• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആഭ്യന്തരം ഉൾപ്പെടെ ചില വകുപ്പുകൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി കുറവെന്ന വിമർശനവുമായി സിപിഐ; മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായി

ആഭ്യന്തരം ഉൾപ്പെടെ ചില വകുപ്പുകൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി കുറവെന്ന വിമർശനവുമായി സിപിഐ; മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായി

അൻവർ ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അപഹാസ്യമാക്കുന്നു, ജലീലിൻ്റെ വാക്കുകൾ മത നിരപേക്ഷതക്ക് ദോഷം ചെയ്യും

  • Last Updated :
  • Share this:
മലപ്പുറം: പി വി അൻവർ ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നുവെന്ന് സിപിഐ മലപ്പുറം ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. കെ.ടി. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും സിപിഐ കരുതുന്നു. ആഭ്യന്തരം ഉൾപ്പെടെ ഉള്ള വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് എതിരെയും സിപിഐ നിശിത വിമർശനം ഉന്നയിക്കുന്നുണ്ട്.

മഞ്ചേരിയിൽ ചേരുന്ന സിപിഐ 24-ാം  മലപ്പുറം ജില്ലാ സമ്മേളനത്തിൽ സർക്കാരിന് എതിരെ വിമർശനം. ആഭ്യന്തരം ഉൾപ്പടെ ചില വകുപ്പുകളുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവുണ്ട് എന്ന് രാഷ്ട്രീയ പ്രവർത്തന റിപ്പോർട്ട്. സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അജിത്ത് കൊളാടി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ ആണ് വിമർശങ്ങൾ.

ഇപ്പോഴത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ എൽഡിഎഫ് സർക്കാറുമായി താരതമ്യം ചെയ്യുമ്പോൾ അതിനൊപ്പം ഉയരാൻ ആകുന്നില്ല എന്ന് വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം ഉയരുന്നില്ല. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം പ്രകടമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യത ഉണ്ടായിരുന്നു. എന്നാലും സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്താനുള്ള അവധാനതയില്ലാതെ ആണ് വിധി നടപ്പിലാക്കാൻ ശ്രമിച്ചത്. ഇത് യുഡിഎഫ് ആർഎസ്എസ് ബന്ധത്തിന് അടിവളം ഇടാൻ കാരണമായി. 2019ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിനും കാരണമായത് ഇതാണ്.

മത സാമുദായിക ശക്തികളോട് അനാവശ്യമായ മമത കാണിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇടതുപക്ഷ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത് ഗുണകരമല്ല. തീരദേശ മേഖലയിലും മലയോര മേഖലയിലും കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങളും പദ്ധതികളും ജനവികാരം കണക്കിലെടുക്കാത്തതാകുമ്പോൾ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

നിലമ്പൂർ എംഎൽഎ പി വി അൻവറി നും കെ.ടി.ജലീലിനും എതിരെ വിമർശനം ഉയർന്നു. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുകയാണ്. അൻവറിന്റെ നടപടികൾ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവർ പുലർത്തേണ്ടതാണ് എന്ന് സിപിഐ റിപ്പോർട്ടിൽ പറയുന്നു. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നാണ് സിപിഐ നിരീക്ഷണം.

പെരിന്തൽമണ്ണ, കൊണ്ടോട്ടി മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം പുതിയ പ്രവണതകൾക്ക് വഴി വെക്കുന്നു എന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മുന്നണി എന്ന നിലയിൽ ഐക്യത്തോടെ മുന്നോട്ട് പോകുന്നതിൽ തുടർച്ചയായി വിഷമങ്ങൾ ഉണ്ടാകുന്നു എന്നും സിപിഐ വിലയിരുത്തുന്നുണ്ട്.

നേരത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആണ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഗവർണർക്ക് എതിരെ അതിരൂക്ഷ വിമർശനങ്ങൾ ആണ് കാനം രാജേന്ദ്രൻ ഉന്നയിച്ചത്. ഗവർണർ പദവി തന്നെ അനാവശ്യമാണ്. അത് ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനം ആണ്. ഗവർണർ പദവി ആവശ്യമില്ലാത്ത ഒരു പണി ആണ്. ഇപ്പോൾ അതിൻ്റെ അവശ്യം ഉണ്ടോ എന്ന് ചിന്തിക്കണം. കാനം ചോദിച്ചു.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിയമ സഭ പാസാക്കിയ നിയമം പരിശോധിക്കണം എന്ന് പറഞ്ഞ് ഗവർണർ മാറ്റി വെച്ച് കൊണ്ടിരിക്കുക ആണ്. ഇത് രാജ്യ ഭരണം അല്ല, ജനാധിപത്യം ആണ്. ഗവർണർ ശ്രമിക്കുന്നത് പുതിയ വിവാദം ഉണ്ടാക്കാൻ ആണ്. ജനാധിപത്യത്തിന് അപമാനം ആണ് ഈ ഗവർണർ.  " ഇപ്പോൾ മുഖ്യമന്ത്രി അയച്ച എന്തോ കത്ത് പുറത്ത് വിടും എന്ന് പറഞ്ഞാണ് ഭീഷണി. പ്രസിദ്ധപ്പെടുത്തട്ടെ, പ്രേമലേഖനം ഒന്നും അല്ലല്ലോ " കാനം പറഞ്ഞു.
Published by:Anuraj GR
First published: