സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസുമായി ഒത്തുചേർന്ന് കട്ടപ്പന മുൻ DySP, നെടുങ്കണ്ടം സി ഐ, എസ് ഐ എന്നിവർ ഒത്തുകളിച്ചെന്നാണ് സിപിഎം നിലപാട്
news18
Last Updated :
Share this:
കട്ടപ്പന: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി എസ് പി കെ ബി വേണുഗോപാലിനെതിരെ വിമർശനവുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാതെ സിപിഎം. കട്ടപ്പന മുൻ DySP അടക്കമുള്ളവർ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് കേസ് എന്ന് ആരോപിക്കുമ്പോവും എസ് പിക്കെതിരെ ഒരു പരാമർശം പോലുമില്ലാതെയാണ് സിപിഎം ജില്ല സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഹരിത ഫിനാൻസ് ഉടമ രാജ് കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ച് മർദിച്ചത് ഇടുക്കി എസ്.പി കെ ബി വേണുഗോപാലിന്റെ അറിവോടെ എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സ്റ്റേഷൻ രേഖകളിലടക്കം ഉദ്യോഗസ്ഥർ മാറ്റം വരുത്താൻ ശ്രമിച്ചതിൽ എസ് പിക്കും പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ രാജ്കുമാറിന്റെ മരണത്തിൽ എസ്.പിയ്ക്ക് കുരുക്ക് മുറുകുന്നതിനിടെയാണ് കെ. ബി വേണുഗോപാലിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി ശിവരാമൻ നേരിട്ട് രംഗത്തെത്തിയത്.
എന്നാൽ ഇക്കാര്യത്തിൽ സിപിഎം ജില്ലാ നേതൃത്വം മൌനം പാലിക്കുകയാണ്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസുമായി ഒത്തുചേർന്ന് കട്ടപ്പന മുൻ DySP, നെടുങ്കണ്ടം സി ഐ, എസ് ഐ എന്നിവർ ഒത്തുകളിച്ചെന്നാണ് സിപിഎം നിലപാട്. എസ്.പിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് സിപിഐ ജില്ലാ നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
അതേസമയം പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങളുടെ കാര്യത്തിൽ ക്രൈംബ്രാഞ്ചിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. രാജ് കുമാറിനെ കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരുന്നതിന്റെയും പതിനാലിന് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന്റയും ദൃശ്യങ്ങളുണ്ട്. മറ്റ് ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിന് കാരണം മനപ്പൂർവം ഇത് നശിപ്പിച്ചതോ, സാങ്കേതിക തകരാറോ ആകാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.