ, അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ച സിപിഐ നേതാക്കളുടെ സംഘം ഇതുസംബന്ധിച്ച തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതായും സിപിഐ നേതാക്കള്‍ പ്രതികരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.