തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന് വാതിൽ തുറന്നിട്ട സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് മുന്നണിയിലെ ഘടകക്ഷികൾ. പാലാ സീറ്റീൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് എൻസിപി ആവർത്തിച്ചു. ഇതിനിടെ കരുനാഗപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് നൽകാനുള്ള തീരുമാനത്തിനെതിരെ സിപിഐ ജില്ലാ ഘടകവും രംഗത്തെത്തി. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങൾ തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് നീക്കം.
Also Read- 'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?': കാനം രാജേന്ദ്രന്‍
മാണി സി കാപ്പൻ വിജയിച്ച സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. പാലാ, കുട്ടനാട്, ഏലത്തൂർ മണ്ഡലങ്ങളിൽ എൻസിപി തന്നെ മത്സരിക്കും. പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പൻ എൻസിപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാ സീറ്റിന് വേണ്ടി ജോസ് കെ മാണി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം അവരോടാണ് ചോദിക്കണമെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. കേരളാ കോൺഗ്രസ് വിഷയം ഇന്നു കൊച്ചിയിൽ ചേരുന്ന എൻസിപി സംസ്ഥാന നേതൃയോഗത്തിന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്‍റെ നീക്കം.
Also Read- 'ഇടത്തോട്ട് തിരിഞ്ഞപ്പോൾ കുടുംബത്തിൽ ഉടക്ക്'; എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ കെ എം മാണിയുടെ മരുമകൻ
മാണി സി കാപ്പന് പിന്നിൽ എന്‍സിപിയിയിലെ ഒരു വിഭാഗവുമുണ്ട്. സിപിഎം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് ഇവർ. അങ്ങനെ വന്നാല്‍ യുഡിഎഫ് പിന്തുണയോടെ പാലായില്‍ തന്നെ മത്സരിക്കണമെന്നാണ് ഇവരുടെ നിലപാട്. അതേസമയം, പാലാ സീറ്റിന്റെ പേരില്‍ എൽഡിഎഫുമായി അകലുന്നത് ശരിയല്ലെന്ന നിലപാടിലാണ് മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധി എ കെ ശശീന്ദ്രന്റെ അഭിപ്രായം.
Also Read- കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?
അതേസമയം, സിപിഐ മത്സരിച്ചുവരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടുവെന്ന വാർത്തയ്ക്കിടെ സിപിഐ ജില്ലാ കമ്മിറ്റി എതിർപ്പുമായി രംഗത്ത് വന്നു. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് പക്ഷത്തിന് നൽകുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി എതിർപ്പറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചർച്ചയാകും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Cpi, Cpm, Jose K Mani, Kanam rajendran, Kerala congress, Kerala congress m, Ldf, Mani c kappan, Ncp, Oommen Chandy, P j joseph, Pala, Pj joseph, Udf